ജെ.എൻ.യു തിരഞ്ഞെടുപ്പ് ; ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ അണിയറയിൽ നടന്നത് അസാധാരണ നീക്കങ്ങൾ

ജെ.എൻ.യു തിരഞ്ഞെടുപ്പ് ; ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ അണിയറയിൽ നടന്നത് അസാധാരണ നീക്കങ്ങൾ

ല്‍ഹി ജെ.എന്‍.യു സര്‍വ്വകലാശാലയിലെ ഇടതുപക്ഷത്തിന്റെ വിജയത്തില്‍ ആകെ നാണം കെട്ടിരിക്കുന്നതിപ്പോള്‍ ബി.ജെ.പി നേതൃത്വം മാത്രമല്ല ദേശീയ മാധ്യമങ്ങള്‍ കൂടിയാണ്. വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിനുശേഷം ആദ്യം എണ്ണിയത് എബിവിപിക്ക് സ്വാധീനമുള്ള മേഖലയിലെ വോട്ടുകളായിരുന്നു. അതിനാല്‍തന്നെ ആദ്യ ഘട്ടത്തില്‍ എബിവിപിക്ക് നേരിയ ലീഡും ലഭിച്ചിരുന്നു. അപ്പോള്‍ത്തന്നെ ദേശീയ മാധ്യമങ്ങള്‍ മുതല്‍ മോദി ഭക്തരായ ഉത്തരേന്ത്യന്‍ ചാനലുകളെല്ലാം തന്നെ ജെഎന്‍യുവിലും മോദി തരംഗമെന്നാണ് ആഘോഷിക്കാന്‍ തുടങ്ങിയിരുന്നത്. ചില മലയാളം മാധ്യമങ്ങളും ഇതേ രൂപത്തില്‍ തന്നെയാണ് തുടക്കത്തില്‍ വാര്‍ത്തകള്‍ പടച്ചു വീട്ടിരുന്നത്.

ഇതോടെ സമൂഹമാധ്യമങ്ങളിലാകെ തന്നെ ജെഎന്‍യുവില്‍ സംഘപരിവാര്‍ വിജയിച്ചെന്ന വലിയ പ്രചാരണമാണ് കാവിപ്പട അഴിച്ചു വിട്ടിരുന്നത്. ബി.ജെ.പിയേക്കാള്‍ ഇടതുപക്ഷത്തെ വലിയ ശത്രുവായി കാണുന്ന കേരളത്തിലെ ഒരു വിഭാഗം യു.ഡി.എഫ് പ്രവര്‍ത്തകരും ഈ പ്രചരണത്തിന്റെ ഭാഗമായി മാറുകയുണ്ടായി. എന്നാല്‍ ഇവരുടെയെല്ലാം കണക്കുകൂട്ടലുകള്‍ക്ക് അല്പായുസ് മാത്രമാണ് ഉണ്ടായിരുന്നത്.

വോട്ടെണ്ണി പകുതിയാകുന്നതിനു മുന്നേതന്നെ എബിവിപി സ്ഥാനാര്‍ഥികള്‍ ബഹുദൂരം പിന്നിലാകുന്ന കാഴ്ചക്കാണ് പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചിരുന്നത്. കേന്ദ്ര പാനലിലെ നാല് സീറ്റില്‍ മൂന്നിലും എസ്.എഫ്.ഐയും ഐസയും എ.ഐ.എസ്.എഫും ഉള്‍പ്പെട്ട ഇടതു സഖ്യമാണ് ജയിച്ചുകയറിയത്. 922 927 508 എന്നിങ്ങനെയായിരുന്നു യഥാക്രമംപ്രസിഡന്റ് വൈസ് പ്രസിഡന്റ് ജോയിന്റ് സെക്രട്ടറി എന്നിവര്‍ക്ക് ലഭിച്ചിരുന്ന ഭൂരിപക്ഷമെന്നതും നാം തിരിച്ചറിയണം.

ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ട്വിസ്റ്റ് നടന്നത് ജനറല്‍ സെക്രട്ടറി സ്ഥാനത്താണ്. മത്സരിക്കാന്‍ തടസ്സങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടും ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ചെ എബിവിപിയുടെ പരാതിയെത്തുടര്‍ന്ന് ജെഎന്‍യു അഡ്മിനിസ്ട്രേഷന്‍ അയോഗ്യയാക്കുകയാണ് ഉണ്ടായത്.

തെരഞ്ഞെടുപ്പ് ദിവസത്തെ അസാധാരണമായ ഈ നീക്കത്തിലൂടെ പ്രധാന ജനറല്‍ സീറ്റിലെ വിജയം ഉറപ്പിച്ച എ.ബി.വി.പി നേതൃത്വത്തിന്റെ പ്രതീക്ഷകളെ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ തകര്‍ത്തിരിക്കുന്നത്. എബിവിപിയെ പരാജയപ്പെടുത്താന്‍ ഏതറ്റംവരെയും പോകുമെന്ന് ശപഥമെടുത്ത സഖാക്കള്‍ മത്സരരംഗത്തുണ്ടായിരുന്ന ബാപ്സയുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനാണ് ആഹ്വാനം ചെയ്തിരുന്നത്. ഇതോടെ ഈ സീറ്റിലും 926 വോട്ടിന് എബിവിപി ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത്. മുഴുവന്‍ ജനറല്‍ സീറ്റുകളും തൂത്തുവാരിയ ഇടതു സഖ്യം തന്നെയാണ് ബഹുഭൂരിപക്ഷം കൗണ്‍സിലര്‍ സീറ്റുകളിലും ജയിച്ചു കയറിയിരിക്കുന്നത്. ഇതില്‍ മലയാളിയായ ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകയും ഉള്‍പ്പെടും.

ലോകസഭ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് നടക്കുന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ആയതിനാല്‍ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളും രാജ്യത്തെ സംഘപരിവാര്‍ നേതൃത്വം ഒന്നാകെയും ഇത്തവണത്തെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിനെ വളരെ ഗൗരവമായാണ് സമീപിച്ചിരുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പു കൂടി ആയതിനാല്‍ ജെ.എന്‍.യുവില്‍ അട്ടിമറി വിജയം നേടാന്‍ കഴിയുമെന്നു തന്നെയാണ് അവരെല്ലാം കരുതിയിരുന്നത്. അങ്ങനെ സംഭവിച്ചാല്‍ അതും മോദി ഇഫക്ട് ആക്കി ചിത്രീകരിക്കാനായിരുന്നു ബി.ജെ.പി പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ അതെല്ലാം തന്നെ ചീട്ടു കൊട്ടാരമായി തകര്‍ന്നടിഞ്ഞിരിക്കുകയാണ്. എസ്.എഫ്.ഐ നേതാവും സ്ഥാനം ഒഴിഞ്ഞ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റു കൂടിയായ ഐഷി ഘോഷിന്റെ തല അടിച്ച് പൊട്ടിക്കുകയും കാമ്പസില്‍ തേര്‍വാഴ്ച നടത്തുകയും ചെയ്ത കാവിപ്പടയോടുള്ള പക കൂടിയാണ് ബാലറ്റിലൂടെ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ തീര്‍ത്തിരിക്കുന്നത്.

കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ് ഈ സര്‍വകലാശാലയെ വരുതിയിലാക്കാന്‍ സംഘപരിവാര്‍ നീക്കം ശക്തിപ്പെടുത്തിയിരുന്നത്.കുതന്ത്രങ്ങളും അട്ടിമറികളും കള്ളപ്രചാരണങ്ങളും മാത്രമല്ല, ഗുണ്ടാ ആക്രമണങ്ങളും ചുവപ്പിനു മേല്‍ ആധിപത്യം നേടാന്‍ കാവിപ്പട ശരിക്കും പയറ്റിയിട്ടുണ്ട്. അതിനാകട്ടെ അവര്‍ക്ക് പലപ്പോഴും ഭരണകൂടത്തിന്റെ പിന്തുണയും ലഭിച്ചിട്ടുണ്ട്.

