ഇസ്രയേൽ-ലെബനൻ വെടിനിർത്തലിനായി ശക്തമായ ഇടപെടൽ നടത്താൻ അമേരിക്കയെയും ഫ്രാൻസിനെയും പ്രേരിപ്പിച്ചത് റഷ്യ ഉയർത്തുന്ന പുതിയ ഭീഷണിയുടെ പശ്ചാത്തലത്തിലാണ്. ഹിസ്ബുള്ള ലെബനനിൽ നിന്നും അയച്ച മിസൈലുകൾ ഇസ്രയേലിൽ ലക്ഷ്യം കണ്ട് തുടങ്ങിയതോടെ ഇസ്രയേലിനും വിട്ടുവീഴ്ചക്ക് തയ്യാറാകേണ്ട സാഹചര്യമാണ് ഉണ്ടായത്.
റഷ്യ, നാറ്റോ സഖ്യ രാജ്യങ്ങളെയും യൂറോപ്യൻ രാജ്യങ്ങളെയും ആക്രമിക്കുമെന്ന ആശങ്ക ഇസ്രയേലുമായി പങ്കുവച്ച അമേരിക്ക അത്തരമൊരു സാഹചര്യം വന്നാൽ അത് മുതലെടുത്ത് ഇറാനും ഹിസ്ബുള്ളയും ഹൂതികളും സംയുക്തമായി തന്നെ ഇസ്രയേലിനെ ആക്രമിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതും ഇസ്രയേലിൻ്റെ തീരുമാനത്തെ സ്വാധീനിച്ച ഘടകമാണ്.
Also Read: ഇറാനിൽ റഷ്യൻ സൈനിക താവളം വരുന്നു, നാറ്റോ ഭീഷണി മറികടക്കാൻ പുടിൻ്റെ പൂഴിക്കടകൻ
റഷ്യ പുതിയ പോർമുഖം തുറന്നാൽ, പഴയതു പോലെ ഇസ്രയേലിലേക്ക് ആയുധങ്ങൾ നൽകാൻ കഴിയില്ലെന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല, ഇസ്രയേലിൻ്റെ സുരക്ഷയ്ക്കായി വിന്യസിക്കപ്പെട്ട അമേരിക്കൻ പടകപ്പലുകൾക്ക് മറ്റ് സഖ്യകക്ഷികളുടെ സുരക്ഷ കൂടി നോക്കേണ്ട സാഹചര്യമുണ്ടെന്നും അമേരിക്കൻ പ്രസിഡൻ്റ് ജോബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് നെതന്യാഹുവിൻ്റെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിപ്പോയത്.
ബുധനാഴ്ച പ്രാദേശിക സമയം രാവിലെ നാലുമണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നാണ് അമേരിക്കൻ പ്രസിഡൻ്റ് ജോബൈഡൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ലെബനൻ്റെ താൽക്കാലിക പ്രധാനമന്ത്രി നജീബ് മിക്കാറ്റിയുമായും ഇതുസംബന്ധമായി സംസാരിച്ചതായും ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: ‘റഷ്യയാണ് വലുത്, റഷ്യയെ ഭയക്കണം’ തുറന്നു പറഞ്ഞ് മെർക്കൽ, വ്യാപകമായി ബങ്കറുകൾ നിർമ്മിച്ച് ജർമ്മനി
ബൈഡൻ്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ലെബനീസ് തലസ്ഥാനം ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 24 പേരാണ് കൊല്ലപ്പെട്ടത്. വെടിനിർത്തൽ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നിന്നു തന്നെ അവർ വെടിനിർത്തലിന് നിർബന്ധിക്കപ്പെടുകയായിരുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയാണ് ലഭിക്കുന്നത്.
അതേസമയം വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേൽ നടത്തിയ ആക്രമണം വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഹിസ്ബുള്ള വെടിനിർത്തൽ ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വരാനിരിക്കുന്ന തിരിച്ചടി ഏത് രൂപത്തിലാണെന്നത് കണ്ട് തന്നെ അറിയേണ്ടി വരും. ഇറാനും അറബ് രാജ്യങ്ങളും ഇതുവരെ വെടിനിർത്തൽ നടപടികളോട് പ്രതികരിക്കാത്ത പശ്ചാത്തലത്തിൽ ഇതു സംബന്ധമായ ആശങ്കകളും ശക്തമാണ്.
