തരംഗമായി ‘കളങ്കാവൽ’! രണ്ടാം വാരത്തിലും 300 സ്ക്രീനുകളിൽ പ്രദർശനം തുടരുന്നു

മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ഈ ചിത്രം, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രമാണ്

തരംഗമായി ‘കളങ്കാവൽ’! രണ്ടാം വാരത്തിലും 300 സ്ക്രീനുകളിൽ പ്രദർശനം തുടരുന്നു
തരംഗമായി ‘കളങ്കാവൽ’! രണ്ടാം വാരത്തിലും 300 സ്ക്രീനുകളിൽ പ്രദർശനം തുടരുന്നു

മ്മൂട്ടിയെയും വിനായകനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവ്വഹിച്ച ‘കളങ്കാവൽ’ വൻ വിജയത്തോടെ രണ്ടാം വാരത്തിലേക്ക് കടന്നു. റിലീസ് ചെയ്ത് ആദ്യ വാരം പിന്നിടുമ്പോഴും ചിത്രം കേരളത്തിൽ 300-ൽ പരം സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ഈ ചിത്രം, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രമാണ്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച ‘കളങ്കാവൽ’, ആദ്യ വാരത്തിൽ തന്നെ 50 കോടി ക്ലബ്ബിൽ ഇടംനേടി. വേഫറെർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.

ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും ‘കളങ്കാവൽ’ സ്വന്തമാക്കി. ‘ഭീഷ്മപർവം’, ‘കണ്ണൂർ സ്ക്വാഡ്’, ‘ഭ്രമയുഗം’, ‘ടർബോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബ്ബിൽ എത്തിയ മമ്മൂട്ടി ചിത്രം കൂടിയാണിത്. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ഈ റിവഞ്ച് ത്രില്ലർ ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് ആഗോള തലത്തിൽ ബ്ലോക്ക്ബസ്റ്റർ വിജയം തുടരുന്നത്. ‘കുറുപ്പ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. വിനായകൻ നായകനായും മമ്മൂട്ടി പ്രതിനായകനായും എത്തിയ ഈ സിനിമ, ഇരുവരുടെയും അസാമാന്യ പ്രകടന മികവിലാണ് പ്രേക്ഷകരെ ഞെട്ടിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ ഇതിനോടകം 60 കോടിക്ക് മുകളിൽ ഗ്രോസ് നേടിയ ചിത്രം, റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ഗൾഫ് രാജ്യങ്ങളിലും മികച്ച പ്രതികരണവും ഗംഭീര കളക്ഷനുമാണ് നേടുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് ചിത്രത്തിൻ്റെ ഓവർസീസ് വിതരണം നിർവ്വഹിച്ചത്.

Also Read: തിരിച്ചടിയോ…? ധുരന്ദറിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്

ചിത്രത്തിലെ സംഗീതവും ഉയർന്ന സാങ്കേതിക നിലവാരവും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. പ്രേക്ഷക പിന്തുണയോടൊപ്പം വലിയ നിരൂപക പ്രശംസയും നേടിയ ‘കളങ്കാവൽ’, മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രജീഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ‘ലോക’ ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങൾ തമിഴ്‌നാട്ടിൽ എത്തിച്ച ഫ്യൂച്ചർ റണ്ണപ് ഫിലിംസ് ആണ് ചിത്രം തമിഴ്നാട് വിതരണം ചെയ്തത്.

Share Email
Top