‘തോൽവിക്ക് അണികളല്ല, നേതൃത്വം തന്നെ ഉത്തരവാദി’! സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

തുടർപരാജയങ്ങളിൽ നിന്ന് പാഠം പഠിച്ചില്ലെന്ന് വിമർശനം

‘തോൽവിക്ക് അണികളല്ല, നേതൃത്വം തന്നെ ഉത്തരവാദി’!  സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
‘തോൽവിക്ക് അണികളല്ല, നേതൃത്വം തന്നെ ഉത്തരവാദി’!  സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം അണികളുടെയും കീഴ്ഘടകങ്ങളുടെയും മേൽ ചുമത്തരുതെന്ന് സിപിഎം വിപുലീകൃത സംസ്ഥാനകമ്മിറ്റിയിൽ രൂക്ഷ വിമർശനം. സംസ്ഥാന നേതൃത്വം പൂർണപരാജയമാണെന്നും സംഘടനാ ദൗർബല്യങ്ങൾ തിരുത്തുന്നതിൽ നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. തോൽവി അപ്രതീക്ഷിതമായിരുന്നില്ലെന്നും തുടർഭരണത്തിന് കാരണക്കാരാണെന്ന് അവകാശപ്പെട്ടവർ തന്നെ ഇപ്പോഴത്തെ തോൽവിയുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്നും കാസർകോടുനിന്നുള്ള പ്രതിനിധി പറഞ്ഞു.

ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും നേരിട്ട തുടർപരാജയങ്ങളുടെ പൾസ് മനസ്സിലാക്കാനോ അതിൽ നിന്ന് പാഠം പഠിച്ച് തിരുത്തൽ നടപടികൾ സ്വീകരിക്കാനോ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് കണ്ണൂരിൽനിന്നുള്ള പ്രതിനിധി വിമർശിച്ചു. സംഘടനാ ദൗർബല്യം തിരുത്താനുള്ള ശേഷി സംസ്ഥാന സെക്രട്ടേറിയറ്റിനില്ലെന്നും ആരോപണമുയർന്നു. അഞ്ചുമിനിറ്റിൽ പറയേണ്ട കാര്യങ്ങൾ സെക്രട്ടറി എം.വി. ഗോവിന്ദൻ ഒന്നരമണിക്കൂർ എടുത്ത് വിശദീകരിക്കുന്നത് അരോചകമാണെന്നും യോഗങ്ങളിലും മാധ്യമങ്ങളോട് ഇടപെടുമ്പോഴും നേതാക്കൾ കൂടുതൽ ജാഗ്രത കാണിക്കണമെന്നും വിമർശനം ഉയർന്നു.

ALSO READ;‘എല്ലാം ശരിയെന്ന് മോദി പറയും, പക്ഷേ വിലകൾ കുതിക്കുന്നു’..!പണപ്പെരുപ്പത്തിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസിന്റെ കടന്നാക്രമണം

ചില നേതാക്കൾ വരുമാനത്തിനനുസരിച്ചല്ല ജീവിക്കുന്നതെന്നും സഹകരണബാങ്ക് ക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർട്ടിയിൽനിന്ന് ജനങ്ങൾ അകലാൻ കാരണമായെന്നും യോഗത്തിൽ വിമർശനമുണ്ടായി. തിരുവനന്തപുരത്ത് വി. ജോയ് എം.എൽ.എയെ ജില്ലാസെക്രട്ടറിയാക്കിയതിന്റെ മാനദണ്ഡവും തൃശ്ശൂരിൽനിന്നുള്ള പ്രതിനിധി ചോദ്യം ചെയ്തു. പാർട്ടിയെ നയിക്കാൻ തിരുവനന്തപുരത്ത് മറ്റാരുമില്ലേയെന്നും അദ്ദേഹം ചോദിച്ചു. നേതൃത്വത്തിന്റെ തീരുമാനങ്ങളെയും പ്രവർത്തനരീതികളെയും നേരിട്ട് ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു യോഗത്തിലെ വിമർശനങ്ങൾ.

വിമർശനങ്ങൾക്ക് മറുപടിയായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, തന്നെക്കുറിച്ച് വിമർശനം ഇല്ലെങ്കിൽ പിന്നെ അതെന്ത് സമ്മേളനമാണെന്ന് പ്രതികരിച്ചു. നേതാക്കളെല്ലാം വിമർശിക്കപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയ തെറ്റുകൾ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ വിലയിരുത്തുന്നതിനൊപ്പം സംഘടനയിലെ ദൗർബല്യങ്ങളും നേതാക്കളുടെ പ്രവർത്തനരീതിയും ചർച്ചയായ യോഗത്തിൽ, ഉത്തരവാദിത്വം താഴെത്തട്ടിലേക്ക് മാറ്റാതെ നേതൃത്വം തന്നെ തിരുത്തലിന് തയ്യാറാകണമെന്ന ആവശ്യമാണ് പ്രധാനമായും ഉയർന്നത്.

Share Email
Top