കടത്തിൻ്റെ മറവിൽ മോഷണം, പലസ്തീൻ ഫണ്ടുകൾ കൊള്ളയടിക്കാൻ ഇസ്രയേൽ

ഇടനാഴിയിലെ ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുക എന്ന ഹമാസിന്റെ ആവശ്യത്തോടുള്ള വിമുഖത ഇസ്രയേല്‍ ഇപ്പോഴും തുടരുകയാണ്. ഇടനാഴിയില്‍ നിയന്ത്രണം നിലനിര്‍ത്താന്‍ തന്നെയാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നത്. ഈ തന്ത്രപ്രധാന ഇടനാഴിയെക്കുറിച്ചുള്ള തര്‍ക്കമാണ് കഴിഞ്ഞ വര്‍ഷം നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ തന്നെ കാരണം

കടത്തിൻ്റെ മറവിൽ മോഷണം, പലസ്തീൻ ഫണ്ടുകൾ കൊള്ളയടിക്കാൻ ഇസ്രയേൽ
കടത്തിൻ്റെ മറവിൽ മോഷണം, പലസ്തീൻ ഫണ്ടുകൾ കൊള്ളയടിക്കാൻ ഇസ്രയേൽ

മിഡില്‍ ഈസ്റ്റില്‍ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ക്കിടയില്‍ സ്വന്തം വൈദ്യുതി കടം വീട്ടാന്‍ പലസ്തീന്‍ നികുതി വരുമാനം പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ ഭരണകൂടത്തിന്റെ തീരുമാനം വലിയ പ്രത്യാഘാതങ്ങള്‍ക്കാണ് വഴിവെക്കുന്നത്. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറുണ്ടാക്കി സമാധാനം കൊണ്ടുവരാനുള്ള ശ്രമം വിവിധ ഇടങ്ങളില്‍ നിന്ന് ഊര്‍ജ്ജിതമായി നടക്കുന്നതിനിടയില്‍ പ്രത്യേകിച്ചും. വെടിനിര്‍ത്തല്‍ കരാറും ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇസ്രയേല്‍ സുരക്ഷാ പ്രതിനിധി സംഘം ഞായറാഴ്ച ഖത്തറിലെത്തിയിരുന്നു. ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ തലവന്‍ ഉള്‍പ്പെടെയുള്ളവരാണ് ചര്‍ച്ചകള്‍ക്കായി ഖത്തറിലെത്തിയത്.

Also Read: അമേരിക്കയ്ക്ക് കൈത്താങ്ങായി കാനഡയുടെ ‘സൂപ്പര്‍ സ്‌കൂപ്പറുകള്‍’

കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും കൊണ്ടു വന്ന വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച ഇസ്രയേല്‍ തന്നെ ഇപ്പോള്‍ സമാധാന നടപടികള്‍ക്കായി മുന്നിട്ടിറങ്ങേണ്ടി വന്നു എന്നതാണ് ശ്രദ്ദേയമായ കാര്യം. ഇസ്രയേല്‍ പ്രതിനിധി സംഘം ഖത്തറുമായി ചര്‍ച്ച നടത്തുമ്പോള്‍ ബെഞ്ചമിന്‍ നെതന്യാഹുവും ബൈഡനുമായി നേരിട്ട് ചര്‍ച്ച നടത്തുകയായിരുന്നു. മധ്യസ്ഥ രാജ്യം എന്ന നിലയില്‍ ഖത്തറിന്റെ ഇടപെടലും ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ഫിലാഡല്‍ഫി ഇടനാഴിയെ സംബന്ധിച്ച് പലസ്തീനും ഇസ്രയേലും തമ്മില്‍ നടക്കുന്ന തര്‍ക്കമായിരുന്നു ചര്‍ച്ചകളില്‍ സുപ്രധാനം. ഇടനാഴിയിലെ ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുക എന്ന ഹമാസിന്റെ ആവശ്യത്തോടുള്ള വിമുഖത ഇസ്രയേല്‍ ഇപ്പോഴും തുടരുകയാണ്.

Benjamin Netanyahu

ഇടനാഴിയില്‍ നിയന്ത്രണം നിലനിര്‍ത്താന്‍ തന്നെയാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നത്. ഈ തന്ത്രപ്രധാന ഇടനാഴിയെക്കുറിച്ചുള്ള തര്‍ക്കമാണ് കഴിഞ്ഞ വര്‍ഷം നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ തന്നെ കാരണം. ഫിലാഡല്‍ഫി ഹമാസ് ആയുധങ്ങള്‍ കൊണ്ടു പോകുന്നതിന് ആശ്രയിക്കുന്ന പ്രധാന ഇടനാഴിയാണ്. ഇടനാഴിയിലെ പലസ്തീന്‍ സൈന്യത്തിന്റെ ഈ സാന്നിധ്യമാണ് ഇസ്രയേലിന്റെ ഉറക്കം കെടുത്തുന്നത്. ഹമാസിന്റെ കൈവശമുള്ള എല്ലാ ബന്ധികളെയും വിട്ടയക്കുക എന്നതാണ് ഇസ്രയേലിന്റെ മറ്റൊരു ആവശ്യം. വെടി നിര്‍ത്തല്‍ കരാറിനായി അമേരിക്കയില്‍ നിന്നുള്‍പ്പെടെ സമ്മര്‍ദം ഉള്ളതിനാല്‍ എടുക്കുന്ന ഏതൊരു തീരുമാനവും അവര്‍ക്ക് തന്നെ തിരിച്ചടിയാകാതെ നോക്കണമെന്ന ധര്‍മ്മ സങ്കടത്തിലാണ് ബെഞ്ചമിന്‍ നെതന്യാഹുവും.

ഇസ്രയേലിനകത്തു നിന്ന് തന്നെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഖത്തറുമായി ചര്‍ച്ചകള്‍ ഒരു വശത്ത് നടക്കുമ്പോള്‍, അമേരിക്കയുടെ സഹായത്തിനായുള്ള പരക്കം പാച്ചിലിലാണ് നെതന്യാഹു. ബൈഡന്റെ പ്രസിഡന്റ് പദവി കൊണ്ട് കഴിയാവുന്നത്ര നേട്ടം കൊയ്ത് അര്‍മാദിച്ച നെതന്യാഹുവിന് പക്ഷെ ട്രംപിന്റെ വരവില്‍ തന്റെ നിലനില്‍പ്പ് അല്‍പ്പം പരുങ്ങലിലാണെന്ന ബോധ്യം കൃത്യമായി തന്നെയുണ്ട്. അതുകൊണ്ട് തന്നെ ട്രംപ് പ്രസിഡന്റ് പദവിയിലെത്തുന്നതിന് മുന്‍പ് ഒരു സമവായം കൊണ്ട് വരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നെതന്യാഹുവിന്റെ ബൈഡനുമായുള്ള ഈ കൂടി കാഴ്ച തന്നെ.

Joe Biden

വെടി നിര്‍ത്തലുമായി ബന്ധപ്പെട്ട ഉത്തരവ് അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്നാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെ.ഡി.വാന്‍സും അറിയിച്ചിരിക്കുന്നത്. പലസ്തീനെ അക്രമിക്കാന്‍ ഇസ്രയേലിന് പൂര്‍ണ പിന്തുണ നല്‍കുന്ന ട്രംപും അധികാരത്തില്‍ വന്നയുടന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ച് സമാധാനം കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ ട്രംപ് തന്നെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഹമാസിന് നേരെ ഭീഷണി ഉയര്‍ത്തിയതും. വെടി നിര്‍ത്തല്‍ കരാറിനുള്ള ചര്‍ച്ചകള്‍ക്ക് ഓടി നടക്കുന്നതിനിടയിലും ഗാസയ്ക്ക് മേല്‍ തീ മഴ പെയ്യിക്കാന്‍ ഇസ്രയേല്‍ മറന്നിട്ടില്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഗാസയില്‍ അധിനിവേശ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 70 ഓളം കുട്ടികളാണ് കൊല്ലപ്പെട്ടത്. 464 ദിവസമായി ഗാസയില്‍ ഐ.ഡി.എഫ് നടത്തുന്ന നരനായാട്ടിനിടെയുള്ള പ്രത്യാക്രമണത്തില്‍ 402 ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ക്കിടയിലും തങ്ങളുടെ വൈദ്യുത കടം തീര്‍ക്കാന്‍ ഇസ്രയേല്‍ പലസ്തീനിലെ നികുതി വരുമാനത്തില്‍ കൈയ്യിട്ടു വരുകയാണ് ചെയ്യുന്നതെന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. ഇസ്രയേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വൈദ്യുത കമ്പനിയുടെ 544 ബില്യണിന്റെ കടം തീര്‍ക്കാനാണ് പലസ്തീനിന്റെ നികുതി വരുമാനം ഉപയോഗിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചിരിക്കുന്നത്. പലസ്തീന്‍ അതോറിറ്റി വഴി തുക പിരിച്ചെടുക്കാനാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നത്.

