കാസർകോട് ജില്ലാ സഹകരണ ബാങ്ക് കോഴ നിയമന കേസ്! 30 വർഷമായി വിചാരണ പോലുമില്ല; പകുതി പ്രതികളും മരിച്ചു

നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമെന്ന യാഥാർത്ഥ്യം അടിവരയിടുന്നതാണ് മൂന്നു പതിറ്റാണ്ടിലേറെയായി തലശ്ശേരി വിജിലൻസ് കോടതിയുടെ പരിഗണനയിലുള്ള കാസർകോട് ജില്ലാ സഹകരണ ബാങ്ക് നിയമന അഴിമതി കേസ്

കാസർകോട് ജില്ലാ സഹകരണ ബാങ്ക് കോഴ നിയമന കേസ്! 30 വർഷമായി വിചാരണ പോലുമില്ല; പകുതി പ്രതികളും മരിച്ചു
കാസർകോട് ജില്ലാ സഹകരണ ബാങ്ക് കോഴ നിയമന കേസ്! 30 വർഷമായി വിചാരണ പോലുമില്ല; പകുതി പ്രതികളും മരിച്ചു

തിരുവനന്തപുരം: നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമെന്ന യാഥാർത്ഥ്യം അടിവരയിടുന്നതാണ് മൂന്നു പതിറ്റാണ്ടിലേറെയായി തലശ്ശേരി വിജിലൻസ് കോടതിയുടെ പരിഗണനയിലുള്ള കാസർകോട് ജില്ലാ സഹകരണ ബാങ്ക് നിയമന അഴിമതി കേസ്. 24 പ്രതികളുള്ള ഈ കേസിൽ വിചാരണ പോലും ആരംഭിക്കാത്തതിനാൽ ഇതിനകം 12 പ്രതികളാണ് മരണപ്പെട്ടത്.

ബാങ്കിലെ 123 തസ്തികകളിലേക്ക് ഡയറക്ടർമാർ ഉദ്യോഗാർത്ഥികളിൽ നിന്ന് കോഴ വാങ്ങി സ്വജനപക്ഷപാതപരമായി നിയമനം നടത്തിയെന്നാണ് കേസ്. ബാങ്ക് വൈസ് പ്രസിഡന്റും സി.എം.പി. നേതാവുമായിരുന്ന വി.കെ.രവീന്ദ്രന്റെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചതെങ്കിലും, പിന്നീട് അദ്ദേഹവും പ്രതിപ്പട്ടികയിലായി. അപേക്ഷകർക്ക് പൊതുവായി പരീക്ഷ നടത്തിയെങ്കിലും, കോഴ നൽകിയവർക്ക് രഹസ്യ കേന്ദ്രത്തിൽ മുൻകൂട്ടി ചോദ്യക്കടലാസ് നൽകിയും അഭിമുഖത്തിൽ മാർക്ക് കൂട്ടിക്കൊടുത്തും നടത്തിയ തിരിമറികൾ അന്നത്തെ കാസർകോട് ജില്ലാ പോലീസ് സൂപ്രണ്ട് വിൻസൻ എം.പോൾ, സർക്കിൾ ഇൻസ്‌‌പെക്ടർ എ.വി.ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

Also Read: മുട്ടിൽ മരംമുറി; വിവാദ ഉത്തരവ് ആദ്യം കിട്ടിയത് ആർക്കായിരുന്നു..! മൊഴിയിൽ നിർണായക സൂചന

അന്ന് കോഴ നൽകി ജോലി നേടിയ മുഴുവൻ പേരെയും പിന്നീട് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പിരിച്ചുവിട്ടിരുന്നു. സുപ്രീം കോടതിയും ഈ വിധി ശരിവെച്ചതോടെ മറ്റ് ജോലികൾ ഉപേക്ഷിച്ചെത്തിയ പല ഉദ്യോഗാർത്ഥികളുടെയും ജീവിതം പ്രതിസന്ധിയിലായി. ഈ കോഴ നിയമന വിവാദത്തെ തുടർന്നുള്ള നിയമനടടികളാണ് പിന്നീട് കേരളത്തിലെ സഹകരണ ബാങ്ക് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ കാരണമായത്.

അഡ്വ. സി.കെ.ശ്രീധരൻ, കൊട്ടറ വാസുദേവ്, വി.കെ.രവീന്ദ്രൻ, ആയിഷ അബ്ദുള്ള തുടങ്ങി നിരവധി പ്രമുഖർ പ്രതികളായുള്ള കേസ്, ജഡ്ജി കെ.രാമകൃഷ്ണൻ മുമ്പാകെ എത്തിയെങ്കിലും ഡിസംബർ 31-ലേക്ക് വീണ്ടും മാറ്റിയിരിക്കുകയാണ്. പ്രതികൾ ഓരോരുത്തരായി മരിച്ചുമണഞ്ഞുപോകുന്ന അവസ്ഥയിലും കുറ്റപത്രം വായിച്ചുകേൾപ്പിക്കാൻ പോലും തയ്യാറാകാത്ത വിജിലൻസ് കോടതിയുടെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

Share Email
Top