ദേശീയപാതയിലെ ബൈക്ക് ടാക്സി ഓടിക്കുന്നവരും ഭക്ഷണവിതരണക്കാരും കാബ് ഡ്രൈവർമാരും ഉൾപ്പെടെ ആപ്പുകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഇനി സാമൂഹിക സുരക്ഷ ഉറപ്പാക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. പരമ്പരാഗത ജോലികളിൽ ലഭിക്കുന്നതുപോലുള്ള സാമ്പത്തിക സുരക്ഷയും ക്ഷേമ ആനുകൂല്യങ്ങളും പ്ലാറ്റ്ഫോം തൊഴിലാളികൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ സാമൂഹിക സുരക്ഷാ ബോർഡ് രൂപീകരിച്ചു. ഇതോടെ ഇന്ത്യയിലെ ഗിഗ് തൊഴിലാളികളുടെ തൊഴിൽസുരക്ഷ സംബന്ധിച്ച ചർച്ചകൾക്ക് പുതിയ വഴിത്തിരിവായിരിക്കുകയാണ്.
തൊഴിൽ-തൊഴിലവസര മന്ത്രാലയമാണ് ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികൾക്കായുള്ള ദേശീയ സാമൂഹിക സുരക്ഷാ ബോർഡ് രൂപീകരിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികൾ, ഡിജിറ്റൽ പ്ലാറ്റ്ഫോം കമ്പനികൾ, തൊഴിലാളി സംഘടനകൾ, വിഷയവിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തിയാണ് ബോർഡ് പ്രവർത്തിക്കുക. തൊഴിലാളികൾക്കായി സാമൂഹിക സുരക്ഷാ പദ്ധതികളും ക്ഷേമനടപടികളും രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കും നയരൂപീകരണത്തിനും ബോർഡ് വേദിയാകും. മന്ത്രാലയം പുറത്തിറക്കിയ അസാധാരണ ഗസറ്റ് വിജ്ഞാപനപ്രകാരം അഞ്ച് പ്ലാറ്റ്ഫോം കമ്പനികളുടെ പ്രതിനിധികളെയും ബോർഡിലേക്ക് നാമനിർദേശം ചെയ്തിട്ടുണ്ട്.
Also Read: പ്രസിഡന്റ് ട്രംപ് തന്നെ; പക്ഷേ ഇനി തീരുമാനങ്ങൾ അത്ര എളുപ്പമാകില്ല..! ട്രംപിന് മുന്നിൽ വെല്ലുവിളികൾ
ഇതിൽ ശ്രദ്ധേയമായത് റാപ്പിഡോയുടെ പ്രതിനിധി മനസ്വി മന്നിന്റെ നിയമനമാണ്. റാപ്പിഡോയുടെ ജനറൽ കൗൺസലും കോർപ്പറേറ്റ് കാര്യ-പൊതുനയ വിഭാഗം മേധാവിയുമായ മനസ്വി മന്നിനെയാണ് സർക്കാർ ബോർഡ് അംഗമായി നാമനിർദേശം ചെയ്തത്. ബോർഡിൽ ഇടംനേടിയ അഞ്ച് പ്ലാറ്റ്ഫോം കമ്പനികളിൽ യാത്രക്കാരെ കൊണ്ടുപോകുന്ന സേവനരംഗത്തെ ഏക അഗ്രിഗേറ്ററാണ് റാപ്പിഡോ. ബൈക്ക് ടാക്സി, ഓട്ടോ, കാബ് ഡ്രൈവർമാരുടെ തൊഴിൽസാഹചര്യങ്ങൾ, വരുമാനം, ക്ഷേമപ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ നയചർച്ചകളിൽ അവതരിപ്പിക്കാൻ ഈ പ്രതിനിധിത്വം സഹായിക്കുമെന്നാണ് പ്രതീക്ഷ.
ആപ്പുകളെ ആശ്രയിച്ച് ജോലി ചെയ്യുന്നവരുടെ വരുമാനം ഓർഡറുകളുടെ ലഭ്യത, ഉപഭോക്തൃ ആവശ്യം, പ്ലാറ്റ്ഫോമിലെ പ്രവർത്തനം എന്നിവയെ ആശ്രയിച്ചാണ് പലപ്പോഴും നിലനിൽക്കുന്നത്. അസുഖം, ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യം, വരുമാനത്തിലെ അനിശ്ചിതത്വം തുടങ്ങിയ ഘട്ടങ്ങളിൽ ഇവർക്ക് സാമ്പത്തിക സുരക്ഷയും ക്ഷേമ ആനുകൂല്യങ്ങളും ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയാണ് പുതിയ നീക്കത്തിലൂടെ ഉയരുന്നത്. എന്നാൽ ബോർഡ് രൂപീകരിച്ചതുകൊണ്ടുമാത്രം തൊഴിലാളികൾക്ക് ഉടൻ പുതിയ ആനുകൂല്യങ്ങൾ ലഭിക്കില്ല. ആനുകൂല്യങ്ങൾ എങ്ങനെ നൽകണം, അതിനുള്ള പണം എങ്ങനെ കണ്ടെത്തണം, അർഹതയും അപേക്ഷാ നടപടികളും എന്തായിരിക്കണം, പ്ലാറ്റ്ഫോം കമ്പനികളുടെ ഉത്തരവാദിത്തം എത്രത്തോളമാകണം തുടങ്ങിയ കാര്യങ്ങളിൽ തുടർനയങ്ങളും നടപ്പാക്കൽ സംവിധാനങ്ങളും രൂപപ്പെടേണ്ടതുണ്ട്. ഈ ചർച്ചകൾ തൊഴിലാളികൾക്ക് പ്രായോഗികമായ സാമൂഹിക സുരക്ഷയായി മാറുമോ എന്നതാണ് ഇനി നിർണായകം.






