സി.പി.എം. വേദികളിൽ നിന്നുള്ള വിമർശനങ്ങൾക്കിടയിലും നിലപാട് കടുപ്പിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. “എന്നെ ബലികൊടുത്താലും സി.പി.എം. നന്നായാൽ മതി” എന്ന പരാമർശത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്. വള്ളം മുങ്ങാൻ പോകുമ്പോൾ വൃദ്ധയെ പിടിച്ച് വെള്ളത്തിലിടുന്നതുപോലെയാണ് ഇപ്പോഴത്തെ വിമർശനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
താൻ മുസ്ലിങ്ങളെയല്ല, മുസ്ലിം ലീഗിനെയാണ് വിമർശിച്ചതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ലീഗും കേരള കോൺഗ്രസും മതേതര പാർട്ടികളല്ലെന്നും, സ്ഥാനാർഥി നിർണയത്തിലും മന്ത്രിസ്ഥാനങ്ങളിലും ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളിലുമെല്ലാം മതപരമായ പരിഗണനകളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത് സി.പി.എം. കാണുന്നില്ലെന്നും വിമർശിച്ചു.
ന്യൂനപക്ഷങ്ങൾക്ക് എൽ.ഡി.എഫ്. സർക്കാർ നിരവധി ആനുകൂല്യങ്ങൾ നൽകിയെങ്കിലും അവർ തിരിച്ചുവോട്ട് ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു. കാന്തപുരത്തിന് എയ്ഡഡ് കോളേജ് നൽകിയതും ജെ.ബി. കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയതും ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി. അമ്പലപ്പുഴയിൽ എച്ച്. സലാം ഉൾപ്പെടെയുള്ള സി.പി.എം. സ്ഥാനാർഥികൾക്ക് ന്യൂനപക്ഷ വോട്ടുകൾ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ’; ഇറാൻ ഇപ്പോഴുള്ളത് വലിയ ഗതികേടിൽ..! അമേരിക്കൻ ഉപരോധം യുദ്ധ ചരിത്രത്തിലെ തന്നെ അനായാസ വിജയമാണെന്ന് ട്രംപ്
ശബരിമല സ്ത്രീപ്രവേശന വിഷയത്തെ തുടർന്ന് 2021-ൽ എൽ.ഡി.എഫിനൊപ്പമുണ്ടായിരുന്ന എസ്.എൻ.ഡി.പി.യെ വിജയശേഷം ആരും അനുമോദിക്കുകയോ നന്ദി പറയുകയോ ചെയ്തില്ലെന്നും വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു. താൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമല്ലെങ്കിലും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനാണെന്നും, സമുദായത്തിന്റെ താൽപര്യങ്ങൾ തുറന്നുപറയുന്നത് തുടരുമെന്നും വ്യക്തമാക്കി.
കോടിയേരി ബാലകൃഷ്ണന്റെ അഭാവം സി.പി.എമ്മിന്റെ അപചയത്തിന് കാരണമായെന്നും, പാർട്ടി സ്വന്തം മുഖം കണ്ണാടിയിലൂടെ പോലും കാണാത്ത അവസ്ഥയിലാണ് എത്തിയിരിക്കുന്നതെന്നും വെള്ളാപ്പള്ളി വിമർശിച്ചു.






