ജനവികാരം കൃത്യമായി മനസ്സിലാക്കാൻ സാധിച്ചു; കെ. സുധാകരൻ

സിപിഎമ്മും ബിജെപിയും കേരളത്തിൽ അപ്രസക്തമായെന്നും വിജയലഹരിയിൽ നിൽക്കുന്ന തങ്ങളെ ബിജെപിയുടെ പ്രകടനത്തെക്കുറിച്ച് ചോദിച്ച് വിഷമിപ്പിക്കരുതെന്നും അദ്ദേഹം പരിഹസിച്ചു

ജനവികാരം കൃത്യമായി മനസ്സിലാക്കാൻ സാധിച്ചു; കെ. സുധാകരൻ
ജനവികാരം കൃത്യമായി മനസ്സിലാക്കാൻ സാധിച്ചു; കെ. സുധാകരൻ

നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ചരിത്രവിജയം കോൺഗ്രസ് നേതാക്കൾ മുൻകൂട്ടി കണ്ടിരുന്നതാണെന്നും ജനവികാരം കൃത്യമായി മനസ്സിലാക്കാൻ സാധിച്ചതാണ് ഇതിന് കാരണമെന്നും കെ. സുധാകരൻ എംപി. കേരളം ഭരിക്കാനുള്ള ജനവിധി യുഡിഎഫിന് ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾക്കായി രമേശ് ചെന്നിത്തല ഡൽഹിക്ക് പോയതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും സുധാകരൻ വ്യക്തമാക്കി. സിപിഎമ്മും ബിജെപിയും കേരളത്തിൽ അപ്രസക്തമായെന്നും വിജയലഹരിയിൽ നിൽക്കുന്ന തങ്ങളെ ബിജെപിയുടെ പ്രകടനത്തെക്കുറിച്ച് ചോദിച്ച് വിഷമിപ്പിക്കരുതെന്നും അദ്ദേഹം പരിഹസിച്ചു.

തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുമ്പോഴും മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് മുറുകുകയാണ്. നാളെ തിരുവനന്തപുരത്ത് ചേരുന്ന നിർണായക നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച് അന്തിമ തീരുമാനമായേക്കും. ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഓരോ എംഎൽഎമാരെയും നേരിൽക്കണ്ട് അഭിപ്രായം തേടിയ ശേഷം കോൺഗ്രസ് അധ്യക്ഷന് റിപ്പോർട്ട് നൽകും.

Also Read:പറവൂർ മൂകാംബിക ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിട്ട നടപടിക്ക് സ്റ്റേ; ദേവസ്വം ബോർഡിന് തിരിച്ചടി

കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദത്തിനായി പ്രധാനമായും ഉയരുന്നത്. നേതാക്കൾക്ക് വേണ്ടി അണികൾ സോഷ്യൽ മീഡിയയിലും ഫ്ലക്സ് ബോർഡുകളിലൂടെയും ചേരിതിരിഞ്ഞ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. രാഹുൽ ഗാന്ധിയുടെ ഫെയ്‌സ്ബുക്ക് പേജിൽ കമന്റ് യുദ്ധം വരെ അരങ്ങേറുന്നുണ്ട്. ഹൈക്കമാൻഡിന്റെയും എംഎൽഎമാരുടെയും പിന്തുണ ഉറപ്പാക്കാൻ ഓരോ പക്ഷവും അണിയറയിൽ ശക്തമായ ചരടുവലികളാണ് നടത്തുന്നത്.

Share Email
Top