ജൽഗാവ്: മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ ബുധനാഴ്ചയുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. പരിക്കേറ്റ നിരവധി പേർ ആശുപത്രിയിലാണ്. പുഷ്പക് എക്‌സ്‌പ്രസിൽ തീ ഉയരുന്നതു കണ്ട് പരിഭ്രാന്തരായ യാത്രക്കാർ ട്രെയിനിൽ നിന്ന് ചാടിയതിനെ തുടർന്ന് തൊട്ടടുത്ത ട്രാക്കിൽ എതിർദിശയിൽ നിന്ന് വരികയായിരുന്ന ബെംഗളൂരു എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു.
ലക്‌നൗവിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു പുഷ്പക് എക്‌സ്‌പ്രസ്. ഒരു കോച്ചിൽ തീപിടുത്തമുണ്ടായെന്ന് യാത്രക്കാർ വിളിച്ചു പറഞ്ഞതാണ് പരിഭ്രാന്തി പരത്തിയത്. മഹാരാഷ്ട്രയിലെ മഹേജി, പർധഡെ സ്റ്റേഷനുകൾക്കിടയിൽ വെച്ച് ആണ് ബോഗിയിൽ തീപ്പിടിത്തമുണ്ടായതായി അഭ്യൂഹങ്ങൾ പടർന്നത്. ട്രെയിൻ നിർത്താൻ ചിലർ എമർജൻസി ചെയിൻ വലിച്ചിരുന്നു. തുടർന്ന് യാത്രക്കാർ ട്രെയിനിൽ നിന്ന് ചാടി തൊട്ടടുത്ത ട്രാക്കിൽ ഇറങ്ങിയപ്പോൾ എതിർദിശയിൽ നിന്ന് വന്ന ബെംഗളൂരു എക്‌സ്പ്രസ് ഇവരെ ഇടിക്കുകയായിരുന്നു.
Also Read: നരേന്ദ്ര മോദി- ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച അടുത്തമാസം
എന്നാൽ കോച്ചിനുള്ളിൽ തീപ്പൊരിയോ തീയോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, കൃത്യമായ മരണസംഖ്യയും പരിക്കേറ്റവരുടെ അവസ്ഥയും പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു. പ്രാദേശിക ഭരണകൂടവും രക്ഷാപ്രവർത്തകരും ഉൾപ്പെടെ മെഡിക്കൽ സംഘങ്ങൾ സ്ഥലത്തെത്തി.