ജാനകിയെന്നാൽ അശ്ലീലമാണ്, പ്രകോപനപരമാണ്, കുറ്റകരമാണ്. വംശത്തെയും മതത്തെയും അവഹേളിക്കുന്നതുമാണ്. ജൂൺ 27 ന് ആഗോള റിലീസിനൊരുങ്ങിയ ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് അനുമതി നിഷേധിച്ചുകൊണ്ട് സെൻസർ ബോർഡ് ഉന്നയിച്ച വാദങ്ങളാണ് ഇവ. ഇതാദ്യമായല്ല സെൻസർ ബോർഡ് സിനിമകൾക്ക് കത്തിവെക്കുന്നത്. പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ കൈകടത്തുന്നത് ഇവർക്കൊരു ഹോബി ആണെന്ന് തോന്നും. എമ്പുരാനിലെ പ്രമാദമായ 24 കട്ടിന് ശേഷം ബോർഡ് കൈവെച്ചിരിക്കുന്ന സിനിമയാണ് JSK അഥവാ ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള.
ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ പേരാണ് ജാനകി. പേരുമാറ്റണമെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷന്റെ നിർദ്ദേശം. ജാനകി എന്ന പേര് മതപരമായ വിഷയമാണെന്നും, അത് ഒരു മത വിഭാഗത്തെ അപകീർത്തിപ്പെടുത്തുമെന്നുമാണ് ഉയർത്തുന്ന വാദം. ചിത്രത്തിന്റെ പേര് മാറ്റണം, അതോടൊപ്പം ഡയലോഗുകളിൽ നിന്നും വേറെ എവിടെയൊക്കെ ജാനകി കടന്നുവരുന്നുണ്ടോ അവിടെനിന്നൊക്കെയും ഒഴിവാക്കണം. എമ്പുരാനിൽ 24 കട്ടെങ്കിൽ JSK മൊത്തത്തിൽ കട്ട് ചെയ്ത് ഇറക്കേണ്ടിവരുമെന്നർത്ഥം. പിന്നെ എന്ത് സിനിമ? എന്ത് ആവിഷ്കാര സ്വാതന്ത്ര്യം?
Also Read: ‘മനഃപൂർവ്വമല്ല അറിയാതെയാണ്’; മകൻ സൂര്യയുടെ വീഡിയോയിൽ മാപ്പ് പറഞ്ഞ് വിജയ് സേതുപതി രംഗത്ത്
പ്രശസ്ത അഭിനേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകനായെത്തുന്നത്. സംഭവത്തിൽ പ്രതികരിക്കാതെ മാതൃകയാവുകയാണ് മന്ത്രി ഇപ്പോൾ. സ്വന്തം സിനിമയായിട്ടുപോലും കലാകാരൻമാർ നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് ഒന്നുരിയാടാൻ പോലും അദ്ദേഹം തയ്യാറായിട്ടില്ല. അനിഷ്ടമായ ചോദ്യങ്ങൾ ചോദിക്കുന്നവരോട് ഭരത്ചന്ദ്രൻ സ്റ്റൈലിൽ ഡോണ്ട് ട്രൈ ടു പ്ളേ ഫൂൾ വിത്ത് മി എന്ന് പറയാൻ മടി കാണിക്കാത്ത ആളാണ് ഇപ്പോൾ വാ തുറക്കാതെ സൈലന്റ് മോഡിൽ ഇരിക്കുന്നത്.
സെൻസർ ബോർഡിനോട് കേരള ഹൈ കോടതി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ജാനകി എങ്ങനെ മതപരമായ വിഷയമാകും? എന്തിനാണ് പേര് മാറ്റുന്നത്? എന്ത് കഥ പറയണമെന്നും ഏത് പേര് പറയണമെന്നും കലാകാരന്മാർക്ക് നിർദേശം നൽകുകയാണ് നിങ്ങൾ ഇപ്പോൾ ചെയ്യുന്നത്. കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടാൻ നിങ്ങൾക്ക് കഴിയില്ല. ശെരിയല്ലേ? കഥയും അതിലെ പേരുമൊക്കെ കഥാകാരന്റെ സൃഷ്ടി അല്ലേ? അതിൽ തന്നെ ഒരു പേര് എങ്ങനെയാണ് മതപരമായ വിഷയമാകുന്നത്? അങ്ങനെയെങ്കിൽ പാക്ക് മാറ്റി ശ്രീ ആക്കിയതുപോലെ നാട്ടിലെ മുഴുവൻ ആളുകളുടെയും പേര് മാറ്റണമെന്ന ഉത്തരവും അധികം വൈകാതെ നമ്മളിലേക്ക് അടിച്ചേല്പിക്കപ്പെടില്ലേ?

