പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ ‘കണ്ണപ്പ’ എന്ന ചിത്രത്തിൽ അക്ഷയ് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിൽ ‘ലോർഡ് ശിവ’ എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാർ അവതരിപ്പിക്കുന്നത്. ‘മൂന്ന് ലോകങ്ങളെയും അടക്കി ഭരിക്കുന്ന മഹോന്നത ദൈവം വിശുദ്ധമായ ഭക്തിയ്ക്ക് മുന്നിൽ സമർപ്പിക്കപ്പെടുന്നു’ എന്നാണ് അക്ഷയ് കുമാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മുകേഷ് കുമാർ സിങ് ആണ്. ചിത്രം 2025 ഏപ്രിൽ 25 ന് ആഗോള റിലീസായി തീയറ്ററിലെത്തും. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്റര്‍ടെയ്‌ൻമെന്റ്‌സ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.
Also Read: ടൊവിനോയ്ക്ക് ജന്മദിനാശംസകളുമായി ‘ജതിൻ രാംദാസ്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
അതേസമയം കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് നിർമ്മിക്കുന്നത്. മുകേഷ് കുമാര്‍ സിംഗ്, വിഷ്‌ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണം രചിച്ചിരിക്കുന്നത്. അക്ഷയ് കുമാറിനെ കൂടാതെ പ്രഭാസ്, മോഹൻലാൽ എന്നിവരും ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുന്നുണ്ട്. മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു.