യുക്രെയിനെ സഹായിച്ച് ഇസ്രയേൽ, മുന്നറിയിപ്പ് നൽകി റഷ്യ, ‘വിനാശ കാലേ വിപരീത ബുദ്ധി’

മിസൈൽ പ്രതിരോധ സംവിധാനങ്ങൾ യുക്രെയിന് കൈമാറിയ ഇസ്രയേൽ നടപടിയിൽ റഷ്യ കലിപ്പിൽ. ഈ നീക്കം വൻ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് റഷ്യ ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. റഷ്യ എതിരാളിയായി വരുന്നത് ഇസ്രയേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കും വെല്ലുവിളിയാകും.

യുക്രെയിനെ സഹായിച്ച് ഇസ്രയേൽ, മുന്നറിയിപ്പ് നൽകി റഷ്യ, ‘വിനാശ കാലേ വിപരീത ബുദ്ധി’
യുക്രെയിനെ സഹായിച്ച് ഇസ്രയേൽ, മുന്നറിയിപ്പ് നൽകി റഷ്യ, ‘വിനാശ കാലേ വിപരീത ബുദ്ധി’

ഷ്യയിലെ വ്യോമതാവളത്തിനു നേരെ യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനു ശേഷം വന്‍ ആക്രമണ പരമ്പരയാണിപ്പോള്‍ യുക്രെയ്‌നില്‍ അരങ്ങേറുന്നത്. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ ജൂണ്‍ 9 ന് നടന്ന റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്ന്‍ കത്തിപ്പടര്‍ന്ന് കൊണ്ടിരിക്കുന്ന കാഴ്ചകളാണ് ലോകത്ത് ദൃശ്യമാകുന്നത്. മൂന്ന് വര്‍ഷത്തെ യുദ്ധത്തിലെ ഏറ്റവും വലിയ രാത്രികാല ഡ്രോണ്‍ ബോംബാക്രമണമാണിത്. റഷ്യ യുക്രെയ്നിലേക്ക് ഏകദേശം 500 ഡ്രോണുകള്‍ വിക്ഷേപിച്ചുവെന്നാണ് യുക്രെനിയന്‍ വ്യോമസേന തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. 479 ഡ്രോണുകള്‍ക്ക് പുറമേ, ഞായറാഴ്ച മുതല്‍ തിങ്കളാഴ്ച വരെ യുക്രെയ്നിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ തരം മിസൈലുകളും റഷ്യ തൊടുത്തുവിട്ടതായാണ് യുക്രെയ്ന്‍ വിലപിക്കുന്നത്. പ്രധാനമായും, മധ്യ, പടിഞ്ഞാറന്‍ മേഖലകളെ ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങളൊക്കെയും നടന്നിരിക്കുന്നത്.

Also Read: യുഎന്നിന്റെ ആസ്ഥാനം റഷ്യന്‍ നഗരത്തിലേയ്ക്ക് മാറ്റണം: സെര്‍ജി ലാവ്‌റോവ്

ആഴ്ചകളായി ഏറ്റുമുട്ടല്‍ നടക്കുന്ന നിപ്രോപെട്രോവ്‌സ്‌ക് പ്രവിശ്യയിലെ തന്ത്രപ്രധാനമായ പ്രദേശം റഷ്യ പിടിച്ചെടുത്തതോടെ കിഴക്കന്‍ പ്രവിശ്യയായ ഡോണെറ്റ്‌സ്‌കില്‍ ചെറുത്തുനില്‍പ് തുടരുന്ന യുക്രെയ്ന്‍ സേന ശരിക്കും പത്മവ്യൂഹത്തില്‍പ്പെട്ട അവസ്ഥയിലാണുള്ളത്. യുക്രെയ്‌നിന്റെ നല്ലൊരു ഭാഗവും കൈവശപ്പെടുത്തിയ റഷ്യ പൂര്‍ണ്ണമായും യുക്രെയ്‌നിനെ പിടിച്ചെടുക്കുമെന്ന ഭയത്താല്‍ യുക്രെയ്ന്‍ സൈനികരും വലിയ ആശങ്കയിലാണുള്ളത്. അതേസമയം, റഷ്യയിലെ വ്യോമ താവളത്തിലേക്ക് വളരെ പ്ലാന്‍ ചെയ്ത് യുക്രെയ്ന്‍ നടത്തിയതായി വിലയിരുത്തപ്പെടുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ പോലും യുക്രെയ്‌നിനെതിരെ നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ പ്രയോഗിക്കാന്‍ റഷ്യ ഉപയോഗപ്പെടുത്തുന്നതായാണ്, ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

