കേദാർനാഥിൽ നിന്ന് മടങ്ങുകയായിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന്, ചാർധാം യാത്രാ റൂട്ടിലെ ഹെലികോപ്റ്റർ സർവീസുകൾ രണ്ട് ദിവസത്തേക്ക് നിർത്തിവെച്ചു. ഞായറാഴ്ച രാവിലെ നടന്ന ഈ അപകടത്തിൽ പൈലറ്റ് ഉൾപ്പെടെ ഏഴുപേർ മരിച്ചിരുന്നു.
കാലാവസ്ഥ മോശമാണെന്നും യാത്രക്കാരുടെ സുരക്ഷയാണ് സംസ്ഥാന സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മുതിർന്ന ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേർന്ന ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Also Read: അൽപ്പം ആശ്വസിക്കാം; രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്
സംസ്ഥാനത്തെ ഹെലികോപ്റ്റർ പ്രവർത്തനങ്ങൾക്കായി കർശനമായ എസ്.ഒ.പി (Standard Operating Procedure) പുറപ്പെടുവിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും, ഇവിടെ ഒരു നിയന്ത്രണ, കമാൻഡ് സെന്റർ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“സംസ്ഥാനത്തെ ഹെലികോപ്റ്റർ പ്രവർത്തനങ്ങളിൽ ഡിജിസിഎ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. മുകളിലെ ഹിമാലയൻ മേഖലയിൽ പറക്കുന്ന പൈലറ്റുമാർക്ക് പരിചയസമ്പന്നത ഉറപ്പാക്കണം,” അടിയന്തര യോഗത്തിന് ശേഷം മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ധാമി പറഞ്ഞു. വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന ഈ യോഗത്തിൽ ചീഫ് സെക്രട്ടറി ആനന്ദ് ബർദൻ, ടൂറിസം, സിവിൽ ഏവിയേഷൻ സെക്രട്ടറി സച്ചിൻ കുർവെ, ദുരന്തനിവാരണ സെക്രട്ടറി വിനോദ് കുമാർ സുമൻ, യുസിഎഡിഎ (ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് അതോറിറ്റി), ഡിജിസിഎ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.