റഷ്യയെ ചൊറിഞ്ഞ് പണി വാരിക്കൂട്ടി, ഭയപ്പാടിൽ സെലെൻസ്കി

ഇപ്പോൾ, യുക്രെയ്ന് മുന്നിൽ വെല്ലുവിളികളും അസ്ഥിരതയും വർധിച്ചുവരുമ്പോൾ സാഹചര്യം 2022 ലേതിനോടു സമാനമായി തുടങ്ങിയിരിക്കുന്നു. വീണ്ടും, സഹായത്തിനായി യുക്രെയ്‌ൻ പാശ്ചാത്യരെ നോക്കുകയാണ്. സമാധാന സന്ധിക്കായി നെട്ടോട്ടമോടുന്ന യുക്രെയ്‌ൻ അതിജീവനത്തിനുള്ള ഏക പാത പുടിനുമായുള്ള ചർച്ച മാത്രമാണെന്ന് ഇതിനോടകം തന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്

റഷ്യയെ ചൊറിഞ്ഞ് പണി വാരിക്കൂട്ടി, ഭയപ്പാടിൽ സെലെൻസ്കി
റഷ്യയെ ചൊറിഞ്ഞ് പണി വാരിക്കൂട്ടി, ഭയപ്പാടിൽ സെലെൻസ്കി

ഷ്യ-യുക്രെയ്ന്‍ സമാധാന ചര്‍ച്ചകളുടെ വഴിവെട്ടി തുടങ്ങിയിട്ട് കാലം കുറച്ചായി. ഇപ്പോള്‍ ആ തയ്യാറെടുപ്പുകള്‍ ഔദ്യോഗിക തലത്തിലും കാര്യമായി പ്രതിഫലിക്കുന്നുമുണ്ട് താനും. വരാനിരിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തില്‍ സാമാധാനത്തിനായി പ്രതീക്ഷയര്‍പ്പിച്ചിരുന്ന ലോക രാജ്യങ്ങള്‍ പക്ഷെ ഡോണള്‍ഡ് ട്രംപിന്റെ കഴിവില്‍ അത്ര കണ്ട് തൃപ്തരല്ല എന്നതിന്റെ സൂചനകളും പുറത്തു വരുന്നുണ്ട്. കാരണം വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന് യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ തക്കതായ കാര്യകാരണങ്ങളൊന്നുമില്ലെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ചര്‍ച്ചകളിലൂടെയുള്ള ഒരു ഒത്തുതീര്‍പ്പില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അത്ര താല്പര്യം കാണിക്കുന്നില്ല എന്നതാണ് അതില്‍ പ്രധാനം. പകരം യുക്രെയ്നിന്റെ കീഴടങ്ങല്‍ അര്‍ത്ഥമാക്കുന്ന ഒരു സമാധാന പദ്ധതിയോടാണ് പുടിന് താല്പര്യം. ഈ സാഹചര്യത്തില്‍ ട്രംപിന് ചര്‍ച്ചാ മേശയിലേക്ക് എന്ത് കൊണ്ടുവരാനാകുമെന്നതില്‍ വ്യക്തതയില്ല. അദ്ദേഹത്തിന്റെ ഇടപെടല്‍ മധ്യ, കിഴക്കന്‍ യൂറോപ്പില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ചിലര്‍ അനുമാനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭരണ നയങ്ങള്‍ മുന്‍പുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമല്ല എന്നും ചിലര്‍ വാദിക്കുന്നുണ്ട്.

Donald Trump

ആദ്യം വെടിനിര്‍ത്തല്‍, പിന്നെ സമാധാന ചര്‍ച്ചകള്‍, ഈ നിര്‍ദ്ദിഷ്ട ക്രമം 20-ാം നൂറ്റാണ്ടിലെ വിവിധ പ്രാദേശിക സംഘര്‍ഷങ്ങളെ അനുസ്മരിപ്പിക്കുന്നവയാണ്. പലപ്പോഴും യുദ്ധത്തിന് സകലമാന ഒത്താശയും നല്‍കി ഒടുക്കം സമാധാനം വിളമ്പുന്ന അമേരിക്ക ഉള്‍പ്പെടെയുള്ള ബാഹ്യ ശക്തികള്‍ യുദ്ധം ചെയ്യുന്ന കൂട്ടരില്‍ സമ്മര്‍ദ്ദം ചെലുത്തി വെടിനിര്‍ത്തലിലേക്ക് എത്തിച്ച് മധ്യസ്ഥം കളിച്ചിരുന്നു. പക്ഷേ ഇവയെല്ലാം പലപ്പോഴും താല്‍ക്കാലിക പരിഹാരങ്ങളും പ്രഹസനങ്ങളും മാത്രമായി പരിണമിക്കുകയിരുന്നു എന്നത് കാലം തെളിയിച്ചിട്ടുണ്ട്. പുകയുന്ന അഗ്‌നിപര്‍വ്വതം പോലെ അവയുടെ അടിത്തട്ട് സദാ പ്രക്ഷുബ്ധമായിരിക്കും. ഇടയ്ക്കിടെ അവ പൊട്ടിപുറപ്പെടുകയും ചെയ്യും. സംഘര്‍ഷങ്ങളുടെ തീയും അങ്ങനെയൊക്കെ തന്നെയാണ്.

