കോപ്പി റൈറ്റ് വിഷയത്തിൽ ഇളയരാജയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നെങ്കിലും, ഇപ്പോഴിതാ കോപ്പി റൈറ്റ് പ്രശ്നത്തിൽ ന്യായം ഇളയരാജയുടെ പക്ഷത്ത് ആണെന്ന് പറയുകയാണ് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. റോയൽറ്റി സമ്പ്രദായം പണ്ട് മുതൽ ഉണ്ടായിരുന്നെങ്കിൽ പല സംഗീത സംവിധായകർക്കും വലിയ സഹായമായിരുന്നേനെ എന്നും എം ജയചന്ദ്രൻ കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിലാണ് സംവിധായകൻ എം. ജയചന്ദ്രൻ ഇക്കാര്യം പറഞ്ഞത്.
‘ഈ കാര്യത്തിൽ വിവാദത്തിന്റെ ആവശ്യം ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. രാജ സാർ പറഞ്ഞത് ഒരു സത്യമായ കാര്യമാണ്. നമ്മുടെ പല സംഗീത സംവിധായകരും അവരുടെ കാലഘട്ടത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിച്ചാണ് വന്നത്. എ ടി ഉമ്മറിനെ പോലുള്ള സംഗീത സംവിധായകരൊക്കെ ആ കാലഘട്ടത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിച്ചിട്ടുണ്ട്, ഈ റോയൽറ്റി സമ്പ്രദായം ആ സമയങ്ങളിൽ വന്നിരുന്നേൽ അവർക്ക് എല്ലാം വലിയൊരു സഹായമായിരുന്നേനെ,’ എം ജയചന്ദ്രൻ പറഞ്ഞു. കൂടാതെ ‘ഗായകർക്കൊക്കെ ഈ ഗാനങ്ങൾ വേദികളിൽ പാടുമ്പോൾ വളരെ വലിയ പ്രതിഫലം ലഭിക്കാറുണ്ട്. അതിന്റെ വളരെ ചെറിയൊരു പങ്ക്, അതായത് പ്രതിഫലം ഒരു ലക്ഷം ആണെങ്കിൽ അതിലൊരു ആയിരം രൂപ അതിന്റെ സൃഷ്ടാക്കൾക്ക് റോയലിറ്റിയായി നൽകിക്കൂടെ. കാരണം അവർ ക്രീയേറ്റ് ചെയ്ത പാട്ടുകൾ അല്ല അവർ പാടുന്നത്. ഇളയരാജ സാറിന്റെ കാര്യത്തിൽ അതിനു കൂടുതൽ പ്രസക്തിയുണ്ട്, കാരണം അദ്ദേഹത്തിന്റെ പല ആൽബങ്ങളും നിർമ്മിച്ചിരുന്നതും അദ്ദേഹമായിരുന്നു,’ എം. ജയചന്ദ്രൻ വ്യക്തമാക്കി.













