മനുഷ്യൻ തന്റെ ശരീര സൗന്ദര്യ വർദ്ധനവിനായി പലവിധത്തിലുള്ള മാർഗ്ഗങ്ങളും സ്വീകരിക്കുന്നത് ഇന്നത്തെ കാലത്ത് പുതിയ കാര്യമല്ല. എന്നാൽ ഇന്നത്തെ ഫാഷൻ ട്രെൻഡുകളെ പോലും വെല്ലുന്ന തരത്തിൽ 2,500 വർഷങ്ങൾക്ക് മുമ്പ് സ്വന്തം പല്ലുകളിൽ രത്നങ്ങളും വിലപിടിപ്പുള്ള മാണിക്യങ്ങളും പതിപ്പിച്ച് സൗന്ദര്യം കൂട്ടിയ പുരാതന മായൻ ജനതയുടെ ചരിത്രം ലോകത്തെയാകെ അത്ഭുതപ്പെടുത്തുകയാണ്. പല്ലുകൾ വെളുപ്പിക്കുകയോ പുതിയ സ്റ്റൈലിൽ മുടി വെട്ടുകയോ ചെയ്യുന്നതിലപ്പുറം പല്ലുകളിൽ വൈവിധ്യമാർന്ന രൂപങ്ങൾ നൽകാനും വിലപിടിപ്പുള്ള കല്ലുകൾ പതിപ്പിക്കാനുമാണ് മായൻമാർ ആഗ്രഹിച്ചിരുന്നത്.
സ്വർണ്ണത്തേക്കാൾ വിലമതിക്കുന്ന ജെയ്ഡ് എന്ന പച്ചക്കല്ലാണ് പല്ലുകളിൽ പതിപ്പിക്കാൻ ഇവർ പ്രധാനമായും ഉപയോഗിച്ചിരുന്നത്. തിളങ്ങുന്ന പച്ച നിറത്തിലുള്ള ഈ അമൂല്യ കല്ല് ജലം, പുതിയ സസ്യങ്ങൾ, ജീവൻ എന്നിവയുടെ പ്രതീകമായാണ് അവർ കരുതിയിരുന്നത്. രാജാക്കന്മാരും രാജ്ഞിമാരുമാണ് തങ്ങളുടെ അധികാരം കാണിക്കുന്നതിനായി ഈ രത്നങ്ങൾ ധരിച്ചിരുന്നത്. മരണശേഷമുള്ള ജീവിതത്തിൽ അമരത്വം ലഭിക്കുമെന്ന വിശ്വാസത്താൽ മൃതദേഹങ്ങൾക്കൊപ്പം ഇത്തരം രത്നങ്ങളും സംസ്കരിക്കാറുണ്ടായിരുന്നു. പല്ലുകളിൽ കൃത്യമായ രീതിയിൽ ചെറിയ തുളകൾ ഉണ്ടാക്കി അതിൽ രത്നങ്ങൾ പതിപ്പിച്ച മായൻ ദന്തഡോക്ടർമാരുടെ വൈദഗ്ധ്യം അവിശ്വസനീയമാണ്. ഒരൊറ്റ ചെറിയ പിഴവ് പോലും കടുത്ത വേദനയ്‌ക്കോ പല്ല് പൂർണ്ണമായി നശിക്കുന്നതിനോ കാരണമാകുമെന്നിരിക്കെ, സസ്യങ്ങളിൽ നിന്നുള്ള പശ ഉപയോഗിച്ചാണ് അവർ ഈ കല്ലുകൾ പല്ലുകളിൽ ഒട്ടിച്ചു വെച്ചിരുന്നത്.
പുരാതന കാലത്ത് വിവിധ നിറങ്ങളിലുള്ള കല്ലുകൾ പല്ലിൽ പതിപ്പിച്ച് അക്കാലത്ത് തന്നെ വലിയ രീതിയിലുള്ള ദന്താലങ്കാരങ്ങൾ അവർ തീർത്തിരുന്നു. ഇത്രയും നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഇത്രയും കൃത്യതയോടെ ദന്തചികിത്സ നടത്താൻ മായൻ ജനതയ്ക്ക് കഴിഞ്ഞിരുന്നു എന്നത് ചരിത്ര ഗവേഷകരെയും ഒരേസമയം അമ്പരപ്പിക്കുന്ന ഒന്നാണ്.






