സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമാണ്. ആദ്യ ഘട്ടത്തിൽ ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് മാത്രമായിരുന്ന അവധി, സ്ഥിതിഗതികൾ വിലയിരുത്തി ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് ജില്ല മുഴുവൻ വ്യാപിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതോടെ കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ മറ്റ് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നലെ രാത്രി തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് അവധി ബാധകമായിട്ടുള്ളത്. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിൽ ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി.
ALSO READ;2018 ആവർത്തിക്കരുത്..! ‘ഇന്നു രാത്രിയും കരുതൽ വേണം, മിന്നൽ പ്രളയസാധ്യത’; അതിതീവ്ര ജാഗ്രത നിർദ്ദേശം
പുലർച്ചെ നാല് മണിക്ക് പുറപ്പെടുവിച്ച പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകൾക്കും നേരത്തെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഓറഞ്ച് അലർട്ട് നിലവിലുള്ള ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
പ്രകൃതിക്ഷോഭത്തിന്റെ ഈ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും വീണ്ടും ഓർമ്മിപ്പിക്കുന്നു.