യഥാർത്ഥത്തിൽ എന്താണ് സെൻസർ ബോർഡിന്റെ ജോലി? 1952 ലെ, സിനിമാട്ടോഗ്രാഫ് ആക്ട്, 1983 ലെ സിനിമാട്ടോഗ്രാഫ് സെർട്ടിഫിക്കേഷൻ റൂൾസ് എന്നിവ പ്രകാരം, സാമൂഹിക മൂല്യങ്ങളെ ഖണ്ഡിക്കാതെ, കലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ വിലങ്ങുതടിയാവാതെ, ജനങ്ങൾക്ക് ആരോഗ്യകരമായ വിനോദ ഉപാധിയായി സിനിമയെ മാറ്റുക എന്നതാണ് സെൻസർ ബോർഡിന്റെ കടമ. അതുപ്രകാരം സിനിമ കണ്ട്, അതിനെ കാറ്റഗറി അനുസരിച്ച് തരംതിരിച്ച് സർട്ടിഫൈ ചെയ്യുക എന്നത് മാത്രമാണ് അവരുടെ ജോലി. പക്ഷെ സമകാലിക ഇന്ത്യയിലെ സെൻസർ ബോർഡ് അങ്ങനെയല്ല പ്രവർത്തിക്കുന്നത്. രാജ്യം ഭരിക്കുന്ന കക്ഷിയുടെ രാഷ്ട്രീയ താല്പര്യങ്ങൾ കലയിലും കലാകാരന്മാരിലും അടിച്ചേൽപ്പിക്കുകയാണ് അവർ ചെയ്യുന്നത്. അങ്ങനെ വെട്ടിക്കീറി പരിക്ഷീണരായി മാറിയ സിനിമകളുടെ കൂട്ടത്തിലെ ഏറ്റവും ഒടുവിലെ കണ്ണിയാണ് ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള.
സിനിമയുടെ പേര് മാറ്റാൻ കഴിയില്ല എന്ന നിലപാടാണ് അണിയറപ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. അപകീർത്തികരമായതോ വംശീയ അധിക്ഷേമുള്ളതോ ആയ യാതൊന്നും സിനിമയിൽ ഇല്ല. അത് സിനിമ കണ്ട് നോക്കിയാൽ മനസിലാകും. പ്രദർശനാനുമതി നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കേരള ഹൈ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ നിർമാതാക്കൾ പറയുന്നു. സിനിമ കണ്ടതിനു ശേഷം മാത്രമേ വിധി പ്രഖ്യാപിക്കാൻ കഴിയൂ എന്ന തീരുമാനത്തോടൊപ്പം ഹൈ കോടതി സിനിമ കണ്ടുകഴിഞ്ഞു. കോടതി വിധി എന്താകുമെന്ന് കാത്തിരുന്ന് കാണാം. വിഷയത്തിൽ ഒരു കലാകാരനെന്ന നിലയിലും, താൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷിയുടെ താല്പര്യാർത്ഥം വന്ന നടപടി എന്ന നിലയിലും സുരേഷ് ഗോപി മൗനം വെടിയേണ്ടതുമുണ്ട്.
Also Read: ഹിമാലയത്തിലൂടെയുള്ള ധീരയാത്ര: ദലൈലാമയുടെ അതിജീവനത്തിന്റെ കഥ!
JSK നേരിടുന്ന കടുത്ത വെല്ലുവിളി, ജാനകി എന്ന പേര് മാത്രം മാറിയാലും പോരാ, ജാനകി എന്ന് എവിടെയൊക്കെ പരാമർശിക്കുന്നുണ്ടോ അതൊക്കെ വെട്ടിത്തിരുത്തുകയും വേണം എന്നതാണ്. ഈ ക്രൂരത സിനിമ തന്നെ ഉപേക്ഷിക്കുന്നതാണ് അതിലും നല്ലത് എന്ന തീരുമാനത്തിലേക്ക് അണിയറ പ്രവർത്തകരെ എത്തിച്ചാൽ നമുക്കെന്ത് ചെയ്യാൻ കഴിയും? ഇന്ത്യ ഇന്നും ഒരു ജനാധിപത്യ രാഷ്ട്രമാണ്. പൗരന്മാർക്ക് ആവിഷ്കാര സ്വാതന്ത്ര്യം അവകാശമായി പ്രഖ്യാപിച്ച ഭരണഘടന പരമോന്നതമായി നിലനിൽക്കുന്നിടത്തോളം കാലം കലാകാരൻമാർ ഇതുപോലെ ക്രൂശിക്കപ്പെടാൻ പാടില്ലാത്തതുമാണ്.