ഷാർജ: കൽബ നഗരത്തെ ആധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിക്കുന്ന വൻകിട വികസന പദ്ധതികൾ വരും ഡിസംബറോടെ പൂർത്തിയാകുമെന്ന് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അറിയിച്ചു. 2019-ൽ തുടക്കം കുറിച്ച നഗര നവീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ ഏഴ് വർഷമായി സജീവമായി നടന്നു വരികയാണ്. ഡിസംബറോടെ കൽബയുടെ പ്രകൃതിഭംഗിയും പൈതൃകവും ഒത്തുചേരുന്ന ഒട്ടേറെ പുതിയ കേന്ദ്രങ്ങൾ സന്ദർശകർക്കായി തുറന്നുകൊടുക്കും.
പദ്ധതിയുടെ പ്രധാന ആകർഷണമായ ജബൽ ഡീം അതിന്റെ ഹരിത പ്രദേശങ്ങളും വിപുലമായ വിശ്രമ സൗകര്യങ്ങളുമായി സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനു പുറമെ അൽ ഹയർ പ്രോജക്ട്, നവീകരിച്ച വാദി അൽ ഹിലോ റോഡുകൾ, കൽബ കോർണിഷ് എന്നിവയും ഡിസംബറിൽ ഉദ്ഘാടനം ചെയ്യും. നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം പൈതൃക സംരക്ഷണത്തിനും പദ്ധതിയിൽ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രദേശത്തെ പഴയ വീടുകൾ വാടക ലോഡ്ജുകളാക്കി മാറ്റുകയും ചരിത്രപ്രസിദ്ധമായ കോട്ടകളും മസ്ജിദുകളും തനിമ നിലനിർത്തിക്കൊണ്ട് പുനഃസ്ഥാപിക്കുകയും ചെയ്തു.
Also Read: അഭിമാനത്തിന്റെ അഞ്ച് പതിറ്റാണ്ട്; യു.എ.ഇ. സായുധസേന ഏകീകരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷ നിറവിൽ രാജ്യം
യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അൽ വഹ്ദ സ്ട്രീറ്റ്, കോർണിഷ് റിങ് എന്നിവിടങ്ങളിൽ വിപുലമായ റോഡ് വികസനമാണ് നടക്കുന്നത്. അൽ മുറാഷ് സ്ക്വയറിന് പിന്നിലായി ഒരുങ്ങുന്ന 750 മീറ്റർ വിസ്തീർണ്ണമുള്ള അൽ ഫുറൈഷ് തടാകമാണ് മറ്റൊരു പ്രധാന പദ്ധതി. അൽ റാഫിസ അണക്കെട്ടിന് സമാനമായ രീതിയിൽ കുടുംബങ്ങൾക്കായി വെള്ളച്ചാട്ടങ്ങളും മരങ്ങളും പാർക്കിങ് സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. മലിനജല സംസ്‌കരണ സംവിധാനങ്ങളും മഴവെള്ള ഡ്രെയിനേജും കാര്യക്ഷമമാക്കുന്നതോടെ കൽബയുടെ അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ മാറ്റമുണ്ടാകുമെന്നും ഷാർജ ഭരണാധികാരി വ്യക്തമാക്കി.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)






