യുഎസിൽ കാസ്‌പെർസ്‌കി ആന്റി വൈറസ് നിരോധിച്ചു

യുഎസിൽ കാസ്‌പെർസ്‌കി ആന്റി വൈറസ് നിരോധിച്ചു

സൈബർ സുരക്ഷാ കമ്പനിയായ കാസ്‌പെർസ്‌കിയുടെ ജനപ്രിയ ആന്റി വൈറസ് സോഫ്റ്റ്‌വെയറുകളുടെ വിൽപന നിരോധിച്ച് യുഎസ്. ജോ ബൈഡൻ ഭരണകൂടമാണ് റഷ്യൻ കമ്പനിയുടെ ഉൽപന്നങ്ങൾ നിരോധിച്ച് ഉത്തരവിറക്കിയത്. സർക്കാർ സ്ഥാപനങ്ങൾക്കു പുറമെ ബിസിനസ് സ്ഥാപനങ്ങൾക്കും സാധാരണ ഉപഭോക്താക്കൾക്കുമെല്ലാം ഉത്തരവ് ബാധകമാണ്.

സൈബർ സുരക്ഷാ ഭീഷണിയെ തുടർന്നാണ് നടപടിയെന്നാണ് യു.എസ് വാണിജ്യ വകുപ്പിന്റെ വിശദീകരണം. കാസ്‌പെർസ്‌കി ലാബ് ഉൾപ്പെടെയുള്ള റഷ്യൻ കമ്പനികളെ ആയുധമാക്കി രഹസ്യ യുഎസ് വിവരങ്ങൾ ചോർത്താനാകുമെന്ന് റഷ്യൻ ഭരണകൂടം പലതവണ വ്യക്തമാക്കിയതാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് അമേരിക്കയ്ക്കും യു.എസ് പൗരന്മാർക്കും അപകടം സൃഷ്ടിക്കാൻ നോക്കുന്ന ശത്രുക്കൾക്കെല്ലാമുള്ള മുന്നറിയിപ്പാണിതെന്നും അവർ വ്യക്തമാക്കി.

നിരോധനം ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെങ്കിലും സെപ്റ്റംബർ 29 വരെ യുഎസിൽ പ്രവർത്തിക്കാൻ കാസ്‌പെർസ്‌കിക്ക് അനുമതി നൽകിയിട്ടുണ്ട്. സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ ഉൾപ്പെടെയുള്ള ഏതാനും സേവനങ്ങൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. കൂടുതൽ യോജിച്ച ബദൽ സോഫ്റ്റ്‌വെയറുകൾ കണ്ടെത്തുന്നതു വരെ രാജ്യത്തെ ബിസിനസ് സംരംഭങ്ങളുടെയും ഉപയോക്താക്കളുടെയും പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനാണ് ഇത്തരമൊരു തീരുമാനം. ഈ സമയം വരെ കാസ്‌പെർസ്‌കിയുടെ ആന്റി വൈറസുകൾ ഉപയോഗിക്കുന്നതിനു സാധാരണക്കാർക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വിലക്കില്ല. സെപ്റ്റംബറിനു മുൻപ് പുതിയ സോഫ്റ്റ്‌വെയറുകൾ കണ്ടെത്തണമെന്നാണ് വാണിജ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഇതിനുശേഷം കാസ്‌പെർസ്‌കിയുടെ ആന്റി വൈറസുകൾ വിൽപന നടത്തിയാൽ കനത്ത പിഴ നേരിടേണ്ടിവരും. മനഃപൂർവം നിയമം ലംഘിക്കുന്നത് കണ്ടെത്തിയാൽ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കും. അതേസമയം, ഉപഭോക്താക്കൾക്കെതിരെ നടപടിയുണ്ടാകില്ലെന്നാണ് അറിയുന്നത്.

മോസ്‌കോ ആസ്ഥാനമായുള്ള കാസ്‌പെർസ്‌കിക്ക് 31 രാഷ്ട്രങ്ങളിൽ ഓഫിസുകളുണ്ട്. 200 രാജ്യങ്ങളിലായി 2,70,000 കോർപറേറ്റ് കമ്പനികളിൽ കാസ്‌പെർസ്‌കി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറമെ 40 കോടി ഉപഭോക്താക്കളുമുണ്ടെന്നാണ് വിവരം. പ്രമുഖ ഇറ്റാലിയൻ വാഹന നിർമാതാക്കളായ പ്യാജിയോ, ഫോക്‌സ്‌വാഗൻ, ഖത്തർ ഒളിംപിക്‌സ് കമ്മിറ്റി ഉൾപ്പെടെ തങ്ങളുടെ ഉപഭോക്താക്കളാണെന്ന് കമ്പനിയുടെ വെബ്‌സൈറ്റിൽ സൂചിപ്പിക്കുന്നുണ്ട്.

കാസ്‌പെർസ്‌കിക്ക് റഷ്യൻ ഇന്റലിജൻസ് വിഭാഗവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇതിനുമുൻപും കമ്പനിക്കെതിരെ യുഎസിൽ നടപടിയുണ്ടായിരുന്നു. 2017ലാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് നടപടി സ്വീകരിച്ചത്. റഷ്യൻ കമ്പനികളെ ചൂഷണം ചെയ്ത് ചാരപ്രവർത്തനവും രഹസ്യവിവരങ്ങൾ ചോർത്തലും നടത്തുന്നുവെന്നാണ് ആരോപണമുയർന്നിരുന്നത്. റഷ്യയുടെ യുക്രൈൻ ആക്രമണത്തിനുശേഷവും കാസ്‌പെർസ്‌കിയുടെ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കരുതെന്ന് യുഎസ് കമ്പനികൾക്ക് ഭരണകൂടം മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ റഷ്യൻ ഭരണകൂടത്തിന് രഹസ്യങ്ങൾ ചോർത്തുന്നുവെന്ന ആരോപണങ്ങൾ കാസ്‌പെർസ്‌കി നിഷേധിച്ചിട്ടുണ്ട്.

Top