Also Read: പുതിയ അമേരിക്കയുമായി ട്രംപ്, വെറും വ്യാമോഹമെന്ന് കാനഡ

യുക്രെയ്‌നില്‍ വെടിനിര്‍ത്തലും തുടര്‍ന്നുള്ള സമാധാന ചര്‍ച്ചകളും പ്രവര്‍ത്തികമാകണമെങ്കില്‍ റഷ്യയുടെ ചെലവുകള്‍ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതിനുള്ള ചെലവുകളെക്കാള്‍ കൂടുതലായിരിക്കണം. എന്നാല്‍ റഷ്യയെ സംബന്ധിച്ച് സംഘര്‍ഷം മുന്നോട്ട് കൊണ്ടുപോയാലും അവസാനിപ്പിച്ചാലും നഷ്ടം സംഭവിക്കുക യുക്രെയ്നു മാത്രമാണ്. സംഘര്‍ഷം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ നടക്കാനുള്ള സാധ്യതയും വിദൂരത്തല്ല.

Vladimir Putin

എന്നാല്‍, പ്രധാന പ്രശ്‌നം പാശ്ചാത്യ ശക്തികളുടെ പ്രതിബദ്ധതയില്ലായ്മയാണ്. റഷ്യയും അമേരിക്കയും പടിഞ്ഞാറന്‍ യൂറോപ്പും തമ്മിലുള്ള സമ്പൂര്‍ണ്ണ സമാധാന ഉടമ്പടി വരും വര്‍ഷങ്ങളിലും നടപ്പിലാക്കാനുള്ള സാധ്യതയില്ല. എന്നാല്‍, പാശ്ചാത്യ ഇടനിലക്കാരില്ലാതെ തന്നെ പുടിന്‍ വിചാരിച്ചാല്‍ യുക്രെയ്‌നില്‍ സമാധാനം നിലനിര്‍ത്തുക ഏറെക്കുറെ സാധ്യമാണ്. യുക്രെയ്‌ന്, അല്ലെങ്കില്‍ റഷ്യയ്ക്ക് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ പാശ്ചാത്യ രാജ്യങ്ങള്‍ പുലര്‍ത്തിയ അലംഭാവമാണ് ഒരു തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ച പ്രധാന ഘടകങ്ങള്‍. ആസൂത്രിത അലംഭാവം എന്ന് പറഞ്ഞാലും തെറ്റില്ല.

Also Read: ഗ്രീൻലാൻഡെടുക്കാൻ ട്രംപ്, ഭീഷണിയായി റഷ്യയും ചൈനയും

യുദ്ധത്തിനോ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വൈര്യത്തിനോ കാര്യമായ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ തയ്യാറല്ലാത്ത അമേരിക്കയും നാറ്റോ സഖ്യ കക്ഷികളും യുക്രെയ്‌നെ ആയുധമാക്കാനും റഷ്യയ്ക്കെതിരായ ഒരു പ്രോക്‌സിയായി ഉപയോഗിക്കാനുമാണ് തീരുമാനിച്ചത്. റഷ്യയ്‌ക്കെതിരെ പായിച്ച ഏതാനും ടാങ്കുകളും വിമാനങ്ങളും ഉപരോധങ്ങളും കൊണ്ട് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ സര്‍ക്കാരിനൊപ്പം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും സൈന്യത്തെയും അട്ടിമറിക്കുമെന്ന വ്യര്‍ത്ഥ മോഹമാണ് യുക്രെയ്‌ന് അമേരിക്കയും കൂട്ടരും പകര്‍ന്നു നല്‍കിയത്. എന്നാല്‍ യുക്രെയ്ന് കണക്ക് കൂട്ടലുകളെല്ലാം പിഴച്ചു. സംഘര്‍ഷം ഒരു യുദ്ധമായി പരിണമിച്ചു. അധികം വൈകാതെ യുക്രെയ്ന്‍ തളര്‍ന്നു വീണു. കൂടെ നിന്നവരും കൈവിട്ടു.

