ഉപതിരഞ്ഞെടുപ്പുകളിൽ പാലക്കാട് യു.ഡി.എഫിന് എളുപ്പമാകില്ല, വയനാട്ടിലെ ഭൂരിപക്ഷവും കുറയാൻ സാധ്യത

ഉപതിരഞ്ഞെടുപ്പുകളിൽ പാലക്കാട് യു.ഡി.എഫിന് എളുപ്പമാകില്ല, വയനാട്ടിലെ ഭൂരിപക്ഷവും കുറയാൻ സാധ്യത

കേരളത്തില്‍ വീണ്ടും ഒരു തിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങുകയാണ്. വയനാട് ലോക്‌സഭ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. കേരളത്തിലെ മൂന്ന് മുന്നണികളെ സംബന്ധിച്ചും ഏറെ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണിത്. വയനാട് ലോക്‌സഭ മണ്ഡലവും പാലക്കാട് നിയമസഭാ മണ്ഡലവും നിലവില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. എന്നാല്‍, ചേലക്കര ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റാണ്. ചേലക്കരയില്‍ സീറ്റ് നിലനിര്‍ത്തേണ്ടത് ഇടതുപക്ഷത്തെ സംബന്ധിച്ച് പരമ പ്രധാനമാണ്. ഇതോടൊപ്പം തന്നെ പാലക്കാട് മണ്ഡലത്തില്‍ മുന്നേറ്റമുണ്ടാക്കാനും വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം കുറക്കാനും ഇടതുപക്ഷം പരമാവധി ശ്രമിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റില്‍ ഒതുങ്ങിയതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഉപതിരഞ്ഞെടുപ്പിലെ മുന്നേറ്റം ഇടതുപക്ഷത്തിനും ആ മുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഎമ്മിനും അനിവാര്യമാണ്.

2019-ല്‍ ആദ്യമായി രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചപ്പോള്‍ 7,06,367 വോട്ടാണ് രാഹുലിന് കിട്ടിയിരുന്നത്. അന്ന് ആകെ പോള്‍ ചെയ്തതിന്റെ 64.67 ശതമാനം വോട്ടും പിടിച്ചത് രാഹുല്‍ തന്നെയാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞെങ്കിലും രാഹുല്‍ 6,47,445 വോട്ടുകള്‍ നേടിയിട്ടുണ്ട്. ശതമാന കണക്കു പ്രകാരം നോക്കുകയാണെങ്കില്‍ ഇത് 59.69 ആണ്. 3,64,422 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ രാഹുല്‍ ഗാന്ധിക്ക് കിട്ടിയിരിക്കുന്നത്. വയനാട്ടില്‍ തിരഞ്ഞെടുപ്പു നടക്കുമ്പോള്‍ റായ്ബറേലിയില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വിവരം കോണ്‍ഗ്രസ്സ് പുറത്തു വിട്ടിരുന്നില്ല. അങ്ങനെ സംഭവിച്ചിരുന്നു എങ്കില്‍ ഇത്ര ഭൂരിപക്ഷം രാഹുലിന് കിട്ടാനുള്ള സാധ്യതയും കുറവായിരുന്നു. മാത്രമല്ല ഇന്ത്യാ മുന്നണി അധികാരത്തില്‍ വരുമെന്നും രാഹുല്‍ പ്രധാനമന്ത്രിയാകുമെന്നും ഉള്ള പ്രചരണവും വയനാട്ടില്‍ രാഹുലിന് ഗുണം ചെയ്തിട്ടുണ്ട്.

എന്നാല്‍ ഉപതിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഈ രണ്ട് കാര്യങ്ങളിലും വ്യക്തതയുണ്ട്. രാഹുല്‍ പ്രാധാനമന്ത്രി പോയിട്ട് പ്രതിപക്ഷ നേതാവ് പോലും ആകുന്നില്ലന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്ക് മുന്നിലുണ്ട്. വയനാട്ടില്‍ നിന്നും വിജയിച്ച ശേഷം ഈ മണ്ഡലം ഉപേക്ഷിച്ച് റായ്ബറേലി നിലനിര്‍ത്തിയതിലും ജനങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. രാഹുലിന് പകരം പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കി എളുപ്പത്തില്‍ ജനവികാരം അനുകൂലമാക്കാമെന്ന കോണ്‍ഗ്രസ്സിന്റെ കണക്ക് കൂട്ടലുകളും തുടക്കത്തില്‍ പിഴച്ചിട്ടുണ്ട്. വയനാട്ടിലും കുടുംബാധിപത്യം കൊണ്ടുവരുന്നു എന്ന വലിയ പ്രചരണമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. മാത്രമല്ല പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവായ റോബര്‍ട്ട് വാദ്രയുടെ പ്രതികരണവും അദ്ദേഹത്തിന്റെ അധികാരത്തോടുള്ള ആര്‍ത്തിയും പ്രിയങ്ക ഗാന്ധിക്ക് എതിരായ വികാരമാണ് ജനങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിയിരിക്കുന്നത്.

