കണ്ടല ബാങ്ക് തട്ടിപ്പ്; പരാതി രണ്ട് വര്‍ഷത്തിന് ശേഷം, ക്രിമിനല്‍ ഗൂഢാലോചനയില്‍ കേസ്

കണ്ടല ബാങ്ക് തട്ടിപ്പ്; പരാതി രണ്ട് വര്‍ഷത്തിന് ശേഷം, ക്രിമിനല്‍ ഗൂഢാലോചനയില്‍ കേസ്

തിരുവനന്തപുരം: കണ്ടല ബാങ്കില്‍ 101 കോടി രൂപയുടെ ക്രമക്കേട് നടത്തിയ എന്‍ ഭാസുരാംഗനെതിരെ രണ്ട് വര്‍ഷത്തിന് ശേഷം പൊലീസില്‍ സഹകരണ വകുപ്പിന്റെ പരാതി. ഭാസുരാംഗന്‍ 101 കോടി രൂപയുടെ അഴിമതി നടത്തിയെന്ന സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ പരാതിയില്‍ മാറനെല്ലൂര്‍ പൊലീസ് കേസെടുത്തു. ക്രിമിനല്‍ ഗൂഢാലോചന അടക്കമുള്ള ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ഭാസുരാംഗനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് 101 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് സഹകരണ വകുപ്പ് തന്നെ കണ്ടെത്തിയിട്ടും ഇത്രകാലം ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.

2005 മുതല്‍ എന്‍ ഭാസുരാംഗന്‍ കണ്ടല ബാങ്കില്‍ നടത്തിയ അഴിമതികള്‍ അക്കമിട്ട് നിരത്തിയ റിപ്പോര്‍ട്ട് സഹകരണ വകുപ്പിന്റെ കയ്യിലെത്തിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. ഭാസുരാംഗനെ സംരക്ഷിക്കാന്‍ ഇഡി വരുന്നത് വരെ ആ റിപ്പോര്‍ട്ട് സഹകരണ വകുപ്പ് പൂഴ്ത്തി. ഇത്ര വലിയ ക്രമക്കേട് നടത്തിയിട്ടും സഹകരണ വകുപ്പ് പൊലീസില്‍ പരാതി കൊടുക്കാന്‍ പോലും തയ്യാറായില്ല. പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ കൊടുത്ത പരാതിയില്‍ ഇതിനകം 60 ലേറെ കേസുകള്‍ മാറനെല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അതില്‍ ഒന്നും സംഭവിച്ചില്ല.ഇതിനിടെയാണ് കഴിഞ്ഞമാസം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ മാറനെല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഭാസുരാംഗന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി നിക്ഷേപകരെ ചതിച്ച് 2005 മുതല്‍ കുറ്റകരമായ ഗൂഢാലോചന നടത്തി അഴിമതി നടത്തിയെന്നാണ് പൊലീസ് എടുത്ത എഫ്‌ഐആറിന്റെ ഉള്ളടക്കം. അനുമതിയില്ലാതെ 21 ജീവനക്കാരെ നിയമിച്ചു. അനുമതി വാങ്ങാതെ നിര്‍മാണ പ്രവൃത്തികള്‍ നടത്തി. നിയമവിരുദ്ധമായി വായ്പകള്‍ നല്‍കി. നിക്ഷേപങ്ങള്‍ക്ക് അനധികൃതമായി പലിശ നല്‍കി. നിയമവിരുദ്ധമായി ബാങ്ക് ശാഖ മാറ്റി സ്ഥാപിച്ചു. തെളിവുകള്‍ നശിപ്പിച്ചു. ആശുപത്രിയുടെ നിക്ഷേപത്തില്‍ നിന്ന് പണം വകമാറ്റി. ചിട്ടി പണം വക മാറ്റി. ഇങ്ങനെ ആകെ 101 കോടി 67858 രൂപയുടെ അഴിമതി ഭാസുരാംഗനും സംഘവും നടത്തിയെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. ഇതാദ്യമായാണ് ഭാസുരാംഗന്‍ 101 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് സഹകരണ വകുപ്പ് തന്നെ പറയുന്നത്.

രണ്ടുവര്‍ഷം മുമ്പ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടും സഹകരണ വകുപ്പ് ക്രിമിനല്‍ നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല. ഒടുവില്‍ ഇഡിയുടെ കസ്റ്റഡിയിലായ ശേഷമാണ് 101 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് സ്ഥിരീകരിച്ച് സഹകരണ വകുപ്പ് പൊലീസില്‍ പരാതി നല്‍കുന്നതും പൊലീസ് കേസെടുക്കുന്നതും.

Top