ഒരു വർഷത്തിലധികമായി ഗാസയിൽ നടക്കുന്ന ഇസ്രയേൽ ക്രൂരതകളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്നും പുറത്ത് വരുന്നത്. മനുഷ്യ ജീവന് യാതൊരു വിലയും കൽപ്പിക്കാതെ ഇസ്രയേൽ നടത്തുന്ന നരനായാട്ടിൽ ബലിയാടായത് ഒന്നുമറിയാത്ത കുട്ടികളടക്കമുള്ളവരാണ്. യുദ്ധമുഖത്ത് നിന്ന് വന്ന പല വാർത്തകളും, പ്രത്യേകിച്ച് ഗാസയിൽ പൊലിഞ്ഞ മനുഷ്യ ജീവനുകളുടെ കണക്കുകൾ ലോക മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. എന്നാൽ പാലിൽ വെള്ളം ചേർക്കുന്ന ലാഘവത്തോടെ മനുഷ്യജീവന്റെ വേദനകളിലും ഇല്ലാ കഥമെനയാൻ യുദ്ധക്കൊതിയൻമാരായ അമേരിക്ക വളർത്തുന്ന പാശ്ചാത്യ മാധ്യമങ്ങൾ നടത്തിയ ഇടപെടലുകളാണ് ഇപ്പോൾ മറ നീക്കി പുറത്ത് വരുന്നത്.
അടുത്തിടെ പുറത്ത് വന്ന ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ട് ഇസ്രയേലിന്റെ ഞെട്ടിക്കുന്ന അക്രമങ്ങളെ പാടെ മയപ്പെടുത്തി കളയുന്നതാണ്. ലോകത്തിന്റെ പല ഭാഗത്ത് നിന്നും ഇസ്രയേൽ-ഹമാസ് സംഘർഷം റിപ്പോർട്ട് ചെയ്തതിനും ന്യൂയോർക്ക് ടൈംസ് വിമർശനങ്ങൾ നേരിട്ടിരുന്നു. BESA സെൻ്റർ നടത്തിയ ഒരു വിശകലനത്തിൽ, ഇസ്രയേലിന്റെ ചിലവിൽ, മാധ്യമം നിരവധി തെറ്റുകൾ വരുത്തിയതായും സത്യങ്ങൾ മൂടിവെച്ചതായും ചൂണ്ടികാണിക്കുന്നു. ഇസ്രയേലി സ്രോതസ്സുകളെ മാത്രം ആശ്രയിച്ചാണ് യുദ്ധത്തെ സംബന്ധിച്ച് ന്യൂയോർക്ക് ടൈംസിൽ ഇറങ്ങുന്ന ഓരോ ലേഖനങ്ങളുമുള്ളത്.

Also Read: ഉടൻ പരാജയപ്പെടും, സെലൻസ്കിയെ പഴിച്ച് യുക്രെയ്ൻ
ഹമാസിലെ മരണ നിരക്കുകൾ കുറച്ച് കാണിച്ചും, തെളിവുകളൊന്നുമില്ലാതെ ഓരോ ആരോപണങ്ങളുന്നയിച്ചുമാണ് ന്യൂയോർക്ക് ടൈംസ് യുദ്ധത്തെ വളച്ചൊടിക്കുന്നത്. കൊല്ലപ്പെട്ടതായി ഇസ്രയേൽ അവകാശപ്പെടുന്ന ഹമാസ് പോരാളികളുടെ എണ്ണവും ഗാസയിലെ യഥാർത്ഥ മരണസംഖ്യയും തമ്മിലുള്ള പൊരുത്തക്കേടുകളും, അത് അംഗീകരിച്ച് വാർത്തകൾ പ്രചരിപ്പിക്കുന്ന ന്യൂയോർക്ക് ടൈംസിന്റെ ലേഖനങ്ങളും തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം.
സത്യം പറഞ്ഞാൽ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പുതിയതായി ഒന്നുമില്ല. ഇതിനകം റിപ്പോർട്ട് ചെയ്ത കാര്യങ്ങൾ തന്നെയാണ് തിരിച്ചും മറിച്ചും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്ടുകളിലൂടെ യുദ്ധത്തിന്റെ വ്യാപ്തിയും ഇസ്രയേലിന്റെ ക്രൂരതയും കുറയ്ക്കാനാണ് ന്യൂയോർക്ക് ടൈംസ് ശ്രമിച്ചിട്ടുള്ളതെന്ന് വേണമെങ്കിൽ പറയാം. നിർണായക വസ്‌തുതകൾ ഒഴിവാക്കുകയും, ഇസ്രയേലിന്റെ അവകാശവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന പതിപ്പുകളാണ് അവർ പ്രോത്സാഹിപ്പിച്ചിരുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കുട്ടികൾ ഉൾപ്പെടെയുള്ള ഹമാസ് സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന ആരോപണം. ഈ അവകാശവാദം വിവിധ സ്രോതസ്സുകൾ നിഷേധിച്ചതാണ്. ഇതിനെതിരെ ധാരാളം വിമർശനങ്ങളും ഉയർന്നിരുന്നു. എന്നിട്ടും ലേഖനം അവതരിപ്പിക്കുകയും, അത് പ്രചരിപ്പിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള റിപ്പോർട്ടിംഗ് തെറ്റിദ്ധരിപ്പിക്കുന്നതും പ്രശ്നത്തിൻ്റെ സങ്കീർണ്ണതയെ ആശങ്കയിലാക്കുന്നതുമാണ്.

