വടകരയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്ഷേപമുയർന്ന ‘കാഫിർ സ്‌ക്രീൻഷോട്ട്’ കേസിൽ, പുതുതായി പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘം നാളെ ആദ്യ യോഗം ചേരും. കോഴിക്കോട് റൂറൽ എസ്.പി. ടി. ഫറാഷിന്റെ നേതൃത്വത്തിലാണ് യോഗം നടക്കുക. കേസിൽ പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി മുൻപ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇന്നലെ പുനരന്വേഷണം പ്രഖ്യാപിച്ചത്. എസ്.ഐ.ടി അന്വേഷണം ആവശ്യപ്പെട്ട് പാറക്കൽ അബ്ദുള്ള എം.എൽ.എ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയിരുന്നു.
കണ്ണൂർ റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്രയ്ക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. മനോഹരനായിരിക്കും അന്വേഷണ ഉദ്യോഗസ്ഥന്‍. വടകര പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഉള്‍പ്പെടെ ഏഴുപേര്‍ കൂടി പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്. വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്താണ് ‘കാഫിർ’ സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എം.എസ്.എഫ് നേതാവായ മുഹമ്മദ് കാസിമാണ് ഇത് നിർമ്മിച്ചതെന്നായിരുന്നു ആദ്യ ആരോപണം. എന്നാൽ തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ച കാസിം സ്വന്തം ഫോൺ പോലീസിന് കൈമാറിയിരുന്നു.
Also Read: ‘പൂക്കി സിഎം’ വാക്ക് പാലിച്ചു! വണ്ടി മോഡിഫിക്കേഷനിൽ ഗതാഗത കമ്മീഷണറുടെ നിർണ്ണായക റിപ്പോർട്ട് പുറത്ത്
തുടർന്ന് പോലീസ് നടത്തിയ സൈബർ അന്വേഷണത്തിൽ സി.പി.ഐ.എം അനുകൂല സൈബർ പേജുകളിലാണ് ഈ സ്‌ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് കണ്ടെത്തി. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ റിബേഷ് രാമകൃഷ്ണന്റെ ഫോണിൽ നിന്നാണ് ഇത് ആദ്യം പ്രചരിച്ചതെന്നും കണ്ടെത്തിയെങ്കിലും പിന്നീട് ഇതിൽ തുടർ നടപടികളൊന്നുമുണ്ടായില്ല. കൃത്യമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചതാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്കും പുനരന്വേഷണത്തിനും കാരണമായിരിക്കുന്നത്. സ്‌ക്രീൻഷോട്ടിന് പിന്നിൽ പ്രവർത്തിച്ച യഥാർത്ഥ വ്യക്തി ആരാണെന്ന് അന്വേഷിച്ച് കണ്ടെത്തട്ടെയെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ. ശൈലജ പ്രതികരിച്ചു. താൻ വടകരയിൽ കേവലം ഒരു സ്ഥാനാർത്ഥി മാത്രമായിരുന്നുവെന്നും അവിടെ വർഗീയ ധ്രുവീകരണങ്ങളൊന്നും നടന്നിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.






