കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. പ്രതിയെ ഈ ഘട്ടത്തിൽ ജാമ്യത്തിൽ വിട്ടാൽ അവശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദം കണക്കിലെടുത്താണ് കോടതി നടപടി. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട പ്രതിക്ക് കോടതിയിൽ നിന്നും കടുത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
അതേസമയം, കേസിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന നിഗമനത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിയായ ജിതിൻ ഭാസ്‌കർ തന്റെ മൊബൈൽ ഫോൺ പൂർണ്ണമായും ‘റീസെറ്റ്’ ചെയ്‌തുവെന്നും ഇതോടെ പ്രാഥമിക ഡിജിറ്റൽ തെളിവുകൾ നഷ്ടപ്പെട്ടുവെന്നും എസ്.ഐ.ടി വ്യക്തമാക്കി. ജില്ലാ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഫോൺ വിവരങ്ങൾ മായ്ക്കപ്പെട്ടതായി കണ്ടെത്തിയത്. നിലവിൽ കോടതിയുടെ കസ്റ്റഡിയിലുള്ള ഫോൺ, കൂടുതൽ ശാസ്ത്രീയമായ പരിശോധനകൾക്കായി തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലാബിലേക്ക് അയക്കാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും. മായ്ക്കപ്പെട്ട ഡാറ്റകൾ വീണ്ടെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Also Read: മൂന്ന് ജീവനുകൾ കവർന്ന ടിപ്പർ ലോറിക്ക് 17 വർഷത്തെ പഴക്കം; ഡ്രൈവർക്കെതിരെ നരഹത്യയ്ക്ക് കേസ്
വ്യാജ സ്‌ക്രീൻഷോട്ട് നിർമ്മിച്ചത് ജിതിൻ ഭാസ്‌കർ തന്നെയാണെന്നാണ് എസ്.ഐ.ടിയുടെ പ്രാഥമിക കണ്ടെത്തൽ. തുടർന്ന് ബ്രോഡ്കാസ്റ്റ് ലിസ്റ്റുകൾ വഴി ഇത് വ്യാപകമായി പ്രചരിപ്പിച്ചു. ജിതിൻ ഈ സ്‌ക്രീൻഷോട്ട് ആദ്യം ‘വടകര സ്‌ക്വാഡ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് പങ്കുവെച്ചത്. തുടർന്ന് ഡി.വൈ.എഫ്.ഐ നേതാവായ റിബേഷ് രാമകൃഷ്ണൻ ഇത് ‘റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യപ്പെടുകയുമായിരുന്നു. എന്നാൽ, ഈ വ്യാജ സ്ക്രീൻഷോട്ട് നിർമ്മാണത്തിന് പിന്നിലെ യഥാർത്ഥ ബുദ്ധികേന്ദ്രം ജിതിൻ മാത്രമല്ലെന്നാണ് എസ്.ഐ.ടി സംശയിക്കുന്നത്. വലിയ സ്വാധീനമുള്ള പിന്തുണയും ഇതിന് പിന്നിലുണ്ടെന്ന നിഗമനത്തിൽ അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ്.