Also Read: ബ്രിക്സ്-സൗദി അറേബ്യ കൂട്ടുകെട്ടിൽ തെളിയുന്ന സാധ്യതകൾ
അതേസമയം, ചെറിയൊരു ലക്ഷ്യത്തിനായി 20 സാധാരണക്കാരെ വരെ കൊല്ലാമെന്ന ഒരു അഭൂതപൂർവമായ നിർദ്ദേശം ഇസ്രയേൽ സൈനികർക്ക് നൽകിയിട്ടുണ്ടെന്നാണ് ഡിസംബർ 26 ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ +972 മാഗസിൻ വ്യക്തമാക്കിയത്. ലേഖനം അനുസരിച്ച്, ഈ ഉത്തരവ് ഇസ്രയേലിൻ്റെ സൈനിക രീതിയിൽ തന്നെ അസ്വസ്ഥത ഉളവാക്കുന്നതാണ്. സ്വതന്ത്ര, ബ്ലോഗ് അധിഷ്‌ഠിത മാഗസിനായ +972 മാഗസിൻ 2024 ഏപ്രിൽ ആദ്യം, ഇസ്രയേലിൻ്റെ സൈന്യത്തെ കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇസ്രയേൽ സൈനിക നടപടികളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങളാണ് മാഗസീനിൽ ഉണ്ടായിരുന്നത്.
ഹമാസ് കമാൻഡർമാരായ വിസം ഫർഹത്, അയ്മാൻ നോഫൽ എന്നിവരെ ലക്ഷ്യം വച്ചുള്ള ഇസ്രയേലിന്റെ വ്യോമാക്രമണങ്ങൾ വൻ നഷ്ടങ്ങളാണ് വരുത്തിവെച്ചത്. ഇരുന്നൂറോളം ആളുകളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രയേലിൻ്റെ സൈനിക തന്ത്രങ്ങളെക്കുറിച്ചും മനുഷ്യജീവൻ ഇല്ലാതാക്കാനുള്ള യുദ്ധ കൊതിയെക്കുറിച്ചും മാഗസിനിൽ വ്യക്തമാണ്.

ഇസ്രയേൽ സൈന്യത്തിൻ്റെ സൈനികേതര ലക്ഷ്യങ്ങളും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗവും റിപ്പോർട്ടിൽ എടുത്ത് പറയുന്നുണ്ട്. പക്ഷെ മറ്റൊരിടത്തും ഇസ്രയേലിന്റെ ഈ ക്രൂര കൃത്യങ്ങളെക്കുറിച്ച് വ്യക്തമാക്കി കാണുന്നില്ല. ഇത്രയും ഉയർന്ന മരണ നിരക്കുകൾ ഇസ്രയേൽ അക്രമണങ്ങളിൽ നേരത്തയുണ്ടായിട്ടില്ലെന്ന് പറയുന്നത് തെറ്റാണ്. ശരിക്കും, ഇസ്രയേൽ പ്രതിരോധ സേനയ്ക്ക് (IDF) കാര്യമായ ആക്രമണത്തിന്റെ ചരിത്രരേഖയുണ്ട്.
