പ്രകൃതിയുടെ ഓരോ വിസ്മയങ്ങളും നമ്മെ എപ്പോഴും അമ്പരപ്പിക്കാറുണ്ട്. എന്നാൽ ഒരു മനുഷ്യനേക്കാൾ ഉയരത്തിൽ വളരുകയും, ഏഴു മുതൽ പതിനഞ്ച് വർഷങ്ങൾ കൂടുമ്പോൾ മാത്രം പൂക്കുകയും ചെയ്യുന്ന ഒരു അപൂർവ്വ പുഷ്പത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഹിമാലയൻ നിരകളിലെ ഈ അത്ഭുത പുഷ്പത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് ലോകത്തെ അമ്പരപ്പിക്കുന്നത്.
‘ഡയമണ്ട് ഫ്ലവർ’ അഥവാ വജ്രപ്പൂവ് എന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയിലെ ഈ പുഷ്പം അറിയപ്പെടുന്നത്. റിയം നോബൈൽ (Rheum Nobile) എന്നും പ്രാദേശിക ഭാഷയിൽ കെൻജോ (Kenjo) എന്നും ശാസ്ത്രീയമായി ഇതിന് പേരുണ്ട്. ഇതിന്റെ തിളക്കമാർന്നതും തികച്ചും വ്യത്യസ്തവുമായ രൂപഭംഗി കാരണം ആളുകൾ സ്നേഹത്തോടെ ഇതിനെ ‘ഹിമാലയൻ ഡയമണ്ട്’ എന്നാണ് വിളിക്കുന്നത്. ഈ അപൂർവ്വ ഇനം ചെടികൾ സാധാരണ സ്ഥലങ്ങളിൽ വളരുന്നവയല്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4,000 മീറ്റർ (13,000 അടി) ഉയരത്തിൽ ഹിമാലയത്തിലെ കൊടും തണുപ്പുള്ളതും പാറകൾ നിറഞ്ഞതുമായ പ്രദേശങ്ങളിൽ മാത്രമാണ് ഈ ചെടികൾ കാണപ്പെടുന്നത്. പൂർണ്ണമായും വിരിയാൻ 7 മുതൽ 15 വർഷം വരെ സമയമെടുക്കുന്ന ഈ പൂക്കൾക്ക് 3.2 അടി മുതൽ 6.5 അടി വരെ ഉയരമുണ്ടാകും. അതായത് ഒരു സാധാരണ മനുഷ്യനേക്കാൾ ഉയരത്തിൽ ഇവ പ്രൗഢിയോടെ തലയുയർത്തി നിൽക്കും എന്നർത്ഥം.
കഠിനമായ കാലാവസ്ഥയെ അതിജീവിച്ച് മഞ്ഞുമലകളിൽ വളരുന്ന ഈ അപൂർവ്വ സസ്യത്തിന്റെ പ്രതിരോധശേഷി ആരെയും അതിശയിപ്പിക്കുന്നതാണ്. ഭൂമിയിലെ ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിലും ജീവൻ നിലനിർത്തുന്ന ഉയർന്ന പ്രദേശങ്ങളിലെ സസ്യജാലങ്ങളുടെ അസാധാരണമായ അതിജീവനത്തിന്റെ അടയാളം കൂടിയാണ് റിയം നോബൈൽ എന്ന ഈ പ്രകൃതിയുടെ വിസ്മയം.






