അടിമാലി: ഇടുക്കിയിൽ കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ കയറി തീ ചോദിച്ച പ്രായപൂർത്തിയാവാത്ത വിദ്യാര്‍ത്ഥികളെ കഞ്ചാവ് സഹിതം എക്സൈസ് പിടികൂടി. തൃശ്ശൂരിൽ നിന്നും മൂന്നാറിലേക്ക് വിനോദയാത്ര വന്ന സംഘത്തിലെ കുട്ടികളാണ് ഇടുക്കി അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് ഓഫീസിലേക്ക് ബീഡി കത്തിക്കാൻ തീ ചോദിച്ച് കയറിച്ചെന്നത്. ഇവരിൽ ഒരാളിൽ നിന്ന് 5 ഗ്രാം കഞ്ചാവും രണ്ടാമത്തെയാളിൽ നിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. 2 പേര്‍ക്കെതിരെയും എക്സൈസ് കേസെടുത്തു. ശേഷം രണ്ട് പേരെയും അധ്യാപകർക്കൊപ്പം വിട്ടയച്ചു.
Also Read: യുവതിയെ ചൊല്ലി യുവാക്കൾ തമ്മിൽ തർക്കം, ഒടുവിൽ വെടിവെപ്പ്; ബുള്ളറ്റ് തറച്ച് ഡ്രൈവർക്ക് പരിക്ക്
പലപ്പോഴായി പല കേസുകളിൽ പിടിച്ച വാഹനങ്ങൾ എക്സൈസ് ഓഫീസിന്റെ പിറക് വശത്തിട്ടിരുന്നു. ഇത് കണ്ട് വര്‍ക്ക് ഷോപ്പാണെന്ന് തെറ്റിധരിച്ചാണ് കുട്ടികൾ എക്സൈസ് ഓഫീസിൽ കയറിയത്. എന്നാൽ യൂണിഫോമിട്ടവരെ കണ്ടതോടെ കുട്ടികൾ തിരിഞ്ഞോടിയെങ്കിലും പിടികൂടുകയായിരുന്നു. കേസിന്റെ വിശദാംശങ്ങൾ ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറും. കുട്ടികൾക്ക് കൗൺസിലിംഗ് നൽകിയെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.