Also Read: യുക്രെയ്ന് വാരിക്കോരി കൊടുത്ത് ബൈഡൻ, അമേരിക്കൻ ജനത തെരുവിൽ
ജീവനുകൾ ഒരുപാട് ഇസ്രയേലിന്റെ ക്രൂരതയിൽ പൊലിഞ്ഞെങ്കിലും അതിലൊന്നും നെതന്യാഹുവിന് മനസ്സ്മടുക്കുന്നില്ലെന്ന് വേണം പറയാൻ. യുദ്ധത്തിൽ സാരമായ ക്ഷതം സംഭവിച്ച ഗാസയിലെ നിലവിലെ വെല്ലുവിളി കുറയുന്ന താപനിലയാണ്. അതിനിടയിൽ ബലപ്രയോഗത്തിലൂടെ അവിടെ നിന്നും പലസ്തീൻ പൗരൻമാരെ ഇസ്രയേൽ കുടിയൊഴിപ്പിക്കുന്നുണ്ട്. കൂടാതെ ഗാസയിലേക്കുള്ള സഹായങ്ങളെല്ലാം തടസ്സപ്പെടുത്തുന്നതും ഇസ്രയേൽ തുടരുകയാണെന്ന് ഐക്യരാഷ്ട്രസഭ കുറ്റപ്പെടുത്തി. ഗാസയിലുടനീളമുള്ള “ആളുകളുടെ അതിജീവനത്തിനുള്ള മാർഗങ്ങൾ” ഇസ്രയേൽ തകർക്കുന്നത് തുടരുകയാണെന്നും ഗാസയിലേക്കുള്ള മാനുഷിക പ്രവേശനത്തെ തടസ്സപ്പെടുത്തുന്നുവെന്നും യുഎന്നിൻ്റെ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (OCHA) ജോയിൻ്റ് യൂണിറ്റ് ഏജൻസി അറിയിച്ചു.
കമാൽ അദ്‌വാൻ ഹോസ്പിറ്റലിൽ നിന്ന് പലായനം ചെയ്യാനും പ്രവർത്തനരഹിതമായ ഇന്തോനേഷ്യൻ ഹോസ്പിറ്റലിൽ അഭയം പ്രാപിക്കാനും നിർബന്ധിതരായ രോഗികൾക്ക് ഭക്ഷണം, വെള്ളം, അടിസ്ഥാന ആരോഗ്യ സംവിധാനങ്ങൾ എന്നിവ എത്തിക്കാനുള്ള യുഎൻ ഏജൻസികളുടെ ശ്രമത്തെ പലതവണയാണ് ഇസ്രയേൽ തടസ്സപ്പെടുത്തിയത്. ഗാസയിലെ ശീതകാല സാഹചര്യങ്ങൾ ഗാസ മുനമ്പിലുടനീളമുള്ള പലസ്തീനുകാരുടെ സ്ഥിതി കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്.

പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ഗാസയിലെ മലിനജല പമ്പിംഗ് സ്റ്റേഷനിൽ ഇസ്രയേൽ നടത്തിയ ബോബിംങ്ങ് തെരുവുകളിൽ മലിനജലത്തിൻ്റെ അളവ് ഉയരാൻ കാരണമായി. യുദ്ധത്താൽ തകർന്ന പ്രദേശങ്ങളിൽ താപനില കുറയുന്നതും ഒരു പ്രധാന പ്രശ്നമാണ്. ഇതുവരെ, ആറ് കുട്ടികളും, ഒരു മുതിർന്നയാളും താൽക്കാലിക ടെൻ്റുകളിൽ ഹൈപ്പോതെർമിയ ബാധിച്ച് മരിച്ചുവെന്ന് മെഡിക്കൽ സ്രോതസ്സുകൾ പറയുന്നു. വടക്കൻ ഗാസയിൽ മാസങ്ങൾ നീണ്ട ഇസ്രയേൽ ഉപരോധം പലർക്കും മാനുഷിക സഹായവും വൈദ്യസഹായവും നിഷേധിക്കുകയും അവിടെയുള്ള സാധാരണ ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുകയും ചെയ്തു. പലസ്തീന്റെ മൂന്നിലൊന്ന് പ്രദേശത്തെ ജനവാസം ഇല്ലാതാക്കുകയാണ് ഇസ്രയേൽ ലക്ഷ്യം. നിലവിൽ വടക്കൻ ഗാസയിലെ ബെയ്ത്ത് ഹനൂനിൽ നിന്ന് പുറത്തുപോകാൻ ശേഷിക്കുന്ന എല്ലാ സിവിലിയൻമാർക്കും മുന്നറിയിപ്പ് നൽകി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ഇസ്രയേൽ.
ഹമാസ് പോരാളികൾ സംഘടിച്ച് തങ്ങൾക്കെതിരെ തിരിയാതിരിക്കാനുള്ള എല്ലാ മാർഗങ്ങളും ഇസ്രയേൽ നോക്കുന്നുണ്ട്. പ്രദേശത്തെ ഒരു സൈനിക ബഫർ സോണായി കൂട്ടിച്ചേർക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഇസ്രയേൽ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഹമാസിൻ്റെ ഏരിയൽ ഡിഫൻസ് യൂണിറ്റിലെ അംഗങ്ങളെ ലക്ഷ്യം വെച്ച് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെല്ലാം തന്നെ പ്രതിരോധം ഭയന്നുള്ള കളികളാണ്. പക്ഷെ എത്രയൊക്കെ പ്രതിരോധമെന്ന് പറഞ്ഞാലും ചെയ്തുകൂട്ടുന്നത് ലോകമനസാക്ഷിയെ ഞെട്ടിക്കുന്ന പ്രവർത്തനങ്ങളാണ്. 2.3 ദശലക്ഷത്തോളം വരുന്ന ഗാസ മുനമ്പിലെ ഭൂരിഭാഗം ആളുകളും അതിജീവിക്കാൻ പാടുപെടുന്നവരാണ്.

