കാപ്പാ കേസ് പ്രതി ഒടുവിൽ കുടുങ്ങി; പരിചയക്കാരിയുടെ വീട്ടിൽ പാതിരാത്രിയിൽ കൊടുമൺ പോലീസിന്റെ സാഹസിക ഓപ്പറേഷൻ

തിരുവനന്തപുരം തിരുപുറത്തുള്ള ഒരു പരിചയക്കാരിയുടെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ജൂലൈ 10 അർധരാത്രിക്ക് ശേഷം നടത്തിയ അതീവ രഹസ്യവും സാഹസികവുമായ ഓപ്പറേഷനിലൂടെയാണ് പോലീസ് സംഘം കീഴ്പ്പെടുത്തിയത്

കാപ്പാ കേസ് പ്രതി ഒടുവിൽ കുടുങ്ങി; പരിചയക്കാരിയുടെ വീട്ടിൽ പാതിരാത്രിയിൽ കൊടുമൺ പോലീസിന്റെ സാഹസിക ഓപ്പറേഷൻ
കാപ്പാ കേസ് പ്രതി ഒടുവിൽ കുടുങ്ങി; പരിചയക്കാരിയുടെ വീട്ടിൽ പാതിരാത്രിയിൽ കൊടുമൺ പോലീസിന്റെ സാഹസിക ഓപ്പറേഷൻ

പത്തനംതിട്ട: പോലീസിനെ വെട്ടിച്ച് മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രമുഖ ക്വട്ടേഷൻ സംഘാംഗവും കാപ്പാ കേസ് പ്രതിയുമായ അങ്ങാടിക്കൽ വടക്ക് സ്വദേശി കിച്ചു എന്ന കാർത്തിക് (30) ഒടുവിൽ കൊടുമൺ പോലീസിന്റെ വലയിലായി. തിരുവനന്തപുരം തിരുപുറത്തുള്ള ഒരു പരിചയക്കാരിയുടെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ജൂലൈ 10 അർധരാത്രിക്ക് ശേഷം നടത്തിയ അതീവ രഹസ്യവും സാഹസികവുമായ ഓപ്പറേഷനിലൂടെയാണ് പോലീസ് സംഘം കീഴ്പ്പെടുത്തിയത്. പോലീസ് എത്തുമ്പോഴേക്കും അടുക്കളഭാഗത്തു കൂടെ രക്ഷപ്പെടാൻ ശ്രമിക്കുകയും പോലീസുകാരെ അക്രമിക്കാൻ മുതിരുകയും ചെയ്ത പ്രതിയെ മൽപ്പിടിത്തത്തിലൂടെയാണ് പോലീസ് സംഘം ബന്ധനസ്ഥനാക്കിയത്.

തൃശ്ശൂർ രാഗം തിയേറ്റർ ഉടമ സുനിലിനെ വധിക്കാൻ ശ്രമിച്ച കേസ് ഉൾപ്പെടെ കൊലപാതകശ്രമം, മോഷണം, കുഴൽപ്പണം, സ്വർണക്കടത്ത് തുടങ്ങി നിരവധി ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയാണ് കാർത്തിക്. തൃശ്ശൂർ ജില്ല കേന്ദ്രീകരിച്ച് വൻ ക്രിമിനൽ ശൃംഖലയുള്ള ഇയാൾ, പോലീസ് പിടികൂടാൻ എത്തുമ്പോഴൊക്കെ തന്ത്രപരമായി രക്ഷപ്പെടുകയും പിന്നീട് കോടതിയിൽ നേരിട്ട് കീഴടങ്ങുകയുമായിരുന്നു പതിവ്. പ്രതി തൃശ്ശൂരിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും അവിടെനിന്നും ഒളിവിൽ പോവുകയായിരുന്നു.

Also Read: കുടുംബവഴക്ക് വിനയായി; 36 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി മൈസൂരുവിൽ പിടിയിൽ

തുടർന്ന് പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് ആനന്ദിന്റെ പ്രത്യേക നിർദേശപ്രകാരം കൊടുമൺ എസ്.എച്ച്.ഒ. ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐ. ജെ.യു. ജിനു, സി.പി.ഒ.മാരായ അഭിലാഷ്, ബിൻഷാദ്, അനൂപ് എന്നിവരടങ്ങുന്ന നാലംഗ സംഘം തിരുവനന്തപുരത്തെത്തി വീട് നിരീക്ഷിച്ചാണ് പാതിരാത്രിയിൽ ഈ നിർണായക അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂലൈ 11 കൊടുമൺ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതി നിർദേശപ്രകാരം ആറ് മാസത്തേക്ക് കരുതൽ തടങ്കലിനായി ജയിലിലേക്ക് മാറ്റി.

Share Email
Top