ബലാത്സംഗക്കേസിലെ പരാതിക്കാരിയെ വിവാഹം കഴിക്കാന്‍ പ്രതിക്ക് ജാമ്യം അനുവദിച്ച് കര്‍ണാടക ഹൈക്കോടതി

ബലാത്സംഗക്കേസിലെ പരാതിക്കാരിയെ വിവാഹം കഴിക്കാന്‍ പ്രതിക്ക് ജാമ്യം അനുവദിച്ച് കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: ബലാത്സംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പ്രതിയായ 23കാരന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. പെണ്‍കുട്ടിക്ക് അടുത്തിടെ 18 വയസ്സ് തികഞ്ഞിരുന്നു. 15 ദിവസത്തെ ജാമ്യമാണ് കോടതി അനുവദിച്ചത്. വിവാഹത്തിന് രണ്ട് കുടുംബങ്ങളും സമ്മതം മൂളി.

മാതാപിതാക്കള്‍ക്കും പെണ്‍കുട്ടിയുടെ അമ്മയ്ക്കും വിവാഹം നടത്താന്‍ താല്‍പ്പര്യമുള്ളതിനാല്‍ തനിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എം നാഗപ്രസന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അമ്മയെ പിന്തുണയ്ക്കുകയുമാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്നും കോടതി പറഞ്ഞു.

മൈസൂരു ജില്ലയില്‍ നിന്നുള്ള യുവാവിനെ 2023 ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്. 16 വയസും ഒമ്പത് മാസവും പ്രായമുള്ള തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ പിതാവ് പ്രതിയാണെന്നും സ്ഥിരീകരിച്ചു.

അമ്മ കുട്ടിയെ വളര്‍ത്തിക്കൊണ്ടുവരേണ്ടതിനാല്‍, കേസിന്റെ വസ്തുതകളിലും സാഹചര്യങ്ങളിലും ലഭിച്ച പ്രത്യേകത കണക്കിലെടുത്താണ് ഈ നടപടി എടുത്തത്. എന്താണ് സംഭവിച്ചതെന്ന് നവജാതശിശുവിന് അറിയില്ല. ഭാവിയില്‍ ഒരു തരത്തിലുമുള്ള അപമാനവും അത് അനുഭവിക്കരുത്. അതിനാല്‍ കുട്ടിയുടെ താല്‍പ്പര്യവും കുട്ടിയെ വളര്‍ത്തുന്നതില്‍ അമ്മയുടെ ഉത്തരവാദിത്തവും സംരക്ഷിക്കുന്നതിന് ഈ നിര്‍ദേശം പുറപ്പെടുവിക്കേണ്ടത് ആവശ്യമാണെന്നാണ് കോടതിയുടെ നിരീക്ഷണം.

Top