വിട്ടുകൊടുക്കാതെ കെ.സി, എണ്ണം മാത്രമല്ല മാനദണ്ഡമെന്ന് സതീശൻ; മുഖ്യമന്ത്രി കസേരയ്ക്കായി കോൺഗ്രസിൽ പോര് മുറുകുന്നു

നിരീക്ഷകർ ഡൽഹിയിൽ മടങ്ങിയെത്തി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകിയ ശേഷം ഞായറാഴ്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന

വിട്ടുകൊടുക്കാതെ കെ.സി, എണ്ണം മാത്രമല്ല മാനദണ്ഡമെന്ന് സതീശൻ; മുഖ്യമന്ത്രി കസേരയ്ക്കായി കോൺഗ്രസിൽ പോര് മുറുകുന്നു
വിട്ടുകൊടുക്കാതെ കെ.സി, എണ്ണം മാത്രമല്ല മാനദണ്ഡമെന്ന് സതീശൻ; മുഖ്യമന്ത്രി കസേരയ്ക്കായി കോൺഗ്രസിൽ പോര് മുറുകുന്നു

കോൺഗ്രസ് നിയമസഭാ കക്ഷിയോഗം കെപിസിസി ആസ്ഥാനത്ത് പുരോഗമിക്കെ, മുഖ്യമന്ത്രി പദത്തിനായുള്ള നേതാക്കളുടെ ചരടുവലികൾ തെരുവിലേക്കും ഗ്രൂപ്പ് പോരിലേക്കും നീങ്ങുന്നു. എഐസിസി നിരീക്ഷകരാവരുടെ സാന്നിധ്യത്തിലാണ് എംഎൽഎമാരുടെ യോഗം ചേരുന്നത്. മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് കെ.സി. വേണുഗോപാൽ തന്നെ അനുകൂലിക്കുന്ന എംഎൽഎമാരെ അറിയിച്ചു. 47 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് കെ.സി വിഭാഗം അവകാശപ്പെടുന്നത്. ഭൂരിപക്ഷം തെളിയിച്ചാൽ രാഹുൽ ഗാന്ധിയുടെ പച്ചക്കൊടി ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ഇതിനിടെ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ നിരീക്ഷകർക്ക് കത്ത് നൽകിയത് ചെന്നിത്തല, സതീശൻ ക്യാമ്പുകളെ ഞെട്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ നിശ്ചയിക്കുമ്പോൾ എംഎൽഎമാരുടെ എണ്ണം മാത്രം പരിഗണിക്കരുതെന്ന് വി.ഡി. സതീശൻ നിരീക്ഷകരോട് ആവശ്യപ്പെട്ടു. പാർട്ടിയുടെ പ്രതിച്ഛായയും ഭരണപരമായ നൈപുണ്യവും ഉൾപ്പെടെയുള്ള എല്ലാ ഘടകങ്ങളും ഹൈക്കമാൻഡ് പരിശോധിക്കണമെന്നാണ് സതീശൻ ക്യാമ്പിന്റെ ആവശ്യം. നിലവിൽ 9 എംഎൽഎമാരുടെ പിന്തുണയാണ് ഇവർ അവകാശപ്പെടുന്നത്.

Also Read: മുഖ്യമന്ത്രി ചർച്ച! ലീഗ് നിലപാടിനെതിരെ മാത്യു കുഴൽനാടൻ; പരസ്പര ധാരണയോടെ മുന്നോട്ട് പോകണം

കുറഞ്ഞത് 16 എംഎൽഎമാരെങ്കിലും തനിക്കൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് രമേശ് ചെന്നിത്തല. എന്നാൽ, എംഎൽഎമാരെ ഒപ്പം നിർത്താൻ ഗ്രൂപ്പ് മാനേജർമാർ മന്ത്രിസ്ഥാനം വരെ വാഗ്ദാനം ചെയ്യുന്നതായും സൂചനയുണ്ട്. നിരീക്ഷകർ ഓരോ എംഎൽഎമാരെയും നേരിട്ട് കണ്ട് അഭിപ്രായം രേഖപ്പെടുത്തും.
മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള അധികാരം ഹൈക്കമാൻഡിന് വിട്ടുകൊണ്ട് യോഗത്തിൽ പ്രമേയം പാസാക്കും. വൈകുന്നേരം ഘടകകക്ഷി നേതാക്കളുമായും നിരീക്ഷകർ ചർച്ച നടത്തും. നിരീക്ഷകർ ഡൽഹിയിൽ മടങ്ങിയെത്തി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകിയ ശേഷം ഞായറാഴ്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

Share Email
Top