വിപണിയിൽ സജീവമായി ചക്ക

ഉടമകൾക്ക് പ്രത്യേക അധ്വാനമോ കരുതലോ ഇല്ലാതെ ലഭിക്കുന്ന ആദായമായതിനാൽ വ്യാപാരികൾ പറയുന്ന വിലക്ക് ആണ് ചക്ക നൽകുന്നത്

വിപണിയിൽ സജീവമായി ചക്ക
വിപണിയിൽ സജീവമായി ചക്ക

തൃശൂർ: ചക്ക കർഷകർക്ക് ഇത് സന്തോഷത്തിന്റെ കാലമാണ്. കാരണം കൃഷിക്കാരെ തേടി കച്ചവടക്കാർ എത്തി തുടങ്ങി. മൂപ്പ് എത്താത്ത ചക്കയ്ക്കാണ് കച്ചവടക്കാർ നാട്ടിൻപുറങ്ങളിൽ എത്തുന്നത്. രണ്ട് കിലോയോളം വലിപ്പം വരുന്ന ഇടിച്ചക്ക 20 രൂപ കണക്കാക്കിയാണ് വ്യാപാരികൾ വാങ്ങുന്നത്.

അതുപോലെ, വലിപ്പം കൂടുന്നതിന് ആനുപാതികമായ വിലയും കച്ചവടക്കാർ കൂട്ടി നൽകുന്നുണ്ട്. കച്ചവടക്കാർ തന്നെ പ്ലാവിൽ കയറി വെട്ടിയിറക്കിയാണ് വില പറയുന്നത്. ഉടമകൾക്ക് പ്രത്യേക അധ്വാനമോ കരുതലോ ഇല്ലാതെ ലഭിക്കുന്ന ആദായമായതിനാൽ വ്യാപാരികൾ പറയുന്ന വിലക്ക് ആണ് ചക്ക നൽകുന്നത്. വടക്കാഞ്ചേരി കേന്ദ്രമായുള്ള മൊത്തക്കച്ചവടക്കാർക്ക് പ്രാദേശികമായി സംഭരിക്കുന്ന ചക്കകൾ, ചെറുകിട വ്യാപാരികൾ തൂക്കത്തിനാണ് നൽകുന്നത്.

Also Read: മില്‍മ എറണാകുളം മേഖല പാല്‍വില ഇന്‍സെന്‍റീവ് 15 രൂപയാക്കി

വടക്കാഞ്ചേരിയിൽ നിന്ന് മൂന്നും നാലും ലോഡാണ് തമിഴ്‌നാട്ടിലേക്കും ഉത്തരേന്ത്യയിലേക്കും കൊണ്ടുപോകുന്നതെന്ന് വ്യാപാരികൾ പറയുന്നു. പഴുക്കാത്ത പച്ച ചക്ക പൊടിച്ച് ഉണക്കപ്പൊടിയായും ചില ഭക്ഷ്യ പദാർത്ഥങ്ങളിലെ കൂട്ടായും ഉപയോഗിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ബണ്ടുരുട്ടി മേഖലയിൽ ചക്ക പ്ലാന്റേഷനുകൾ ഉണ്ടെങ്കിലും വിളവെടുപ്പിന് കാലതാമസമെടുക്കും. അതാണ് കേരളത്തിലെ ചക്കയ്ക്ക് ആവശ്യം വർദ്ധിക്കാൻ കാരണം.

പെട്ടി ഓട്ടോറിക്ഷ പോലെയുള്ള ചെറു വാഹനങ്ങളിൽ, മരം കയറുന്ന ആളെയും കൂട്ടിയാണ് നാട്ടിൻപുറങ്ങളിൽ പച്ചച്ചക്കയ്ക്കായി വ്യാപാരികൾ എത്തുന്നത്. ഒന്നോ രണ്ടോ മണിക്കൂറുകൾക്കകം ഒരു വണ്ടി ചക്ക ലഭിക്കുന്ന സ്ഥിതിയാണ് മിക്കയിടത്തും. പഴുക്കാറായ ചക്ക ഒഴിവാക്കിയാണ് സംഭരണം. തീരെ ചെറിയ ചക്കകൾ കൊണ്ടുപോകാറില്ല.

Share Email
Top