Also Read: യുക്രെയ്നെ കൈയ്യൊഴിഞ്ഞ് നെതര്‍ലാന്‍ഡ്, പിടിമുറുക്കി റഷ്യ
ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെ കണക്കനുസരിച്ച് 2024 സെപ്തംബർ 23 ന്, ലെബനൻ 1990 ലെ ആഭ്യന്തരയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രഹരം കണ്ട ദിവസമാണ്. ഇസ്രയേൽ ആക്രമണത്തിൽ കുറഞ്ഞത് 558 പേർ കൊല്ലപ്പെടുകയും 1,800 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഖ്യകൾ സിവിലിയൻമാരിൽ സംഘർഷത്തിൻ്റെ വ്യപ്തി കൂട്ടാനിടയാക്കി. യുദ്ധത്തിന്റെ നിയമങ്ങളെല്ലാം ലംഘിച്ച് ഏതു വിധേനയും കരകയറുക എന്ന രീതിയാണിപ്പോൾ ഇസ്രയേൽ പിന്തുടരുന്നത്. അതിനായി ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായം തേടാനും ഇസ്രയേൽ മറന്നില്ല. ഇസ്രയേൽ സൈന്യം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനങ്ങൾ, പ്രത്യേകിച്ച് ലാവെൻഡർ സംവിധാനം യുദ്ധത്തിൽ ഉപയോഗിക്കുന്നുണ്ടെന്ന് +972 മാഗസിന്റെ ഒരു റിപ്പോർട്ടിൽ വ്യക്തമാണ്. എന്നാൽ ശരിയായ രീതിയിലല്ലാത്ത ഇതിന്റെ ഉപയോഗവും വൻ വിപത്താണ് വരുത്തിവെച്ചത്.
ഹമാസ് സിവിലിയൻമാരെ കണ്ടെത്തി ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും വ്യക്തികളെ തിരിച്ചറിയാൻ ഇതിൽ പിഴവുണ്ടായിരുന്നു. വിവരങ്ങളിൽ ഈ കൃത്യതയില്ലായ്മ തെറ്റായ ആളുകളെ ലക്ഷ്യം വെയ്ക്കുന്നതിലേക്കും കാര്യങ്ങൾ കൊണ്ടെത്തിച്ചിരുന്നു. ഇസ്രയേലിന്റെ സൈനിക പ്രവർത്തനങ്ങളിലെ ഈ AI യുടെ ഉപയോഗവും, ലാവെൻഡറിനേയും മറ്റ് AI സംവിധാനങ്ങളേയും ഇസ്രയേൽ സൈന്യം ആശ്രയിക്കുന്നതും ഇത്തരത്തിലുള്ള സാങ്കേതികവിദ്യകളുടെ ദുരുപയോഗം തടയുന്നതിനുള്ള ശക്തമായ നിയന്ത്രണങ്ങളുടെയും സുരക്ഷയുടെയും ആവശ്യകതയെ എടുത്ത് കാണിക്കുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.
Also Read: റഷ്യൻ സൈന്യം സിറിയ വിടരുതെന്ന് അല്‍-ഷാറ, മുൻപത്തേക്കാൾ കരുത്തരായി സിറിയയിൽ റഷ്യ
എത്രയൊക്കെ ഒളിപ്പിച്ച് വെച്ചാലും രാജ്യത്ത് മാത്രം പൂട്ടിവെയ്ക്കാൻ ശ്രമിച്ചാലും മറ നീക്കി ക്രൂരതകൾ പുറത്ത് വരില്ലെന്ന ഇസ്രയേലിന്റെ ആത്മവിശ്വാസത്തിന് കോട്ടം തട്ടുന്നതാണ് നിലവിൽ പുറത്ത് വരുന്ന ഈ റിപ്പോർട്ടുകളെല്ലാം തന്നെ. ഒപ്പം നിൽക്കാൻ വിരലിലെണ്ണാവുന്ന സഖ്യകക്ഷികൾ പോലും കൂടെയില്ലാത്ത ഇസ്രയേലിന് ഇനിയും അധിക ആത്മവിശ്വാസം വെച്ച് പുലർത്തുന്നത് നല്ലതല്ലെന്ന് തന്നെ പറയാം.