കുവൈത്ത് സിറ്റി: അധിനിവേശ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഇസ്രയേൽ പുറത്തുവിട്ട വിവാദ ഭൂപടത്തെ ശക്തമായി അപലപിച്ച് കുവൈത്ത്. അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും ലംഘനമാണ് നടന്നതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിരവധി ഇസ്രയേലി ഔദ്യോഗിക അക്കൗണ്ടുകൾ തെറ്റായ ഭൂപടങ്ങൾ പ്രസിദ്ധീകരിച്ച നടപടിയും കുവൈത്ത് ചൂണ്ടിക്കാട്ടി. അധിനിവേശം ഉറപ്പിക്കാൻ ലക്ഷ്യമിടുന്ന ഇസ്രയേൽ നയത്തെ തുറന്നുകാട്ടുന്നതാണ് ഈ നടപടി. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം അതിന്റെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും മന്ത്രാലയം അറിയിച്ചു.
അന്തർദേശീയവും പ്രാദേശികവുമായ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ നേരിടാൻ ശക്തമായ നടപടി കൈക്കൊള്ളണം. കിഴക്കൻ ജറുസലേം തലസ്ഥാനമായി തങ്ങളുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള പലസ്തീനിയൻ ജനതയുടെ അവകാശത്തിനും ലക്ഷ്യത്തിനും കുവൈത്ത് ഉറച്ച പിന്തുണ നൽകുമെന്നും മന്ത്രാലയം ആവർത്തിച്ചു. അധിനിവേശ പലസ്തീൻ പ്രദേശങ്ങൾ, ജോർദാൻ, ലബനൻ, സിറിയ എന്നീ രാജ്യങ്ങൾ ഉൾകൊള്ളുന്ന ഭൂപടമാണ് ചരിത്ര ഭൂപടങ്ങളെന്ന് വിശേഷിപ്പിച്ച് ഇസ്രയേൽ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.