ശ്രീനഗര്‍: ഭീകരവാദബന്ധം ഉണ്ടെന്ന് കണ്ടെത്തലിന് പിന്നാലെ ജമ്മു കാശ്മീരില്‍ 2 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സര്‍വീസില്‍ നിന്ന് പുറത്താക്കി. ഭരണഘടനയിലെ സെക്ഷന്‍ 311 (2) (c) വകുപ്പ് പ്രകാരമാണ് ലെഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി. സ്‌കൂള്‍ അധ്യാപകനായ സഹീര്‍ അബ്ബാസ്, ഫാര്‍മസിസ്റ്റ് ആയ അബ്ദുള്‍ റഹ്‌മാന്‍ നൈക എന്നിവരാണ് പുറത്താക്കപ്പെട്ടത്.
കുല്‍ഗാം ദേവസര്‍ സ്വദേശിയാണ് അബ്ദുല്‍ റഹ്‌മാന്‍ നൈക. 1992 ലാണ് ഇദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ ജോയിന്‍ ചെയ്തത്. ദേവസര്‍ സ്വദേശിയായിരുന്ന ഗുലാം ഹസന്‍ ലോണ്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അബ്ദുല്‍ റഹ്‌മാന്‍ നൈക്കയുടെ ഭീകരബന്ധം വെളിച്ചത്തായി. കടുത്ത ദേശീയവാദിയായിരുന്ന ഗുലാം ഹസന്‍ ലോണിന്റെ മൂന്നു മക്കളും ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാണ്. 2021 ഓഗസ്റ്റ് മാസത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ വധിച്ച് താഴ്വരയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ഹിസ്ബുള്‍ മുജാഹിദിന്റെ ശ്രമങ്ങള്‍ക്ക് പ്രദേശവാസിയായ അബ്ദുള്‍ റഹ്‌മാന്‍ നൈക ചുക്കാന്‍ പിടിച്ചു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. റഹ്‌മാനും അദ്ദേഹത്തിന്റെ കൂട്ടാളികളും ആയുധങ്ങളുമായാണ് പിടിയിലായത്. ഇവരില്‍നിന്ന് ഗ്രനേഡുകളും എ കെ 47 വെടിക്കോപ്പുകളും കണ്ടെത്തിയിരുന്നു.
Also Read: അരവിന്ദ് കെജ്രിവാളിന് നേരെ ആക്രമണം; പ്രതി കസ്റ്റഡിയില്‍
കിഷ്തവര്‍ പ്രവിശ്യയിലെ ബദത്ത് സരൂര്‍ സ്വദേശിയായ സഹീര്‍ അബ്ബാസ് അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ വ്യക്തിയാണ്. 2012ല്‍ ബുഗ്രാനാ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ അധ്യാപകനായി ജോലിക്ക് കയറിയതാണ് ഇദ്ദേഹം. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരായ മുഹമ്മദ് അമീന്‍, റിയാസ് അഹമ്മദ്, മുദസിര്‍ അഹമ്മദ് എന്നിവര്‍ക്ക് ഒളിത്താവളം ഒരുക്കിയതാണ് ഇയാള്‍ ചെയ്ത കുറ്റം. കോട് ബല്‍വാലിലെ സെന്‍ട്രല്‍ ജയിലിലാണ് ഇദ്ദേഹം ഇപ്പോള്‍ ഉള്ളത്.