ഖേദമുണ്ട്, പക്ഷെ എന്ത് ചെയ്യാൻ..! വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതപ്രവൃത്തികൾ ഒന്നുമില്ല -മന്ത്രി സണ്ണി ജോസഫ്

നിലവിൽ കേരളം സ്വന്തമായി ഉൽപാദിപ്പിക്കുന്നത് 1650 മെഗാവാട്ടാണ്. കേന്ദ്ര വിഹിതമായി 1500 മെഗാവാട്ടും ദീർഘകാല കരാറുകളിലൂടെ 630 മെഗാവാട്ടും ഹ്രസ്വകാല കരാറുകളിൽനിന്ന് 100 മെഗാവാട്ടും ലഭിക്കുന്നുണ്ട്

ഖേദമുണ്ട്, പക്ഷെ എന്ത് ചെയ്യാൻ..! വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതപ്രവൃത്തികൾ ഒന്നുമില്ല -മന്ത്രി സണ്ണി ജോസഫ്
ഖേദമുണ്ട്, പക്ഷെ എന്ത് ചെയ്യാൻ..! വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതപ്രവൃത്തികൾ ഒന്നുമില്ല -മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ, ഇത് ഒറ്റയടിക്ക് പരിഹരിക്കാൻ കഴിയുന്ന വിഷയമല്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സർക്കാരിന്റെയും കെഎസ്ഇബിയുടെയും ഭാഗത്തുനിന്ന് മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും ജനങ്ങൾ നേരിടുന്ന പ്രയാസങ്ങളിൽ ഖേദമുണ്ടെന്നും മന്ത്രി പറഞ്ഞു. ആരുടെയെങ്കിലും അനാസ്ഥയോ വീഴ്ചയോ കൊണ്ടല്ല പ്രതിസന്ധിയെന്നും പ്രതികൂല കാലാവസ്ഥയും പ്രത്യേക സാഹചര്യങ്ങളുമാണ് പ്രധാന കാരണമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

മഴ കുറഞ്ഞതും ചൂട് കൂടിയതും വൈദ്യുതി ഉൽപാദനം കുറയാനും ഉപഭോഗം കുത്തനെ ഉയരാനും കാരണമായി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഒരു ദിവസത്തെ ശരാശരി വൈദ്യുതി ആവശ്യം 3794 മെഗാവാട്ടായിരുന്നെങ്കിൽ ഇന്നലെ ഇത് 5200 മെഗാവാട്ടായി. നിലവിൽ ഏകദേശം 1000 മെഗാവാട്ടിന്റെ കുറവാണ് നേരിടുന്നത്. പകൽ സൗരോർജ വൈദ്യുതി ഗ്രിഡിലേക്ക് നൽകാൻ കഴിയുന്നുണ്ടെങ്കിലും രാത്രിയിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ്. യൂണിറ്റിന് 10 മുതൽ 16 രൂപ വരെ നൽകാൻ തയ്യാറായാലും രാത്രിയിൽ വിപണിയിൽ വൈദ്യുതി ലഭിക്കുന്നില്ലെന്നും ലഭിക്കുന്ന ഓഫറുകൾ മിനിറ്റുകൾക്കുള്ളിൽ പിൻവലിക്കപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.

ALSO READ:വിമർശന ശരങ്ങളോ? വിശാല സംസ്ഥാന കമ്മിറ്റിയിൽ പിണറായിക്കെതിരെ അടിക്കാൻ വടികളേറെ..!

പ്രതിസന്ധി മറികടക്കാൻ കായംകുളം എൻടിപിസിയുമായി ചർച്ച നടത്തുകയും അനുബന്ധ സ്ഥാപനങ്ങളിൽനിന്നുള്ള വൈദ്യുതി ലഭ്യത വർധിപ്പിക്കാനും ഫ്ലോട്ടിങ് സോളാർ പദ്ധതികൾ നടപ്പാക്കാനും കെഎസ്ഇബി ശ്രമിക്കുന്നുണ്ട്. വൈദ്യുതി നിയന്ത്രണം 100 ശതമാനം കൃത്യമായി മുൻകൂട്ടി അറിയിക്കാൻ കഴിയില്ലെങ്കിലും കഴിയുന്നത്ര നേരത്തെ അറിയിക്കാനുള്ള സംവിധാനം ഉടൻ ഏർപ്പെടുത്തും. ഏകദേശം 1000 മെഗാവാട്ടിന്റെ കുറവ് നികത്തുന്നതിനായി ലഭ്യമായ വൈദ്യുതി 2500 മുതൽ 3000 വരെ ഫീഡറുകളിലേക്ക് വീതിച്ചു നൽകേണ്ടിവരുന്നതിനാലാണ് ചില പ്രദേശങ്ങളിൽ നിയന്ത്രണം ആവർത്തിക്കുന്നത്. ഇത് സാങ്കേതിക കാരണങ്ങളാലാണെന്നും മനഃപൂർവമല്ലെന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ കേരളം സ്വന്തമായി ഉൽപാദിപ്പിക്കുന്നത് 1650 മെഗാവാട്ടാണ്. കേന്ദ്ര വിഹിതമായി 1500 മെഗാവാട്ടും ദീർഘകാല കരാറുകളിലൂടെ 630 മെഗാവാട്ടും ഹ്രസ്വകാല കരാറുകളിൽനിന്ന് 100 മെഗാവാട്ടും ലഭിക്കുന്നുണ്ട്. കേരളത്തിന് ഏകദേശം 700 മെഗാവാട്ട് വരെ വൈദ്യുതി കുറവുണ്ടാകുമെന്ന് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. ഗ്രിഡ് സുരക്ഷ മുൻനിർത്തി ബെംഗളൂരുവിലെ റീജണൽ ലോഡ് ഡിസ്പാച്ചിങ് സെന്ററിന്റെ നിർദേശങ്ങളും ലോഡ് ക്രമീകരണങ്ങളും അനുസരിച്ചാണ് വിതരണം. ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവ സ്വന്തം ആവശ്യത്തിന്റെ യഥാക്രമം 86, 67, 60, 50 ശതമാനം വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ കേരളത്തിന് സ്വന്തം ഉൽപാദനം ആവശ്യത്തിന്റെ ഏകദേശം 25 ശതമാനം മാത്രമാണ്. ബാക്കി 75 ശതമാനത്തോളം വൈദ്യുതിക്ക് കേന്ദ്ര ഏജൻസികളെയും മറ്റ് പവർ പ്ലാന്റുകളെയും ആശ്രയിക്കേണ്ടിവരുന്നതാണ് നിലവിലെ പ്രതിസന്ധിയുടെ പ്രധാന പശ്ചാത്തലങ്ങളിലൊന്ന്.

Share Email
Top