Donald Trump

വെസ്റ്റ് ബാങ്കിലെ തങ്ങളുടെ അധിനിവേശ പ്രദേശത്തിലൂടെ കടന്നു പോകുന്ന ചരക്കു വാഹനങ്ങളില്‍ നിന്ന് പലസ്തീന്‍ അതോറിറ്റി വഴി നികുതി ഈടാക്കാനുള്ള ഇസ്രയേലിന്റെ പ്രകോപനപരമായ തീരുമാനം പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴി വെയ്ക്കും എന്നതില്‍ സംശയമില്ല. പലസ്തീന്‍ അതോറിറ്റിക്ക് മേല്‍ ഇതാദ്യമായല്ല ഇസ്രയേല്‍ സാമ്പത്തിക സമ്മര്‍ദ്ദം കൊണ്ടു വരുന്നത്. വിദേശ ഫണ്ടുകളെ കൂടുതലായി ആശ്രയിക്കുന്ന പലസ്തീന്‍ അതോറിറ്റിയുടെ ഫണ്ടുകള്‍ ഇസ്രയേല്‍ നേരത്തെ മരവിപ്പിച്ചിരുന്നു. അതിലൊരു രാഷ്ട്രമാണ് നോര്‍വീജിയ. 2023 ല്‍ ഗാസയുമായി യുദ്ധം തുടങ്ങിയത് മുതല്‍ യുദ്ധത്തിന്റ ചെലവുകള്‍ക്കായി 800 മില്യണ്‍ ഷെക്കല്‍ പലസ്തീന്‍ അതോറിറ്റി മാറ്റി വച്ചിരുന്നു. 2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ ഇസ്രയേലിനെതിരായ ആക്രമണത്തിന് ശേഷം, ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച് ഇസ്രയേല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഹമാസിനെ പിന്തുണച്ചു എന്നാരോപിച്ച് ഈ ഫണ്ട് തടഞ്ഞുവച്ചു.

തടഞ്ഞു വെച്ച ഫണ്ടുകള്‍ ആദ്യം ഗാസയിലെ ഭരണച്ചെലവുകള്‍ക്ക് വേണ്ടി ഉപയോഗിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഏകദേശം 2.1 ബില്യണ്‍ ഷെക്കലുകള്‍ ഇസ്രയേല്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് പലസ്തീന്‍ ധനകാര്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇസ്രയേല്‍ ഇലക്ട്രിക് കോര്‍പ്പറേഷനിലേക്ക് (ഐഇസി)ഏകദേശം 2 ബില്യണ്‍ ഷെക്കല്‍ (544 ദശലക്ഷം ഡോളര്‍) കടം വീട്ടാന്‍ ഉപയോഗിക്കാന്‍ സ്‌മോട്രിച്ച് തീരുമാനിച്ചിരിക്കുകയാണ്. ഈ നീക്കം ഗാസയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. പൊതു മേഖലയിലെ വേതനം നല്‍കുന്നതിന് പലസ്തീന്‍ അതോറിറ്റി ഇപ്പോള്‍ പാടുപെടുകയാണ്. ഇസ്രയേല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുളള പിഴയായി തങ്ങളുടെ നടപടിയെ കണ്ടാല്‍ മതിയെന്നാണ് സ്‌മോട്രിച്ചിന്റെ ന്യായീകരണം. ഐ.ഇ.സിയുടെ വൈദ്യുതി കുടിശ്ശിക പലിശയും കൂട്ടു പലിശയുമായി വര്‍ധിച്ചപ്പോള്‍ ആ ഭാരം ഇസ്രയേലി പൗരന്‍മാരെ സമ്മര്‍ദത്തിലാക്കി എന്നാണ് സ്‌മോട്രിച്ച് പറയുന്നത്.

Also Read: അഭയാർഥികൾ കഴിയുന്ന സ്‌കൂളിൽ വീണ്ടും ബോംബാക്രമണം നടത്തി ഇസ്രയേൽ

കരാറിന്റെ ഭാഗമായി, നോര്‍വീജിയയുടെ കൈവശമുള്ള ഫണ്ടില്‍ നിന്ന് 767 ദശലക്ഷം ഷെക്കല്‍ വരും മാസങ്ങളില്‍ ഇസ്രയേലി ഇന്ധന കമ്പനികള്‍ക്ക് അവരുടെ പ്രതിവാര ഇന്ധന വാങ്ങലുകള്‍ക്ക് നല്‍കുന്നതിന് അനുവദിക്കുമെന്നും സ്‌മോട്രിച്ച് അറിയിച്ചിരിക്കുകയാണ്. കൂടാതെ, ഇസ്രയേല്‍ ഇലക്ട്രിക് കോര്‍പ്പറേഷന് (ഐഇസി) പലസ്തീനിയന്‍ വിതരണ കമ്പനികള്‍ നല്‍കാനുള്ള വൈദ്യുതിയുമായി ബന്ധപ്പെട്ട കുടിശ്ശിക തീര്‍ക്കാന്‍ സമാനമായ തുക ഉപയോഗിക്കും. നിലവിലെ സമാധാന നീക്കങ്ങള്‍ക്ക് മേല്‍ അശാന്തിയുടെ മണ്ണ് വാരിയിടുകയാണ് ഇസ്രയേലിന്റെ പുതിയ നീക്കം എന്നതില്‍ സംശയമില്ല.

വീഡിയോ കാണാം….

Share Email
Top