സംഘപരിവാറിനും മോദി സര്‍ക്കാറിനും എതിരായ സമരത്തിന്റെ മുന്‍നിരയിലുണ്ടായ കാമ്പസാണ് ജെഎന്‍യു. അതുകൊണ്ടു തന്നെ ഈ കാമ്പസിനെ അകത്തുനിന്നും പിടിച്ചെടുക്കാനുള്ള പദ്ധതിയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി അവര്‍ നടപ്പാക്കിക്കൊണ്ടിരുന്നത്. വൈസ് ചാന്‍സലര്‍മാരായി പരിവാര്‍ ബന്ധമുള്ളവരെ തിരഞ്ഞുപിടിച്ച് നിയമിച്ചത് അതിന്റെ ഭാഗമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നത്.ഒരു അക്കാദമിക് മികവും പരിഗണിക്കാതെയും മാനദണ്ഡങ്ങള്‍ അട്ടിമറിച്ചും സംഘപരിവാറില്‍ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് അധ്യാപകരായി നിയമിക്കപ്പെട്ടതെന്ന ഗുരുതര ആരോപണവും വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നുണ്ട്.

പൊതുവിദ്യാഭ്യാസത്തിന്റെ ലോകത്തിലെതന്നെ ഏറ്റവും നല്ല മാതൃകകളില്‍ ഒന്നായ ജെഎന്‍യുവിന്റെ ചരിത്രത്തില്‍ ആദ്യമായി സ്വാശ്രയ കോഴ്സുകള്‍ ആരംഭിച്ചതും ഇക്കാലത്തായിരുന്നു. എസ്എഫ്ഐ നേതൃത്വത്തിലുള്ള വിദ്യാര്‍ഥിയൂണിയന്‍ സമരം ചെയ്ത് നടപ്പാക്കിയ ജെഎന്‍യുവിലെ പുരോഗമന പ്രവേശന നയം അട്ടിമറിച്ചതുതന്നെ എ.ബി.വി.പിക്ക് കടന്നു വരാനുള്ള പാത ഒരുക്കാനാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുമ്പോള്‍ അതിനെ നിസാരമായി ഒരിക്കലും തള്ളിക്കളയാന്‍ കഴിയുന്നതല്ല.

പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പൊതുപ്രവേശന പരീക്ഷയുടെ ഭാഗമാക്കി ജെഎന്‍യുവിനെയും മാറ്റുക മാത്രമല്ല അധികൃതര്‍ ചെയ്തിരിക്കുന്നത്. പരീക്ഷ നടത്താന്‍ പോലും അവര്‍ ഏജന്‍സികളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സമരങ്ങള്‍ നിരോധിക്കാനുള്ള നീക്കമുണ്ടായതും ഇക്കാലത്താണ്. പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ എല്ലാം നിരന്തരമായാണ് പ്രതികാര നടപടികള്‍ ഉണ്ടായിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കുമേല്‍ പലതരം നിയന്ത്രണങ്ങളും നിബന്ധനകളും അടിച്ചേല്‍പ്പിക്കുകയുണ്ടായി. എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് ഉള്‍പ്പെടെ പലരും പഠനം തുടരുന്നതുതന്നെ നിരന്തരമായ നിയമപോരാട്ടത്തിന്റെകൂടി ഭാഗമായിട്ടാണ്. ശക്തമായ ഈ വെല്ലുവിളികളെ എല്ലാം അതിജീവിച്ചു തന്നെയാണ് മോദിയുടെ മൂക്കിനു താഴെയുള്ള ഈ വലിയ കാമ്പസിനെ ഇടതുപക്ഷം വീണ്ടും ഇപ്പോള്‍ ചുവപ്പിച്ചിരിക്കുന്നത്. ജെഎന്‍യുവില്‍ പടര്‍ന്ന ചുവപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചെറുത്തുനില്‍പ്പിന്റെ നിറംകൂടിയയാണ് നിലവില്‍ മാറിയിരിക്കുന്നത്. രാജ്യത്തെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മതനിരപേക്ഷ ശക്തികള്‍ക്ക് ആത്മവിശ്വാസവും ആവേശവും പകരുന്ന കാഴ്ചയാണിത്. അതെന്തായാലും പറയാതെ വയ്യ.

Top