Also Read: ബ്രിട്ടീഷ് സൈനികനെ പിടികൂടി റഷ്യ, ആക്രമിക്കാൻ മതിയായ കാരണങ്ങളായെന്നും വിലയിരുത്തൽ
ഹിസ്ബുള്ളയുമായുള്ള വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയിരുന്നത്. അമേരിക്കയും ഫ്രാൻസും മുൻകൈ എടുത്താണ് വെടിനിർത്തൽ കരാറിന് രൂപം നൽകിയത്. നിലവിലെ വെടിനിർത്തൽ കരാർ പ്രകാരം ഹിസ്ബുളള ലിറ്റാനി നദിയുടെ വടക്ക് ഭാഗത്തേക്ക് പിൻമാറണമെന്നതാണ് വ്യവസ്ഥ. ലെബനൻ അതിർത്തിയിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറണമെന്നും ധാരണയുണ്ട്. ഈ മേഖലയിൽ ഇസ്രയേൽ ആക്രമണത്തിൽ തകർന്ന പ്രദേശങ്ങൾ അമേരിക്ക തന്നെ പുനർനിർമ്മിക്കാമെന്നതാണ് ജോബൈഡൻ നൽകിയിരിക്കുന്ന മറ്റൊരു ഉറപ്പ്.
ലെബനൻ സൈന്യം ഇസ്രയേലുമായുള്ള അതിർത്തിക്കടുത്തുള്ള പ്രദേശത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുന്ന മുറയ്ക്ക് 60 ദിവസത്തിനുള്ളിൽ ഇസ്രയേൽ ഇവിടെ നിന്നും സൈന്യത്തെ പിൻവലിക്കും. ഹിസ്ബുള്ള ഈ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നില്ലെന്ന് ഉറപ്പാക്കി കൊണ്ടായിരിക്കും പിൻമാറ്റമെന്നാണ് ബൈഡൻ വ്യക്തമാക്കിയിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ എക്സ് പ്ലാറ്റ്ഫോമിലൂടെയും വെടിനിർത്തൽ കരാർ പങ്കുവെച്ചിട്ടുണ്ട്. അമേരിക്കയുടെ സഹകരണത്തോടെ ഇസ്രയേലി ലെബനീസ് അധികാരികളുമായി നിരവധി മാസങ്ങളായി നടത്തിയ ചർച്ചകളുടെ പരിസമാപ്തിയാണ് ഇത് എന്നായിരുന്നു മാക്രോൺ എക്സിൽ കുറിച്ചിരിക്കുന്നത്.
Also Read: ഇസ്രയേല്‍- ഹിസ്ബുള്ള വെടി നിര്‍ത്തല്‍ കരാര്‍ ഇരുപക്ഷവും അംഗീകരിച്ചു
ലെബനൻ സർക്കാരുമായി ഇസ്രയേൽ ഉണ്ടാക്കിയ കരാർ ലെബനനിലെ സായുധ വിഭാഗമായ ഹിസ്ബുള്ള എത്രമാത്രം അംഗീകരിക്കും എന്നതാണ് ലോകം ഇപ്പോൾ ഉറ്റു നോക്കുന്നത്. പൂർണ്ണമായും ഇറാൻ നിയന്ത്രണത്തിലുള്ള ഹിസ്ബുള്ളയും ഹൂതികളും ഇറാനിൽ നിന്നും വരുന്ന നിർദ്ദേശങ്ങൾ പാലിച്ചാണ് മുന്നോട്ട് പോകുക. അതുകൊണ്ടു തന്നെ ഒരു സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല.
പേജർ – വോക്കി ടോക്കി സ്ഫോടനത്തിലൂടെ ഇസ്രയേൽ സൈന്യം താറുമാറാക്കിയ ഹിസ്ബുള്ളയുടെ നെറ്റ് വർക്ക് സംവിധാനങ്ങളും ആയുധ സംഭരണവും പഴയരൂപത്തിലാക്കി കരുത്ത് കൂട്ടാൻ വെടിനിർത്തൽ കാലയളവ് ഹിസ്ബുള്ള ഉപയോഗിക്കുമെന്ന സംശയം മൊസാദിനുമുണ്ട്. വെടിനിർത്തലിനെതിരെ ഇസ്രയേലിനുള്ളിലും പ്രതിഷേധം വ്യാപകമാണ്. ലെബനന് എതിരായ സൈനിക നടപടി ലക്ഷ്യം പൂർണ്ണമായും കാണാതെ അവസാനിപ്പിക്കേണ്ടി വന്നതിൽ നെതന്യാഹു ഭരണകൂടമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
Also Read: കാലാവസ്ഥാ വ്യതിയാനം; പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ഇന്ത്യ
അതേസമയം, വെടിനിർത്തൽ സംബന്ധിച്ച് വ്യത്യസ്ത റിപ്പോർട്ടുകളാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിറയുന്നത്. റഷ്യയുമായും ഉത്തരകൊറിയയുമായും ചേർന്ന് ഇറാനും ഹിസ്ബുള്ളയും ഹൂതികളും പുതിയ നീക്കത്തിന് തുനിയുന്നതും ഇറാനിൽ ഉൾപ്പെടെ സൈനിക താവളങ്ങൾ തുറക്കാൻ റഷ്യ ആലോചിക്കുന്നതുമാണ് അമേരിക്കയെയും ഫ്രാൻസിനെയും സമ്മർദ്ദത്തിലാക്കിയതെന്നാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ റഷ്യയും ഉത്തര കൊറിയയും ഒരു സൈനിക സഖ്യമായാണ് മുന്നോട്ട് പോകുന്നത്.
