മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ തിയറ്ററുകളിലെത്താൻ ഇനി അഞ്ച് ദിവസത്തെ കാത്തിരിപ്പ് മാത്രം. ഓഗസ്റ്റ് ഏഴിന് റിലീസ് ചെയ്യുന്ന ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത്. ‘2018’ എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. 2 മണിക്കൂറും 19 മിനിറ്റും ദൈർഘ്യമുള്ള ചിത്രത്തിന് യു/എ 16 പ്ലസ് സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലും എത്തുന്നുണ്ട്. ഒരു കൊച്ചു കുടുംബ ചിത്രമെന്നാണ് സംവിധായകൻ ജൂഡ് ആന്തണി സിനിമയെ വിശേഷിപ്പിച്ചതെങ്കിലും, പ്രേക്ഷകർ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ജേക്സ് ബിജോയ് സംഗീതസംവിധാനവും ജോമോൻ ടി. ജോൺ ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ് കൈകാര്യം ചെയ്യുന്നത്. ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. കുട്ടിക്കാനത്ത് ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഓഗസ്റ്റ് 7 മുതൽ പ്രേക്ഷകരിലേക്ക് എത്തും.






