തൃശൂര്‍: പുതിയ കെ.പി.സി.സി പ്രസിഡന്റായി അധികാരമേറ്റ സണ്ണി ജോസഫിന് ആശംസകളുമായ കെ.മുരളീധരന്‍. എം.വി ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായപ്പോള്‍ സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായെന്ന് മുരളീധരന്‍ പറഞ്ഞു. അടുത്തനിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചുവരുന്ന ഒരു മുഖ്യമന്ത്രിയെ സ്വീകരിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടാകട്ടെ.
കഴിഞ്ഞ കുറച്ചുകാലമായി അത്തരമൊരു ഭാഗ്യം പല മുന്‍ പ്രസിഡന്റുമാര്‍ക്കും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും മുരളീധരന്‍ പറഞ്ഞു. എപ്പോഴും ഒറ്റക്കെട്ടാണെന്ന് നമ്മള്‍ എപ്പോഴും പറയേണ്ടതില്ല. അത് കേള്‍ക്കുമ്പോള്‍ ആള്‍ക്കാര്‍ക്ക് ഒറ്റക്കെട്ടല്ലെന്ന് സംശയം തോന്നും. അത് പ്രവൃത്തിയില്‍ കാണിച്ചാല്‍ മതിയെന്ന് മുരളീധരന്‍ വ്യക്തമാക്കി.