കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; എം എം വര്‍ഗീസ് ഇന്ന് വീണ്ടും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായേക്കും

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; എം എം വര്‍ഗീസ് ഇന്ന് വീണ്ടും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായേക്കും

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇന്ന് വീണ്ടും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായേക്കും. കേസില്‍ ബുധനാഴ്ച്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ച് തിങ്കളാഴ്ച്ച ഇഡി എം എം വര്‍ഗീസിന് നോട്ടീസയച്ചിരുന്നു. എന്നാല്‍ മെയ് ദിനം ആയതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന വര്‍ഗീസിന്റെ മറുപടി ഇഡി തള്ളി. തിരിച്ചടക്കാന്‍ വേണ്ടി വര്‍ഗീസ് ഇന്നലെ ബാങ്കില്‍ എത്തിച്ച പാര്‍ട്ടിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ ദിവസം എംഎം വര്‍ഗീസിനെ ഒന്‍പത് മണിക്കൂറിലേറെ ഇ ഡി ചോദ്യം ചെയ്തിരുന്നു. സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെയും കീഴ്ഘടകങ്ങളുടെയും സ്വത്ത് വിവരങ്ങളാണ് ചോദ്യം ചെയ്യലില്‍ ഇഡി ചോദിച്ചറിഞ്ഞത്. ഇത് ഏഴാം തവണയാണ് വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. ഏരിയാ കമ്മിറ്റികളുടെ അടക്കം വിവിധ പാര്‍ട്ടി കമ്മിറ്റികളുടെ പേരിലുള്ള മുഴുവന്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ബിനാമി വായ്പകള്‍ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. കരുവന്നൂര്‍ കള്ളപണ ഇടപാട് കേസില്‍ വര്‍ഗീസിന് പുറമെ സിപിഐഎം നേതാക്കളായ പികെ ബിജു, എസി മൊയ്തീന്‍ എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു.

തൃശ്ശൂരില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ച പണം തിരിച്ചടക്കാനായി കൊണ്ടുവന്നപ്പോഴാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. ബാങ്ക് ജീവനക്കാര്‍ അറിയിച്ചതിനേത്തുടര്‍ന്ന് ബാങ്കില്‍ എത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുക്കുകയായിരുന്നു. കണക്കില്‍ പെടാത്ത പണമെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. നടപടികള്‍ തുടരുമെന്നാണ് ആദായ നികുതി വകുപ്പ് അറിയിച്ചത്. അതേസമയം എം എം വര്‍ഗീസ് ചോദ്യം ചെയ്യലിന് ഹാജരാകുന്നുണ്ടെങ്കിലും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഇഡി പറയുന്നത്.

Top