മുസ്ലീം സമുദായത്തിനും മുസ്ലിംലീഗിനും നിര്‍ണ്ണായക സ്വാധീനമുള്ള വയനാട്ടില്‍ പ്രിയങ്കയെ പോലുള്ള ഒരു സ്ത്രീ മത്സര രംഗത്തിറങ്ങിയാല്‍ അത് മത സംഘടന നേതൃത്വത്തിനും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എത്രമാത്രം സ്വീകാര്യമാകും എന്നതും കണ്ടറിയേണ്ട കാര്യം തന്നെയാണ്. മുന്‍പ് വനിതാ ലീഗ് നേതാവ് നിയമസഭയിലേക്ക് മത്സരിപ്പിച്ചപ്പോള്‍ അവരുടെ തോല്‍വി ഉറപ്പാക്കാന്‍ രംഗത്തിറങ്ങിയത് തന്നെ ലീഗിലെ ഒരു വിഭാഗമായിരുന്നു. ഈ ചരിത്രം ആവര്‍ത്തിച്ചാല്‍ വയനാട്ടില്‍ കോണ്‍ഗ്രസ്സ് ശരിക്കും വെള്ളം കുടിക്കും. രാഹുല്‍ ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ നേടി പ്രിയങ്ക വിജയിക്കുമെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം അവകാശപ്പെടുന്നത്. 5 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ പ്രിയങ്ക വയനാട്ടില്‍ വിജയിച്ചാലും ഭൂരിപക്ഷം കുത്തനെ കുറക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞാല്‍ അത് യുഡിഎഫിന് വലിയ പ്രഹരമായി മാറും. ദേശീയ തലത്തില്‍ പ്രിയങ്ക ഗാന്ധിക്കും വലിയ നാണക്കേടായി മാറുകയും ചെയ്യും.

വയനാടിനെ പോലെ പാലക്കാടും കോണ്‍ഗ്രസ്സായിട്ട് സൃഷ്ടിച്ച ഉപതിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. ഷാഫി പറമ്പില്‍ വടകരയില്‍ മത്സരിച്ചില്ലായിരുന്നു എങ്കില്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടി വരില്ലായിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ.ശ്രീധരനിലൂടെ ബിജെപി ഉയര്‍ത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് പാലക്കാട് മണ്ഡലത്തില്‍ 3,859 വോട്ടിന്റെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ ഷാഫി വിജയിച്ചിരുന്നത്. ആ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ സി.പി.പ്രമോദ് മൂന്നാം സ്ഥാനത്തായി പോവുകയാണ് ഉണ്ടായത്. ബിജെപി വിജയിക്കുമെന്ന് കണ്ടപ്പോള്‍ അവസാന നിമിഷം ഇടതുപക്ഷത്തു നിന്നു പോലും ഷാഫിയുടെ പെട്ടിയിലേക്ക് വോട്ടുകള്‍ പോയിട്ടുണ്ട്.

ബിജെപി വിജയിക്കാതിരിക്കാന്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ കാണിച്ച ആ ആവേശം പുതിയ സാഹചര്യത്തില്‍ എന്തായാലും ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ സാധ്യതയില്ല. ഇടതുപക്ഷത്തിന് ലഭിക്കാവുന്ന പരമാവധി വോട്ടുകള്‍ സമാഹരിക്കുക എന്നതായിരിക്കും, സിപിഎം സ്വീകരിക്കുന്ന നിലപാട്. ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കി കരുത്ത് കാട്ടാന്‍ സിപിഎം ഇറങ്ങുമ്പോള്‍ പാലക്കാട് പഴയ പാലക്കാടല്ലെന്നത് യുഡിഎഫ് നേതൃത്വം തിരിച്ചറിയേണ്ടതുണ്ട്. പാലക്കാട്ടെ ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ ബന്ധമുള്ള ഷാഫി പറമ്പിലിന് പകരം ആര് തന്നെ സ്ഥാനാര്‍ത്ഥി ആയാലും അവര്‍ക്ക് എത്രമാത്രം വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്നത് വിജയ പ്രതീക്ഷയില്‍ നിര്‍ണ്ണായകമായിരിക്കും.

പാലക്കാട് നിന്നും വടകരയില്‍ എത്തിയ ഷാഫി സാമുദായിക വികാരം ഉയര്‍ത്തിയാണ് വിജയിച്ചതെന്ന ആക്ഷേപം സിപിഎമ്മിന് ഉള്ളതിനാല്‍ പാലക്കാട് പ്രഹരിക്കാന്‍ കിട്ടുന്ന ഏത് അവസരവും അവര്‍ ശരിക്കും ഉപയോഗിക്കാന്‍ തന്നെയാണ് സാധ്യത. പാലക്കാട് മണ്ഡലം യുഡിഎഫിനു നഷ്ടമായാല്‍ വടകരയില്‍ വിജയിച്ച ഷാഫിയുടെ ആവേശവും അതോടെ തീരും. കണക്കുകള്‍ പ്രകാരം ഇത്തവണ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് ബിജെപി തന്നെയാണുള്ളത്. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ 9,707 ലീഡാണ് കോണ്‍ഗ്രസ്സിനുള്ളത്. ഇത് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ എളുപ്പത്തില്‍ മറികടക്കാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