ഈ സഖ്യത്തിൽ ഇറാനും അവരുടെ അനുകൂല ഗ്രൂപ്പുകളും കൂടി പങ്കാളിയായാൽ പശ്ചിമേഷ്യയിലും അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും അത് വലിയ വെല്ലുവിളിയാകും. നിലവിൽ റഷ്യയിൽ നിന്നും വലിയ രൂപത്തിലാണ് ഇറാനിലേക്ക് ആയുധങ്ങൾ ഒഴുകിയിരിക്കുന്നത്. ഇതിൽ വൻ സശീകരണ ശേഷിയുള്ള മിസൈലുകളും ഉൾപ്പെടുന്നതായാണ് അമേരിക്ക സംശയിക്കുന്നത്. റഷ്യൻ ആയുധങ്ങൾ ഹൂതികളുടെ കൈവശവും എത്തിയിട്ടുണ്ട്. ഇത് അമേരിക്കയുടെ വിമാനവാഹിനി കപ്പലുകൾക്ക് ഉൾപ്പെടെ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
റഷ്യയിലേക്ക് ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും, യുക്രെയ്ന് അനുമതി നൽകിയതിൽ വലിയ രോക്ഷത്തിലാണ് റഷ്യയുള്ളത്. ഇതേ തുടർന്ന് ആണവ നയം മാറ്റിയ റഷ്യ, യൂറോപ്യൻ രാജ്യങ്ങളെയും നാറ്റോ രാജ്യങ്ങളെയും ആക്രമിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കി കൊണ്ടിരിക്കുന്നത്. 42 നാറ്റോ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് മിസൈലുകളും റഷ്യ തയ്യാറാക്കി നിർത്തിയിട്ടുണ്ട്.
Also Read: യൂറോപ്പിലെ രാഷ്ട്രീയ എ.ഐ തന്ത്രം; തകരുന്നത് ജനങ്ങളുടെ വിശ്വാസം
ഇതാദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യുക്രെയ്നിലേക്ക് ആക്രമണം നടത്തിയ റഷ്യ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും കടുത്ത ഭാഷയിലാണ് മുന്നറിയിപ്പ് നൽകിയത്. ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് ആക്രമിക്കാനും ആണവ പോർമുനകൾ വഹിക്കാനും ശേഷിയുള്ള ദീർഘദൂര ആയുധമാണ് ഐസിബിഎം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകൾ. ഇവ ആണവ പോർമുനകൾ ഘടിപ്പിച്ച് ലക്ഷ്യം തകർക്കാൻ രൂപകൽപ്പന ചെയ്ത ആയുധമാണ്. ഇപ്പോൾ നടത്തിയത് റിഹേഴ്സൽ മാത്രമാണെന്നാണ് റഷ്യ പറയുന്നത്.
ഒരു ആണവ രാഷ്ട്രത്തിന്റെ പങ്കാളിത്തത്തോടെ ഒരു ആണവ ഇതര രാഷ്ട്രം നടത്തുന്ന ആക്രമണത്തെ സംയുക്ത ആക്രമണമായി കണക്കാക്കി തിരിച്ചടിക്കുമെന്നാണ് റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് ഇനി പ്രകോപനം ഉണ്ടായാൽ റഷ്യ ആണവായുധം തന്നെ പ്രയോഗിക്കുമെന്നത് വ്യക്തം. റഷ്യയുടെ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ, ജർമ്മനിയും ഇറ്റലിയും തങ്ങളുടെ ദീർഘദൂര മിസൈലുകൾ റഷ്യയ്ക്ക് എതിരെ ഉപയോഗിക്കരുതെന്ന നിർദ്ദേശം, യുക്രെയ്ന് നൽകിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളാകട്ടെ റഷ്യൻ ആക്രമണം ഭയന്ന് വ്യാപകമായി ബങ്കറുകൾ സ്ഥാപിക്കുന്ന തിരക്കിലാണ് നിലവിലുള്ളത്.
വീഡിയോ കാണാം…