ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായാണ് ശശി തരൂര്‍ എംപി കൂടിക്കാഴ്ച നടത്തിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പ്രശ്നങ്ങളൊന്നുമില്ലെന്നും എല്ലാം കൂളാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാടിനൊപ്പമാണ് ശശി തരൂരെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
Also Read:‘ഹിന്ദി അടിച്ചേല്‍പിക്കരുതെന്ന വിജയ്യുടെ പ്രസ്താവന ഇരട്ടത്താപ്പ്’; അണ്ണാമലൈ
കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയേയും മോദി-ട്രംപ് കൂടിക്കാഴ്ചയേയും പ്രശംസിച്ച് തരൂര്‍ രംഗത്തെത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ശശി തരൂരിനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ വസതിയില്‍വെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുമായി തരൂര്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ കെ സി വേണുഗോപാലും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വീട്ടിലും ചര്‍ച്ച നടന്നതായാണ് വിവരം. ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധിയും കെ സി വേണുഗോപാലും ചര്‍ച്ച നടത്തി. ശശി തരൂര്‍ ഇവിടെ എത്തിയെങ്കിലും പെട്ടെന്നുതന്നെ മടങ്ങി. പ്രിയങ്കയും രാഹുലിനൊപ്പമുണ്ടായിരുന്നതായാണ് വിവരം.