ഇറാനിലെ നിലവിലെ ഭരണകൂടത്തെ അട്ടിമറിക്കുന്നത് ഇനി അസാധ്യമല്ല, മറിച്ച് കൈവരിക്കാവുന്ന ലക്ഷ്യത്തിലാണെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പുതിയ പ്രഖ്യാപനം. ഇറാൻ ഇതുവരെ കാണാത്തവിധം ദുർബലമായെന്നും ഭരണകൂടം നിലനിൽപ്പിനായി പോരാടുകയാണെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേലിന്റെ വിദേശനയത്തിലെ പ്രധാന ലക്ഷ്യം ഇപ്പോൾ ഇറാനിലെ ഭരണകൂടമാറ്റമാണെന്നും സമീപഭാവിയിൽ തന്നെ അത് സാധ്യമാകുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സും സൈനിക മേധാവി എയൽ സമീറും ഉൾപ്പെടെയുള്ള ഉന്നത സൈനിക നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു പ്രതികരണം.
ഇറാനിൽ നിന്നുള്ള ഭീഷണി എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള കഴിവ് ഇസ്രായേലിനുണ്ടെന്നും ഭരണകൂടത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യം ഇപ്പോൾ കൈയെത്തും ദൂരത്താണെന്നും നെതന്യാഹുവിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ‘ഞങ്ങളുടെ ശത്രുക്കളോട് പറയാനുള്ളത്, ഞങ്ങളോട് കളിക്കരുതെന്നാണ്’ എന്ന സന്ദേശവും അദ്ദേഹം നൽകി. ഇസ്രായേലിന് ശക്തിയും നിശ്ചയദാർഢ്യവും ആഭ്യന്തര ഐക്യവുമുണ്ടെന്നും നെതന്യാഹു അവകാശപ്പെട്ടു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഇസ്രായേൽ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ പ്രസ്താവന. ഗാദി ഐസൻകോട്ടാണ് നെതന്യാഹുവിനെതിരെ മത്സരിക്കുന്നത്. ഇതിനിടെ നെതന്യാഹു എക്സിൽ പങ്കുവച്ച എഐ നിർമിത വിഡിയോയിൽ ന്യൂയോർക്ക് മേയർ സൊഹ്രാൻ മംദാനിയും ഫലസ്തീൻ, തുർക്കി നേതാക്കളും തന്റെ പരാജയം കാത്തിരിക്കുന്നതായി ചിത്രീകരിച്ചിരുന്നു. ‘ഇസ്രായേലിന്റെ ശത്രുക്കൾ നെതന്യാഹു വീഴണമെന്ന് ആഗ്രഹിക്കുന്നു; അവരെ വിജയിപ്പിക്കരുത്’ എന്നായിരുന്നു കുറിപ്പ്.
ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കണമെന്ന നെതന്യാഹുവിന്റെ നിലപാട് ഇതാദ്യമല്ല. ഈ വർഷം മേയിൽ സി.ബി.എസ് ചാനലിന് നൽകിയ അഭിമുഖത്തിലും ഇറാൻ ഭരണകൂടത്തെ താഴെയിറക്കാൻ സാധിക്കുമെന്നും എന്നാൽ അത് ഉറപ്പായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനു മുൻപ് മാർച്ചിൽ, ഇറാനുമായുള്ള യുദ്ധത്തിന് മുമ്പ് മൊസാദ് മേധാവി ഡേവിഡ് ബാർണിയ ഇസ്രായേൽ മന്ത്രിസഭയെ ഇക്കാര്യം അറിയിച്ചതായി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഭരണകൂടമാറ്റത്തിന് ഏതാനും മാസങ്ങൾ മുതൽ ഒരു വർഷം വരെ വേണ്ടിവരുമെന്നായിരുന്നു വിവിധ സാഹചര്യങ്ങൾ വിലയിരുത്തിയതിൽ പ്രധാനമായും കണക്കാക്കിയിരുന്നത്. യുദ്ധത്തിന്റെ തുടക്കത്തിൽ ഡോണൾഡ് ട്രംപും നെതന്യാഹുവും ഭരണകൂടമാറ്റത്തിന് പിന്തുണ നൽകിയിരുന്നെങ്കിലും പിന്നീട് ഇറാന്റെ ആണവശേഷി ഇല്ലാതാക്കുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധ.
എന്നാൽ ഇപ്പോൾ നെതന്യാഹുവിനൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വീണ്ടും ഭരണകൂടമാറ്റത്തെക്കുറിച്ച് ശക്തമായ നിലപാട് സ്വീകരിക്കുകയാണ്. ഇറാനികൾ തങ്ങളുടെ നേതൃത്വത്തിനെതിരെ എഴുന്നേൽക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ രണ്ടിന് ഇറാനിൽ പ്രതിഷേധം നടക്കാത്തത് പ്രതിഷേധിക്കുന്നവരെ വെടിവെച്ചുകൊല്ലുമെന്ന് അവർക്ക് അറിയാവുന്നതിനാലാണെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം, ഇരുനേതാക്കളും ഇറാനിൽ അനുകൂലമായ മാറ്റം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണോ ഈ പ്രഖ്യാപനങ്ങൾ നടത്തുന്നത്, അതോ സമാധാനകരാറിലേക്ക് കൂടുതൽ വേഗത്തിൽ എത്താൻ സമ്മർദ തന്ത്രമായി ഉപയോഗിക്കുന്നതാണോ എന്ന ചോദ്യമാണ് ഇനി ഉയരുന്നത്.






