ജറുസലം: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ജീവനോടെ തുടരാന്‍ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ടെല്‍ അവീവിനടുത്തുള്ള ആശുപത്രിയില്‍ ഇറാന്റെ മിസൈല്‍ പതിച്ചതിന് പിന്നാലെയായിരുന്നു ഇസ്രയേല്‍ കാറ്റ്‌സിന്റെ പ്രതികരണം. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് ഖമേനിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read: ഇറാന്റെ ആദ്യത്തെ പരമോന്നത നേതാവിന്റെ പൂര്‍വ്വികര്‍ ഇന്ത്യന്‍ വംശജര്‍
”ഭീരുവായ ഇറാനിയന്‍ സ്വേച്ഛാധിപതി ബങ്കറില്‍ ഇരുന്ന് ഇസ്രയേലിലെ ആശുപത്രികളിലേക്കും ജനങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങളിലേക്കും മിസൈലുകള്‍ അയയ്ക്കുകയാണ്. ഇത് ഗുരുതരമായ യുദ്ധക്കുറ്റമാണ്. ഖമേനി തന്റെ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും” കാറ്റ്‌സ് എക്‌സില്‍ കുറിച്ചു. ഇറാനിയന്‍ നേതാവിനെ ഇല്ലാതാക്കാന്‍ ഇസ്രയേല്‍ പ്രതിരോധ സേന തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇസ്രയേലിനു നേരെയുള്ള ഭീഷണികള്‍ ഇല്ലാതാക്കാന്‍ ഇറാനിലെ ആക്രമണങ്ങളുടെ തീവ്രത വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയും താനും സൈന്യത്തിനു നിര്‍ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.