Volodymyr Zelenskyy

ഇപ്പോള്‍, യുക്രെയ്‌ന് മുന്നില്‍ വെല്ലുവിളികളും അസ്ഥിരതയും വര്‍ധിച്ചുവരുമ്പോള്‍ സാഹചര്യം 2022 ലെതിനോടു സമാനമായി തുടങ്ങിയിരിക്കുന്നു. വീണ്ടും, സഹായത്തിനായി യുക്രെയ്ന്‍ പാശ്ചാത്യരെ നോക്കുകയാണ്. സെലെന്‍സ്‌കി തന്നെ ഇമ്മാനുവല്‍ മാക്രോണില്‍ നിന്നും നാറ്റോയില്‍ നിന്നും ഡോണള്‍ഡ് ട്രംപില്‍ നിന്നുമുള്ള സഹായ വാഗ്ദാനത്തിനായി അഭ്യര്‍ത്ഥിക്കുന്നു. സൈനികരുടെ അഭാവത്തില്‍ വലയുന്ന യുക്രെയ്നോട് 18 വയസ്സുള്ളവരെ യുദ്ധത്തിന്റെ മുന്‍നിരയിലേക്ക് അയക്കാനുള്ള അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്റെ നിര്‍ദ്ദേശം യുക്രെയ്‌നിലെ തീവ്രവാദികളായ രാജ്യസ്‌നേഹികള്‍ക്ക് പോലും നാണക്കേട് ഉണ്ടാക്കുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

Also Read: സെലൻസ്കിയുടെ കള്ളം പൊളിച്ച് ബെലാറഷ്യൻ പ്രസിഡൻ്റ്, റഷ്യക്ക് പിന്തുണ

ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായാല്‍ യുക്രെയ്‌നില്‍ സമാധാനം കൊണ്ടുവരാന്‍ കഴിയുമോ എന്നാണ് പലരും ഇപ്പോള്‍ ചിന്തിക്കുന്നത്. ’24 മണിക്കൂറിനുള്ളില്‍” സമാധാനം കൈവരിക്കുമെന്ന വീമ്പിളക്കല്‍ പിന്നീട് ”എനിക്ക് കഴിയുമെങ്കില്‍”എന്ന് മാറ്റി. പാശ്ചാത്യരുടെ നിലവിലെ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക. അതിനായി യുക്രെയ്‌നെ കുരുതി കൊടുത്താലും കുഴപ്പമില്ല. അമേരിക്കയും നാറ്റോയും പുലര്‍ത്തുന്ന നയമാണിത്. ട്രംപ് ബൈഡനില്‍ നിന്ന് വ്യത്യസ്തമായേക്കാവുന്നത് സംഘര്‍ഷത്തിന്റെ ഭാരം പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് മാറ്റാനുള്ള സന്നദ്ധതയില്‍ മാത്രമാണ്. പിന്നെ ചൈനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും. ഇത് റഷ്യയ്ക്ക് തന്ത്രപരമായി ഗുണം ചെയ്യുമെങ്കിലും അതും സംഘര്‍ഷത്തെ അതിന്റെ പരിഹാരത്തിലേക്ക് അടുപ്പിക്കുന്നില്ല.

NATO

പാശ്ചാത്യ രാജ്യങ്ങളിലോ ട്രംപിലോ യാതൊരു പ്രതീക്ഷയുമില്ലാതെ റഷ്യ നിലവില്‍ അവരുടെ സൈനിക തന്ത്രം ഇരട്ടിയാക്കുകയാണ്. ശക്തമായ പ്രതിരോധത്തിലൂടെ യുക്രെയ്‌നെ തകര്‍ച്ചയിലേക്ക് നയിക്കാമെന്ന് റഷ്യ പ്രതീക്ഷിക്കുന്നുണ്ട്. സമാധാന സന്ധിക്കായി നെട്ടോട്ടമോടുന്ന യുക്രെയ്ന്‍ അതിജീവനത്തിനുള്ള ഏക പാത പുടിനുമായുള്ള ചര്‍ച്ച മാത്രമാണെന്ന് ഇതിനോടകം തന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. സൈനികമായി റഷ്യയുടെ സമീപനം വ്യക്തമാണ്. ഇതിലും വലിയ കളികള്‍ കളിക്കാനറിയാമെങ്കിലും വ്യവസ്ഥാപിതമായ പ്രതിരോധത്തിലൂടെ മാത്രമാണ് റഷ്യ മുന്നേറുന്നത്. അല്ലെങ്കില്‍ കാര്യങ്ങള്‍ ഇവിടം കൊണ്ടൊന്നും നില്‍ക്കില്ലായിരുന്നു. ഇനിയും ഒരു വര്‍ഷത്തേക്ക് കൂടി സംഘര്‍ഷം നീണ്ടുപോയാലും റഷ്യയുടെ പ്രതിരോധ നിര ശക്തമായി തന്നെ പോരാടും. ട്രംപോ നാറ്റോയോ നേരിട്ടുള്ള സൈനിക ഇടപെടല്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ റഷ്യയ്ക്ക് ഒരുപക്ഷേ ഒരൊറ്റ ആണവായുധ പ്രയോഗം കൊണ്ട് തന്നെ കാര്യങ്ങള്‍ക്ക് ഒരു പരിസമാപ്തിയുണ്ടാക്കാന്‍ കഴിയും. എന്നാല്‍ അതാര്‍ക്കും ഒരിക്കലും ഗുണം ചെയ്യാന്‍ ഉതകില്ല എന്നോര്‍ത്താല്‍ നന്ന്.

വീഡിയോ കാണാം……

Share Email
Top