കാഫിർ സ്ക്രീൻഷോട്ട് കേസ്; പ്രത്യേക അന്വേഷണ സംഘത്തിനെതിരെ യൂത്ത് കോൺഗ്രസ്

അതേസമയം, വടകര ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം

കാഫിർ സ്ക്രീൻഷോട്ട് കേസ്; പ്രത്യേക അന്വേഷണ സംഘത്തിനെതിരെ യൂത്ത് കോൺഗ്രസ്
കാഫിർ സ്ക്രീൻഷോട്ട് കേസ്; പ്രത്യേക അന്വേഷണ സംഘത്തിനെതിരെ യൂത്ത് കോൺഗ്രസ്

കോഴിക്കോട് നടന്ന കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. എസ്ഐടിയിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും സിപിഎം ആഭിമുഖ്യമുള്ളവരാണെന്നും, കേസിന്റെ മേൽനോട്ടച്ചുമതലയുള്ള വടകര റൂറൽ എസ്പി നേരത്തെയും ഈ കേസ് പക്ഷപാതപരമായാണ് കൈകാര്യം ചെയ്തതെന്നും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ ആരോപിച്ചു. അന്വേഷണ സംഘത്തിലെ സിഐയും എസ്ഐമാരും മുൻപും പാർട്ടി ഇംഗിതത്തിന് അനുസരിച്ച് പ്രവർത്തിച്ചവരാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, അന്വേഷണ സംഘത്തെ പൂർണ്ണമായും മാറ്റണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

അതേസമയം, വടകര ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി റിബേഷ് രാമകൃഷ്ണൻ, മനേഷ്, അതുൽ എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് അയച്ചു. സ്ക്രീൻഷോട്ട് ഗ്രൂപ്പുകളിലും പേജുകളിലും ഇവ പങ്കുവെച്ചവരാണ് നോട്ടീസ് ലഭിച്ചവരെന്നാണ് സൂചന. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

ഇതിനൊപ്പം, വ്യാജ സ്ക്രീൻഷോട്ടിന്റെ ഉത്ഭവം സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനായി ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റയ്ക്ക് വീണ്ടും കത്തയക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. നേരത്തെ മെറ്റയിൽ നിന്ന് ലഭിച്ച വിവരങ്ങൾക്ക് പുറമെ, കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി കൂടുതൽ സാങ്കേതിക വിവരങ്ങൾ തേടിയാണ് കമ്പനിയെ വീണ്ടും സമീപിക്കുന്നത്. സാങ്കേതിക പരിശോധനകളും ചോദ്യം ചെയ്യലും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നതോടെ കേസ് കൂടുതൽ ഗൗരവകരമായ തലത്തിലേക്ക് നീങ്ങുകയാണ്.

Share Email
Top