മാരകമായ നിപ വൈറസിനെ പ്രതിരോധിക്കാനായി ടോക്യോ സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ച വാക്സിൻ ക്ലിനിക്കൽ ട്രയലിന് ഒരുങ്ങുന്നു. മീസിൽസ് വൈറസിലേക്ക് നിപ വൈറസിന്റെ ജനിതക ഘടകങ്ങൾ ചേർത്താണ് ഈ വാക്സിൻ നിർമ്മിച്ചിരിക്കുന്നത്. മനുഷ്യശരീരത്തിൽ പ്രവേശിക്കുമ്പോൾ നിപ വൈറസിന് സമാനമായ ആന്റിജൻ പ്രോട്ടീൻ ഉത്പാദിപ്പിക്കുകയും, ഇത് യഥാർത്ഥ വൈറസിനെ തിരിച്ചറിയാൻ പ്രതിരോധ സംവിധാനത്തെ സജ്ജമാക്കുകയും ചെയ്യും. എലികളിൽ നടത്തിയ പരീക്ഷണത്തിൽ വിജയിച്ചതിനെത്തുടർന്ന്, ഏപ്രിൽ മാസത്തോടെ ബെൽജിയത്തിൽ വെച്ച് മനുഷ്യരിലെ ഒന്നാം ഘട്ട പരീക്ഷണം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന നിപ വൈറസിന് നിലവിൽ അംഗീകൃത വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല. 2018-ൽ കേരളത്തിൽ കോഴിക്കോട് പേരാമ്പ്രയിലാണ് ഈ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത്. ഇതുവരെ 21 പേരാണ് കേരളത്തിൽ നിപ ബാധിച്ച് മരിച്ചത്. തൊണ്ടയിൽ നിന്നുള്ള സ്രവം, രക്തം, മൂത്രം എന്നിവ ഉപയോഗിച്ച് ആർടിപിസിആർ (RTPCR), എലീസ (ELISA) പരിശോധനകളിലൂടെയാണ് രോഗം തിരിച്ചറിയുന്നത്. അടുത്തിടെ പശ്ചിമ ബംഗാളിലും നിപ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ജപ്പാനിൽ നിന്നുള്ള ഈ പുതിയ വാക്സിൻ വാർത്ത ഏറെ പ്രതീക്ഷയോടെയാണ് ആരോഗ്യരംഗം കാണുന്നത്.
നിപ വൈറസ് ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകാൻ 4 മുതൽ 21 ദിവസം വരെ എടുത്തേക്കാം (ഇൻകുബേഷൻ പീരിയഡ്). പനി, ശക്തമായ തലവേദന, തലകറക്കം, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ അപസ്മാരം, ബോധക്ഷയം എന്നിവയും ഉണ്ടായേക്കാം. രോഗലക്ഷണങ്ങൾ തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗി കോമ അവസ്ഥയിലേക്കോ തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസിലേക്കോ മാറാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.