പാലക്കാട് നഗരസഭയും കണ്ണാടി, മാത്തൂര്‍, പിരായിരി പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണു പാലക്കാട് നിയമസഭാ മണ്ഡലം. ഇതില്‍ പാലക്കാട് നഗരസഭ ഭരിക്കുന്നത് നിലവില്‍ ബിജെപിയാണ്. മാത്തൂരും പിരായിരിയും യുഡിഎഫാണു ഭരിക്കുന്നത്. കണ്ണാടി മാത്രമാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത്. ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെ ഉള്ളവരെയാണ് പാലക്കാട് പിടിക്കാന്‍ ബിജെപി പരിഗണിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് നിയമസഭമണ്ഡലം ബിജെപി പിടിച്ചെടുത്താല്‍ അതിന് അവസരം ഉണ്ടാക്കി കൊടുത്തു എന്ന പഴി ഷാഫി പറമ്പിലും കോണ്‍ഗ്രസ്സും നേരിടേണ്ടി വരും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി അക്കൗണ്ട് തുറന്നതും കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്താണ്. തൃശൂരിനു പുറമെ പാലക്കാട് കൂടി കോണ്‍ഗ്രസ്സില്‍ നിന്നും ബിജെപി പിടിച്ചാല്‍ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും അത് കോണ്‍ഗ്രസ്സിനെതിരെ ആയുധമാക്കും. ഇടതുപക്ഷത്തെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായ തിരിച്ചടിയാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. പാര്‍ട്ടി നേതാക്കള്‍ മുതല്‍ അണികള്‍ വരെ വലിയ നിരാശയിലാണ് ഉള്ളത്.

പരാജയ കാരണം ചര്‍ച്ച ചെയ്ത് തെറ്റുതിരുത്തല്‍ നടപടികളുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ച സിപിഎമ്മിന് തെറ്റുതിരുത്താന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരമാണ് ഉപതിരഞ്ഞെടുപ്പ്. പാര്‍ട്ടി സിറ്റിംഗ് സീറ്റായ ചേലക്കര നിലനിര്‍ത്തുകയും വയനാട്ടിലും പാലക്കാട്ടും വോട്ട് വിഹിതം ഉയര്‍ത്തുകയും ചെയ്താല്‍ അത് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പിടിവള്ളിയായി മാറും. ബിജെപി അതിന്റെ സംഘടനാ സംവിധാനം മുഴുവന്‍ പാലക്കാട് കേന്ദ്രീകരിച്ച് അട്ടിമറി വിജയം ലക്ഷ്യമിടുമ്പോള്‍ കോണ്‍ഗ്രസ്സിനും യുഡിഎഫ് നേതാക്കള്‍ക്കും ഒരേ സമയം പാലക്കാടും വയനാടും വലിയ പരിഗണന കൊടുത്ത് കേന്ദ്രീകരിക്കേണ്ടി വരും. പ്രിയങ്ക ഗാന്ധിയ്ക്ക് ഭൂരിപക്ഷം കുറഞ്ഞാല്‍ പോലും വലിയ നാണക്കേടാകും എന്നതിനാല്‍ വയനാട്ടില്‍ അവര്‍ സകല അടവുകളും പയറ്റും. പാലക്കാടും സമാന അടവു തന്നെയാണ് കോണ്‍ഗ്രസ്സ് പ്രയോഗിക്കുക. പാലക്കാട് കൈവിട്ടാല്‍ 2026-ലെ കണക്കു കൂട്ടലുകളാണ് പിഴക്കുക എന്നതിനാല്‍ പ്രതിപക്ഷ നേതാവാണ് പാലക്കാട്ടെ പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക.

ഇടതുപക്ഷത്ത് സിപിഎമ്മും സിപിഐയും, അവരുടെ സകല സംഘടനാ സംവിധാനവും, പ്രവര്‍ത്തന മികവും പുറത്തെടുക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. ചുവപ്പ് കോട്ടയായ ചേലക്കരയുടെ കാര്യത്തില്‍ സിപിഎം വലിയ ആത്മ വിശ്വാസത്തിലാണ് ഉള്ളത്. 39,400 വോട്ടിന്റെ കൂറ്റന്‍ ഭൂരിപക്ഷത്തിന് കെ രാധാകൃഷ്ണന്‍ വിജയിച്ച മണ്ഡലത്തില്‍ അത്ഭുതങ്ങള്‍ സംഭവിച്ചില്ലങ്കില്‍ ചെങ്കൊടി തന്നെയാണ് ഉപതിരഞ്ഞെടുപ്പിലും പാറാന്‍ പോകുന്നത്. ഇതോടൊപ്പം തന്നെ പാലക്കാട്ടും വയനാട്ടിലും യുഡിഎഫിന്റെ സകല കണക്കു കൂട്ടലുകളും തെറ്റിക്കുന്ന നീക്കമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഇനി ഉണ്ടാകാന്‍ പോകുന്നത്. നേതൃത്വം നല്‍കുന്ന സൂചനയും അതു തന്നെയാണ്…

EXPRESS KERALA VIEW

Top