NATO

യുക്രെയ്‌നും നാറ്റോയും പ്ലാന്‍ ചെയ്ത ഈ ഡ്രോണ്‍ ആക്രമണത്തെ കുറിച്ച് മുന്‍കൂട്ടി വിവരം ലഭിച്ച റഷ്യ, തങ്ങളുടെ ആധുനിക യുദ്ധവിമാനങ്ങള്‍ ഈ വ്യോമ താവളങ്ങളില്‍ നിന്നും മാറ്റിയെന്നും പകരം, ഉപയോഗിക്കാന്‍ കൊള്ളാത്ത വിമാനങ്ങള്‍ ആക്രമിക്കപ്പെട്ട വ്യോമ താവളങ്ങളില്‍ സജ്ജീകരിക്കുകയാണ് ഉണ്ടായതെന്നുമാണ് സി.ഐ.എ സംശയിക്കുന്നത്. ഡ്രോണ്‍ ആക്രമണത്തില്‍, ആള്‍നാശം സംഭവിക്കാത്തതും ദുരൂഹത ഉയര്‍ത്തുന്നതാണ്. പാശ്ചാത്യ മാധ്യമങ്ങള്‍ക്കെല്ലാം ഇക്കാര്യം അറിയാമെങ്കിലും, കടുത്ത റഷ്യന്‍ വിരോധം മൂലം അവരും റഷ്യയെ ലോകത്തിന് മുന്നില്‍ ഇകഴ്ത്തി കാട്ടാനാണ് ഈ സംഭവത്തെയും ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷമുണ്ടായപ്പോള്‍, ‘പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ച് പ്രഹരിച്ചു’ എന്നതരത്തില്‍ കള്ളവാര്‍ത്തകള്‍ പടച്ചുവിട്ട അതേ പാശ്ചാത്യ മാധ്യമങ്ങള്‍ തന്നെയാണ് റഷ്യയെയും ഇപ്പോള്‍ ഇകഴ്ത്തി കാട്ടാന്‍ ശ്രമിച്ചിരിക്കുന്നത്. അതെന്തായാലും, ചൂണ്ടിക്കാട്ടാതിരിക്കാന്‍ കഴിയുകയില്ല. വാസ്തവം എന്തു തന്നെ ആയാലും യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ റഷ്യയെ എതിര്‍ക്കുന്ന ലോകരാജ്യങ്ങള്‍ക്ക് പോലും ന്യായീകരിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് ലോകത്തിന് മുന്നില്‍ റഷ്യക്കാണ് ശരിക്കും ഗുണം ചെയ്തിരിക്കുന്നത്. ഇനി എത്ര ശക്തമായ മിസൈലുകള്‍ യുക്രെയ്‌നിലേക്ക് റഷ്യ പ്രയോഗിച്ചാലും അത് ന്യായീകരിക്കപ്പെടുമെന്ന കാര്യവും ഉറപ്പാണ്. ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതും അതു തന്നെയാണ്.

Vladimir Putin

ലോകത്തില്‍ ഇന്നും ഏറ്റവും കൂടുതല്‍ ആണവായുധ ശേഖരമുളള രാജ്യമാണ് റഷ്യ എന്നതിനാല്‍ റഷ്യക്ക് എതിരെ ചുമ്മാ സ്റ്റേറ്റ് മെന്റ് ഇറക്കുക എന്നതിനപ്പുറം റഷ്യയെ ആക്രമിച്ചു കളയാം എന്നത് നാറ്റോ രാജ്യങ്ങളെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. യഥാര്‍ത്ഥത്തില്‍, നാറ്റോ രാജ്യങ്ങളെ ആക്രമിക്കുന്നതിനു മുന്‍പുള്ള ട്രയലാണ്, യുക്രെയ്‌നില്‍ റഷ്യ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. സംഘര്‍ഷം, മൂന്ന് വര്‍ഷം പിന്നിട്ടിട്ടും, ഇതുവരെ യുക്രെയ്‌നിന് നേരെ റഷ്യ യുദ്ധം പ്രഖ്യാപിക്കാത്തതും അതുകൊണ്ടാണ്. കാരണം, റഷ്യയുടെ യഥാര്‍ത്ഥ ശത്രു നാറ്റോയാണ്. റഷ്യക്ക് ഒറ്റ ബോംബില്‍ തീര്‍ക്കാന്‍ പറ്റുന്ന യുദ്ധം, നീട്ടിക്കൊണ്ടു പോകുന്നതിനു പിന്നില്‍, നാറ്റോ രാജ്യങ്ങളുടെ ആയുധ ശേഷി പരീക്ഷിക്കുക എന്ന തന്ത്രം കൂടിയുണ്ട്.

