തത്സമയ അവതരണത്തിനിടെ ഇറാനിലെ വാര്‍ത്താ ചാനലില്‍ ഇസ്രയേല്‍ ആക്രമണം: വീഡിയോ

തെഹ്റാനിലെ പ്രധാന കെട്ടിടവും മറ്റ് ഓഫീസുകളും തകര്‍ന്നതായും നിരവധി ജീവനക്കാര്‍ക്ക് ഗുരുതര പരിക്കേറ്റതായും ഐആര്‍ഐബി വ്യക്തമാക്കി.

തത്സമയ അവതരണത്തിനിടെ ഇറാനിലെ വാര്‍ത്താ ചാനലില്‍ ഇസ്രയേല്‍ ആക്രമണം: വീഡിയോ
തത്സമയ അവതരണത്തിനിടെ ഇറാനിലെ വാര്‍ത്താ ചാനലില്‍ ഇസ്രയേല്‍ ആക്രമണം: വീഡിയോ

ടെഹ്‌റാന്‍: ഇറാനിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിന് നേരെ ഇസ്രയേല്‍ ആക്രമണം. തത്സമയ സംപ്രേഷണത്തിനിടെ ഐആര്‍ഐബി ചാനല്‍ ആസ്ഥാനത്തിന് നേരെയാണ് മിസൈലാക്രമണമുണ്ടായത്. വാര്‍ത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റില്‍ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ പൊടിപടലങ്ങള്‍ നിറയുന്നതും വ്യക്തമാണ്.

തെഹ്റാനിലെ പ്രധാന കെട്ടിടവും മറ്റ് ഓഫീസുകളും തകര്‍ന്നതായും നിരവധി ജീവനക്കാര്‍ക്ക് ഗുരുതര പരിക്കേറ്റതായും ഐആര്‍ഐബി വ്യക്തമാക്കി. ഇറാനിലെ ഏറ്റവും ജനപ്രീതിയുള്ള വാര്‍ത്ത അവതാരകയായ സഹാര്‍ ഇമാമി വാര്‍ത്ത അവതരിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായ ഉടനെ സഹാര്‍ ഇമാമി എഴുന്നേറ്റ് ഓടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അതേസമയം, ഐആര്‍ഐബി ചാനല്‍ സംപ്രേഷണം പുനരാരംഭിച്ചതായും വിവരമുണ്ട്. ഇനിയും ആക്രമിക്കൂവെന്ന് ചാനലിന്റെ റിപ്പോര്‍ട്ടര്‍ വെല്ലുവിളിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചു കൊണ്ടാണ് സംപ്രേഷണം തുടങ്ങിയത്. തെഹ്റാനിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നതായി ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചിട്ടുണ്ട്. ഇറാന്‍ തലസ്ഥാനത്ത് നിന്ന് ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തെഹ്റാനില്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

Share Email
Top