ഗാസ: വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നിട്ടും ഇസ്രയേൽ അത് നിരന്തരം ലംഘിക്കുന്നത് ചൂണ്ടിക്കാട്ടി ഗാസയിലെ ബന്ദിമോചനം നിർത്തിവെച്ച് ഹമാസ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബന്ദിമോചനമുണ്ടാകില്ലെന്ന് ഹമാസ് അറിയിച്ചു. ഇതോടെ ശനിയാഴ്ച നടക്കാനിരുന്ന ബന്ദിമോചനവും പലസ്തീനി തടവുകാരുടെ കൈമാറ്റവും അനിശ്ചിതത്വത്തിലായി.
വെടിനിർത്തൽ ധാരണ ലംഘിച്ചും ഇസ്രയേൽ ഗാസയിൽ ആക്രമണം നടത്തുന്നുവെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. വടക്കൻ ഗാസയിലേക്ക് പലസ്തീനികൾ തിരികെയെത്തുന്നത് തടയാൻ ഇസ്രയേൽ ശ്രമിക്കുകയാണ്. പലസ്തീനികളെ തടയാനായി ഷെല്ലിങ്ങും വെടിവെപ്പും നടക്കുന്നു. ഗാസയിലേക്ക് മാനുഷിക സഹായമെത്തുന്നത് തടയാൻ ശ്രമിക്കുന്നുവെന്നും ഹമാസ് കുറ്റപ്പെടുത്തി.
തടവുകാരുടെ കൈമാറ്റം വൈകിപ്പിക്കുക, ഗാസയിലെ ആശുപത്രികൾക്കും മറ്റും വേണ്ട അടിയന്തര സഹായം തടയുക, വടക്കൻ ഗാസയിലേക്ക് മടങ്ങുന്ന പലസ്തീനികൾക്കു നേരെ ആക്രമണം നടത്തുക, രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾക്ക് വിഘാതം സൃഷ്ടിക്കുക എന്നിവ കരാർ ലംഘനമാണെന്ന് ഹമാസ് സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പറഞ്ഞു. ഇതേ തുടർന്ന് കരാർ പ്രകാരം ശനിയാഴ്ച നടക്കേണ്ട മൂന്ന് ബന്ദികളുടെ മോചനം നീട്ടിവെച്ചതായും അബൂ ഉബൈദ അറിയിച്ചു.
Also Read : ആത്മീയ വഴിയിൽ അമേരിക്കൻ പ്രസിഡന്റ്.. വൈറ്റ് ഹൗസില്‍ ‘ഫെയ്ത്ത് ഓഫീസ്’
നയിക്കുക വലിയ യുദ്ധത്തിലേക്കോ
ഹമാസിന്‍റെ നീക്കം വെടിനിർത്തൽ കരാറിന്‍റെ ലംഘനമാണെന്ന് ഇസ്രയേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാർട്സ് പറഞ്ഞു. സൈന്യത്തോട് സജ്ജരായിരിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച കരാർ പ്രകാരം ബന്ദികളെ കൈമാറിയില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും പ്രതിരോധ മന്ത്രി എടുത്തു പറഞ്ഞു.
ഹമാസിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ടെൽ അവീവിൽ ബന്ദികളുടെ കുടുംബാംഗങ്ങൾ ഒത്തുചേർന്നു. വെടിനിർത്തൽ ധാരണയിൽ നിന്ന് പിന്മാറരുതെന്ന് സർക്കാരിന് മേൽ സമ്മർദം ചെലുത്താനാണ് നീക്കം. ബന്ദികളുടെ മോചനം പ്രതിസന്ധിയിലാകുന്നത് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ടെൽ അവീവിൽ റാലി നടത്തി.