റഷ്യക്ക് നേരെ പ്രത്യക്ഷത്തില്‍ യുദ്ധം നടത്തുന്നത് യുക്രെയ്ന്‍ ആണെങ്കിലും അവര്‍ ഉപയോഗിക്കുന്നത് ഏറെയും നാറ്റോ രാജ്യങ്ങള്‍ നല്‍കിയ ആയുധങ്ങളും ടെക്‌നോളജിയുമാണ്. അതുകൊണ്ടു തന്നെ, ഇതിന്റെയെല്ലാം കരുത്ത് എത്രത്തോളമാണ് എന്നത് റഷ്യ ഇപ്പോള്‍ മനസ്സിലാക്കി കഴിഞ്ഞു. റഷ്യ ഇനി എന്താണ് ചെയ്യാന്‍ പോകുന്നത് എന്നത് വ്‌ളാഡിമിര്‍ പുടിനല്ലാതെ, ലോകത്തെ മറ്റൊരു ശക്തിക്കും അറിയാനും കഴിയുകയില്ല. ജര്‍മ്മനി ഇപ്പോള്‍ തന്നെ ബങ്കറുകള്‍ നിര്‍മ്മിച്ച് തുടങ്ങിയിട്ടുണ്ട്. ബ്രിട്ടനും പ്രതിരോധ സംവിധാനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. അതുപോലെ തന്നെ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും എങ്ങനെ റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കാം എന്ന ആശങ്കയിലാണുള്ളത്. അമേരിക്കയുടെ അലാസ്‌ക്ക, റഷ്യയുടെ തൊട്ടടുത്ത് കിടക്കുന്ന പ്രദേശമായതിനാല്‍, അമേരിക്കയെ സംബന്ധിച്ചും അതൊരു സുരക്ഷാ ഭീഷണി തന്നെയാണ്.

Volodymyr Zelenskyy

യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ഏത് നിമിഷവും കൊല്ലപ്പെടുമെന്നതാണ് നിലവിലെ അവസ്ഥ. നാറ്റോ നല്‍കിയ സുരക്ഷാ കവചത്തില്‍ ഇപ്പോഴും ബങ്കറില്‍ കഴിയുന്ന സെലെന്‍സ്‌കിയുടെ ജീവന് ഒരുറപ്പുമില്ലെന്നത് ഏറ്റവും ആദ്യം തിരിച്ചറിയുന്നതും അമേരിക്കയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഉത്തര കൊറിയ ആണവ മിസൈല്‍ അമേരിക്കയ്ക്ക് നേരെ തിരിച്ചു വച്ച നിമിഷം തന്നെ, പറന്ന് വന്ന് കിം ജോങ് ഉന്നുമായി സമാധാന ചര്‍ച്ച നടത്തിയ അതേ ട്രംപ് തന്നെയാണ്, ഇപ്പോള്‍ വീണ്ടും അമേരിക്കയില്‍ അധികാരത്തിലിരിക്കുന്നത്. കിമ്മിനെ ഭയക്കുന്ന ട്രംപ് പുടിനെ എത്രമാത്രം ഭയക്കേണ്ടി വരുമെന്നത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. നാറ്റോ നടത്തുന്ന ഇടപെടലുകളില്‍ അമേരിക്കയ്ക്ക് ബന്ധമില്ലെന്ന് ട്രംപിന് തുറന്ന് പറയേണ്ടി വന്നതും റഷ്യയെ ഭയന്നു തന്നെയാണ്.

അതേസമയം, ഒരു ഭാഗത്ത് യുക്രെയ്‌നിലെ സൈനിക നടപടികള്‍ക്ക് വേഗത കൂട്ടിയ റഷ്യ, മറുഭാഗത്ത് നാറ്റോ വിരുദ്ധ ചേരിയെ ശക്തമാക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. ഇറാനുമായി ശക്തമായ സഹകരണത്തിനാണ് റഷ്യ ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഉത്തര കൊറിയയില്‍ നിന്നും പതിവ് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങാനും പുടിന്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഇത് രണ്ടും മേഖലയിലെ സൈനിക നീക്കങ്ങള്‍ക്ക് വേഗത പകരും. ഇതിനിടെ, ഇറാന്റെ പ്രഖ്യാപിത ശത്രുവായ ഇസ്രയേലും ഇപ്പോള്‍ റഷ്യയുടെ ശത്രുപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇസ്രയേല്‍ ചെയ്ത ഒരു തെറ്റിന്, വലിയ വില നല്‍കേണ്ട അവസ്ഥയിലാണ് ആ രാജ്യമിപ്പോള്‍ ഉള്ളത്.

