കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളാതെ കെ.ടി. ജലീൽ; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ടെന്ന് ന്യായീകരണം

മതപരമായ വിഷയങ്ങളിൽ രാഷ്ട്രീയ നേതാക്കളല്ല, മറിച്ച് മതനേതാക്കളാണ് തീരുമാനങ്ങൾ എടുക്കേണ്ടതെന്നും ജലീൽ അഭിപ്രായപ്പെട്ടു

കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളാതെ കെ.ടി. ജലീൽ; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ടെന്ന് ന്യായീകരണം
കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളാതെ കെ.ടി. ജലീൽ; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ടെന്ന് ന്യായീകരണം

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പ്രസ്താവനയെ പൂർണ്ണമായി തള്ളാതെയും കൊള്ളാതെയും പ്രതികരിച്ച് കെ.ടി. ജലീൽ. കാന്തപുരത്തിന് മതപരമായ കാര്യങ്ങൾ സംസാരിക്കാൻ പൂർണ്ണ അവകാശമുണ്ടെന്നും, എന്നാൽ അതിൽ വിയോജിപ്പുള്ളവർക്ക് അതിനെ എതിർക്കാനും സമൂഹത്തിൽ അവകാശമുണ്ടെന്ന് ജലീൽ കോഴിക്കോട് വ്യക്തമാക്കി. പ്രസ്താവന ശരിയോ തെറ്റോ എന്ന് പൊതുസമൂഹമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്ലാമിൽ വിവിധ ചിന്താധാരകൾ നിലനിൽക്കുന്നുണ്ടെന്നും, കാന്തപുരം നടത്തിയ പരാമർശങ്ങളോട് സമുദായത്തിനകത്തുനിന്നുതന്നെ വിയോജിപ്പുകൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മതപരമായ വിഷയങ്ങളിൽ രാഷ്ട്രീയ നേതാക്കളല്ല, മറിച്ച് മതനേതാക്കളാണ് തീരുമാനങ്ങൾ എടുക്കേണ്ടതെന്നും ജലീൽ അഭിപ്രായപ്പെട്ടു. മതശാസനകൾ ലംഘിക്കുന്നവരെക്കുറിച്ചാണ് കാന്തപുരം പരാമർശം നടത്തിയതെന്നും, ആ വിഷയത്തിൽ സിപിഎമ്മിനോ സിപിഐക്കോ കോൺഗ്രസിനോ യാതൊരുവിധ തീരുമാനങ്ങളും എടുക്കേണ്ട ബാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:കാന്തപുരത്തിന്റെ പ്രസ്താവന ഇസ്ലാമിനെപ്പോലും തെറ്റായി വ്യാഖ്യാനിക്കുന്നു; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

അതേസമയം, ഈ വിഷയത്തിൽ മുസ്ലിം ലീഗിന്റേത് വെറും രാഷ്ട്രീയ നിലപാടാണെന്ന് ജലീൽ കുറ്റപ്പെടുത്തി. സമുദായത്തോടുള്ള സ്നേഹം പലർക്കും ഭരണത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും, പ്രതിപക്ഷത്തിരിക്കുമ്പോൾ മാത്രമാണ് അവർക്ക് സമുദായ സ്നേഹം വരുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഭരണത്തിൽ ഇരിക്കുമ്പോൾ സമുദായ സംഘടനകളുടെ ഏകോപന യോഗം പോലും വിളിച്ചു ചേർക്കാൻ ഇവർ തയ്യാറാകാറില്ലെന്നും ജലീൽ കൂട്ടിച്ചേർത്തു. കാന്തപുരത്തിന്റെ പരാമർശത്തിൽ മുസ്ലിം ലീഗ് നേതാവ് ഫാത്തിമ തെഹ്‌ലിയ വ്യക്തമായ മറുപടി നൽകണമെന്നും, മുസ്ലിം ലീഗിന്റെ പേരിൽ വോട്ട് പിടിക്കുന്നവരാണ് അവരെല്ലാമെന്നും ജലീൽ ആവശ്യപ്പെട്ടു.

Share Email
Top