ന്യൂഡൽഹി: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ജിയോ സിനിമയും ചേർന്നുള്ള പുതിയ ആപ് ജിയോ ഹോട്ട് സ്റ്റാർ നിലവിൽ വന്നു. 50 കോടി സബ്സ്ക്രൈബേഴ്സാവും ആപിനുണ്ടാവുക. മൂന്ന് ലക്ഷം മണിക്കൂർ എന്റർടെയ്ൻമെന്റ് ഉള്ളടക്കം, ലൈവ് സ്പോർട്സ് എന്നിവ ഉൾപ്പെടുന്നതാകും പുതിയ ആപ്. നിലവിലുള്ള ഉപഭോക്താക്കൾക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ പുതിയ ആപിലേക്ക് മാറാൻ സാധിക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചു.
ഇന്ത്യൻ പ്രീമിയർ ലീഗിനൊപ്പം ഇന്റർനാഷണൽ ക്രിക്കറ്റും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളും ഇനി ഒരു കുടക്കീഴിൽ കാണാം. ഡിസ്നി, വാർണർ ബ്രദേഴ്സ്, എച്ച്.ബി.ഒ, എൻ.ബി.സി യുണിവേഴ്സൽ പീകോക്ക്, പാരാമൗണ്ട് എന്നീ പ്രമുഖ സ്റ്റുഡിയോകളുടെ ഉള്ളടക്കവും പുതിയ ആപിൽ ലഭ്യമാകും. അതേസമയം, പുതിയ ആപ് നിലവിൽ വരുന്നതോടെ ഇനി ഐ.പി.എൽ സൗജന്യമായി കാണാൻ കഴിയില്ല. പുതിയ ആപിന്റെ പ്ലാനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പരസ്യമില്ലാതെയുള്ള പ്രതിമാസ പ്ലാനിന് 499 രൂപയും പരസ്യത്തോട് കൂടിയ പ്ലാനിന് 149 രൂപയും നൽകണം.
Also Read: യൂട്യൂബ് ഇരുപതാം വർഷത്തിലേക്ക്
റിലയൻസ് ഇൻഡസ്ട്രീസിനു കീഴിലുള്ള വയാകോം 18 മീഡിയ ലിമിറ്റഡും ജിയോ സിനിമയും വാൾട്ട് ഡിസ്നി കമ്പനിയുടെ കീഴിലുള്ള ഡിസ്നി സ്റ്റാർ ഇന്ത്യയും ലയിച്ചാണ് പുതിയ കമ്പനി നിലവിൽ വന്നത്. ഇവർക്ക് കീഴിലാണ് ജിയോ സ്റ്റാർ ആപ് ഉള്ളത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആയിരിക്കും കമ്പനിയെ നിയന്ത്രിക്കുക. റിലയൻസിന് 16.34 ശതമാനവും വയാകോം 18-ന് 46.82 ശതമാനവും ഡിസ്നിക്ക് 36.84 ശതമാനവുമാകും ഇതിലെ പങ്കാളിത്തം. നിതാ മുകേഷ് അംബാനിയാകും സംയുക്ത കമ്പനിയുടെ ചെയർപേഴ്സൺ.