ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20യിലും മിന്നും പ്രകടനം കാഴ്ചവെച്ച് ഇംഗ്ലണ്ട് താരം ജോസ് ബട്ലർ. ഇതോടെ ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായിരിക്കുകയാണ് ഇംഗ്ലീഷ് ക്യാപ്റ്റൻ. വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാന്റെ 592 റൺസെന്ന റെക്കോർഡ് മറികടന്നാണ് ബട്ലർ ചരിത്ര നേട്ടം കൈവരിച്ചത്. ഇന്ത്യയ്ക്കെതിരെ 24 ട്വന്റി 20 മത്സരങ്ങൾ കളിച്ച ബട്ലർ ഇതുവരെ 611 റൺസാണ് അടിച്ചെടുത്തത്.
ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ ടോപ് സ്കോററായത് ജോസ് ബട്ലറാണ്. 30 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സും സഹിതം ബട്ലർ 45 റൺസെടുത്തു. ബ്രൈഡൻ കാർസ് 31, ജാമി സ്മിത്ത് 22 എന്നിവരുടെ മികവിൽ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോർ ഉയർത്തിയിരുന്നു എങ്കിലും വിജയം നേടാനായില്ല. അതേസമയം ഇന്ത്യയ്ക്കെതിരായ ആദ്യ ട്വന്റി 20യിലും ജോസ് ബട്ലറായിരുന്നു ഇംഗ്ലണ്ട് നിരയുടെ ടോപ് സ്കോറർ. 44 പന്തുകളിൽ എട്ട് ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ ബട്ലർ 68 റൺസെടുത്തിരുന്നു.