ഇന്ത്യൻ കയറ്റുമതിക്കാർക്ക് വിദേശ ഉപഭോക്താക്കളിൽ നിന്ന് തടസ്സങ്ങളില്ലാതെ പണമിടപാടുകൾ സ്വീകരിക്കുന്നതിനായി പുതിയ ക്രോസ്-ബോർഡർ പേയ്മെന്റ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ജിയോ പേയ്മെന്റ് സൊല്യൂഷൻസ് (ജെപിഎസ്എൽ). ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ജെപിഎസ്എൽ. ഈ പുതിയ സംവിധാനത്തിലൂടെ രാജ്യത്തെ ബിസിനസുകാർക്ക് വെർച്വൽ അക്കൗണ്ടുകൾ, അന്താരാഷ്ട്ര കാർഡുകൾ, വിവിധ പ്രാദേശിക പേയ്മെന്റ് രീതികൾ എന്നിവ ഉപയോഗിച്ച് വിദേശ പണമിടപാടുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും. ആഗോള വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും മത്സരക്ഷമത വർധിപ്പിക്കാനും അന്താരാഷ്ട്ര ഇടപാടുകൾ കൂടുതൽ സുഗമമാക്കാനുമാണ് ഈ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്.
ക്രോസ്-ബോർഡർ ഇടപാടുകൾക്കായി പേയ്മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ആർബിഐ) നിന്ന് കമ്പനിക്ക് ഔദ്യോഗിക അനുമതി ലഭിച്ചിരുന്നു. കയറ്റുമതിക്കും ഇറക്കുമതിക്കും ബാധകമായ തരത്തിലുള്ള ഈ അംഗീകാരത്തിന്റെ ചുവടുപിടിച്ചാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വ്യാപാര രംഗത്ത് ഇന്ത്യൻ സംരംഭങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കിക്കൊണ്ട് ആഗോള വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകുകയാണ് ജിയോ പേയ്മെന്റ് സൊല്യൂഷൻസ് ഇതിലൂടെ ലക്ഷ്യമിടുന്നത്.