Donald Trump

അമേരിക്കന്‍ നിര്‍മ്മിത പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ഇസ്രയേല്‍ രഹസ്യമായി യുക്രെയ്നിന് കൈമാറിയതാണ്, റഷ്യയെ ചൊടിപ്പിച്ചിരിക്കുന്നത്. യുക്രെയ്‌നിലെ ഇസ്രയേല്‍ അംബാസഡര്‍ മിഖായേല്‍ ബ്രോഡ്സ്‌കിയാണ് റഷ്യയെ പ്രകോപിപ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മാനുഷിക സഹായം മാത്രമാണ് യുക്രെയ്‌നിന് നല്‍കുന്നതെന്ന ഇസ്രയേല്‍ വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. മൂന്നാം രാജ്യങ്ങള്‍ വഴി ഇസ്രയേല്‍ യുക്രെയ്‌നിലേക്ക് സൈനിക ഉപകരണങ്ങള്‍ അയയ്ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍, പരസ്യമായി ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്ത ‘ഒരു സെന്‍സിറ്റീവ് വിഷയം’ എന്നാണ് ബ്രോഡ്‌സ്‌കി ഇതിനെ വിശേഷിപ്പിച്ചിരുന്നത്. അയല്‍ രാജ്യമായ സിറിയയില്‍, നാവിക കേന്ദ്രവും വ്യോമതാവളവും നിലനിര്‍ത്തുന്ന റഷ്യയെ പ്രകോപിപ്പിക്കുമെന്ന ആശങ്കയും ഇറാനെ മുന്‍നിര്‍ത്തി തിരിച്ചടിക്കുമെന്ന ഭയവുമാണ് യുക്രെയ്‌ന് മാനുഷിക സഹായം മാത്രമാണ് നല്‍കുന്നതെന്ന്, ഇസ്രയേല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നത്.

Also Read: ‘സ്വീകാര്യമല്ല’: പ്രധാന ആവശ്യം തള്ളിക്കളഞ്ഞ ഇറാന്റെ എതിര്‍ നിര്‍ദ്ദേശത്തെക്കുറിച്ച് ട്രംപ്

യുക്രെയ്നുമായും റഷ്യയുമായും നല്ല ബന്ധം നിലനിര്‍ത്താന്‍ ഇസ്രയേല്‍ എന്നും ശ്രമിക്കുന്നുണ്ടെന്നും ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദങ്ങളാണ്, ഇസ്രയേല്‍ അംബാസഡര്‍ തന്നെ പൊളിച്ചു കളഞ്ഞിരിക്കുന്നത്. ജനുവരിയില്‍ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, അമേരിക്ക ഇസ്രയേലില്‍ നിന്നും ഏകദേശം 90 പാട്രിയറ്റ് മിസൈലുകള്‍ യുക്രെയ്‌നിലേക്ക് എത്തിച്ചിട്ടുണ്ട്. ഇസ്രയേലില്‍ മുമ്പ് സ്ഥാപിതമായിരുന്ന ഒരു പൂര്‍ണ്ണ പാട്രിയറ്റ് സിസ്റ്റം യുക്രെയ്‌ന് ലഭിക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടൈംസ് ഓഫ് ഇസ്രയേലിന്റെ റിപ്പോര്‍ട്ട് പ്രകാരം, 2024 ല്‍ എട്ട് സിസ്റ്റങ്ങള്‍, സ്വന്തം സേവനത്തില്‍ നിന്നും ഇസ്രയേല്‍ മാറ്റിയിട്ടുണ്ട്.

Benjamin Netanyahu

പാട്രിയറ്റ് മിസൈലുകള്‍, യുക്രെയ്‌നിലേക്ക് മാറ്റാനുള്ള ഇസ്രയേലിന്റെ ഏതൊരു തീരുമാനവും, വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് റഷ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത്തരം വിദേശ ആയുധകയറ്റുമതികള്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കുകയേഉള്ളൂവെന്നും റഷ്യയുടെ ലക്ഷ്യങ്ങള്‍ തടയാന്‍, ലോകത്തിലെ ഏതൊക്കെ ശക്തികള്‍ ഒന്നിച്ചാലും നടക്കില്ലെന്നുമാണ് റഷ്യ വെല്ലുവിളിച്ചിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ റഷ്യയുടെ ശത്രുപട്ടികയില്‍ ഇസ്രയേല്‍ കൂടി ഇടംപിടിച്ചത് പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെയും ഇനി കാര്യമായി സ്വാധീനിക്കും. ഗാസയില്‍ ഉള്‍പ്പെടെ, ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതികള്‍ക്ക് എതിരെ, സൈനികമായി ഇടപെടാന്‍, ഇറാനും റഷ്യയുടെ പുതിയ നിലപാട് ഏറെ സഹായകരമാകും.


Express View

വീഡിയോ കാണാം

Share Email
Top