അല്‍ ഷിഫ ആശുപത്രിയില്‍ ഇസ്രായേല്‍ ആക്രമണം; 400ന് മുകളില്‍ ആളുകള്‍ കൊല്ലപ്പെട്ടതായി ഗസ്സയിലെ മീഡിയ ഓഫീസ്

അല്‍ ഷിഫ ആശുപത്രിയില്‍ ഇസ്രായേല്‍ ആക്രമണം; 400ന് മുകളില്‍ ആളുകള്‍ കൊല്ലപ്പെട്ടതായി ഗസ്സയിലെ മീഡിയ ഓഫീസ്

ല്‍ ഷിഫ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 400ന് മുകളില്‍ ആളുകള്‍ കൊല്ലപ്പെട്ടതായി ഗസ്സയിലെ മീഡിയ ഓഫീസ് അറിയിച്ചു. രോഗികള്‍, യുദ്ധത്തെ തുടര്‍ന്ന് കുടിയിറക്കപ്പെട്ടവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് കൊല്ലപ്പെട്ടത്. ഇത് കൂടാതെ സമീപത്തെ 1050ഓളം വീടുകള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ കുറ്റകൃത്യത്തോടുള്ള അന്താരാഷ്ട്ര നിശ്ശബ്ദതയെ തങ്ങള്‍ അപലപിക്കുകയാണെന്നും മീഡിയ ഓഫീസ് അറിയിച്ചു.

ഇസ്രായേല്‍ സൈന്യം നൂറുകണക്കിന് രോഗികളെയും കുടിയിറക്കപ്പെട്ട ആളുകളെയും മെഡിക്കല്‍ സ്റ്റാഫിനെയും അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തു. ഇസ്രായേല്‍ അധിനിവേശ സൈന്യം ഷിഫ മെഡിക്കല്‍ കോംപ്ലക്സിന് നേരെ നടത്തിയ ആക്രമണത്തെ ഒരിക്കല്‍ കൂടി ശക്തമായി അപലപിക്കുന്നു. ഇസ്രായേല്‍ സൈന്യത്തിന്റേത് യുദ്ധക്കുറ്റവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമാണ്.

എല്ലാ അന്താരാഷ്ട്ര സംഘടനകളോടും അറബ്, ഇസ്ലാമിക രാജ്യങ്ങളോടും സ്വതന്ത്ര ലോകത്തിലെ എല്ലാ രാജ്യങ്ങളോടും നിശബ്ദത വെടിഞ്ഞ് പുറത്തുവരാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു. ഈ അതിക്രമങ്ങളെ അപലപിക്കുകയും വംശഹത്യ യുദ്ധം തടയാനുള്ള പ്രായോഗിക നിലപാടുകളും യഥാര്‍ത്ഥ നടപടികളും സ്വീകരിക്കണമെന്നും മീഡിയ ഓഫീസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആശുപത്രിയിലെ സൈനിക നടപടിക്കിടയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യവും നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, ഇതിലധികവും ഹമാസിന്റെ ഉന്നത നേതാക്കളടക്കമുള്ളവരാണെന്നാണ് സൈന്യത്തിന്റെ ആരോപണം.

Top