ഇസ്രയേല്‍ എന്ന ജൂത രാഷ്ട്രത്തിന്, ഗാസയിലും ലെബനനിലും സിറിയയിലുമെല്ലാം ആക്രമണം നടത്താനും നാശം വിതക്കാനും കഴിഞ്ഞത് ഇസ്രയേലിനെ നശിപ്പിക്കാന്‍ കഴിയുന്ന ഒരു ശക്തി എതിരാളികള്‍ക്ക് ഇല്ല എന്ന ഉറപ്പിലാണ്. ഇറാനുമായി ചെറിയ രൂപത്തിലുള്ള സംഘര്‍ഷത്തിലേക്ക് പോയെങ്കിലും വലിയ രൂപത്തിലുള്ള ഏറ്റുമുട്ടലിനോ യുദ്ധ പ്രഖ്യാപനത്തിനോ ഇസ്രയേല്‍ പോയിരുന്നില്ല. ഇരു രാജ്യങ്ങളും പരസ്പരം മിസൈലുകള്‍ അയച്ച് തിരിച്ചടി നല്‍കിയിട്ടുണ്ടെങ്കിലും കാര്യമായ ഒരു നാശനഷ്ടവും ഈ ആക്രമണം മൂലം ഇസ്രയേലിനോ ഇറാനോ ഉണ്ടായിരുന്നില്ല. എന്നാല്‍, ഇനി ഈ ചിത്രം മാറും. ഇസ്രയേലിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്ന സംഘര്‍ഷത്തിനാണ് ആ രാജ്യം ഇപ്പോള്‍ വഴിമരുന്നിട്ടിരിക്കുന്നത്.
Also Read: റഷ്യയെ ശത്രുവാക്കി നടത്തിയത് നഷ്‍ടക്കച്ചവടം, ഭരണകൂടത്തിനെതിരെ ഫിൻലൻഡ് ജനം
യുക്രെയ്‌ന് ആയുധങ്ങള്‍ നല്‍കി സഹായിക്കുക വഴി, റഷ്യയുടെ കോപമാണ് ഇസ്രയേല്‍ ഇപ്പോള്‍ ചോദിച്ച് വാങ്ങുന്നത്. പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്കായുള്ള 90 ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ ഇസ്രയേലില്‍ നിന്ന് പോളണ്ടിലേക്ക് അയച്ചതായും അവിടെ നിന്ന് അത് യുക്രെയ്‌നിലേക്ക് കൈമാറുമെന്നും മൂന്ന് അജ്ഞാത ഉറവിടങ്ങളെ ഉദ്ധരിച്ച് ആക്സിയോസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റഷ്യന്‍ മാധ്യമങ്ങളും ഈ വാര്‍ത്ത പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. 2024 ഏപ്രിലില്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സില്‍ നിന്നും ഈ മിസൈലുകള്‍ യുക്രെയ്ന്‍ ആവശ്യപ്പെട്ടിരുന്നു. നിരവധി അമേരിക്കന്‍ എയര്‍ഫോഴ്‌സ് സി-17 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ വഴി യുക്രെയ്‌നിന് വിതരണം ചെയ്യുന്നതിനുള്ള മിസൈലുകള്‍ തെക്കന്‍ ഇസ്രയേലിലെ ഒരു എയര്‍ബേസില്‍ നിന്ന് നാറ്റോയുടെ ലോജിസ്റ്റിക്‌സ് ഹബ്ബായ പോളിഷ് നഗരമായ റസെസോവിലേക്ക് അയച്ചതായാണ് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാട്രിയറ്റ് മിസൈലുകള്‍ യുക്രെയ്‌നിലേക്ക് മാറ്റാനുള്ള ഇസ്രയേലിന്റെ തീരുമാനം ഇസ്രയേല്‍ റഷ്യയെ അറിയിച്ചതും തെറ്റിധരിപ്പിക്കുന്ന വിധമാണ്. യുക്രെയിനിലേക്ക് നേരിട്ട് ആയുധങ്ങള്‍ വിതരണം ചെയ്യുകയല്ല, പകരം അറ്റകുറ്റപ്പണികള്‍ക്കായി അമേരിക്കയിലേക്ക് പാട്രിയറ്റ് സിസ്റ്റം തിരികെ നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഒരു അജ്ഞാത ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്‌സിയോസ് തന്നെയാണ് ഇക്കാര്യവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഇസ്രയേലിലെ എമര്‍ജന്‍സി സ്റ്റോറില്‍ നിന്ന് യുക്രെയ്‌നിലേക്ക് പീരങ്കി ഷെല്ലുകള്‍ അമേരിക്ക കൈമാറ്റം ചെയ്തതിന് സമാനമാണ് ഈ നീക്കമെന്നാണ് ഉന്നത ഇസ്രയേലി ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
അതേസമയം അമേരിക്കയും, യൂറോപ്യന്‍ കമാന്‍ഡും ആക്‌സിയോസിന്റെ റിപ്പോര്‍ട്ടില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വിഷയത്തില്‍ റഷ്യയും ഇതുവരെ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇസ്രയേല്‍ നീക്കങ്ങള്‍ ഗൗരവമായി നിരീക്ഷിച്ചു വരികയാണ്. ഇസ്രയേലിന്റെ ഈ മനംമാറ്റം യാഥാര്‍ത്ഥ്യമാണെങ്കില്‍, അത് അവരുടെ അവസാനത്തിന്റെ ആരംഭമാകുമെന്നാണ് മുന്‍ റഷ്യന്‍ ജനറല്‍ ഉള്‍പ്പെടെ പ്രതികരിച്ചിരിക്കുന്നത്.

ആക്‌സിയോസ് പറയുന്നതനുസരിച്ച്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുക്രെയ്‌നിലെ വ്ളാഡിമിര്‍ സെലെന്‍സ്‌കിയില്‍ നിന്ന് ആഴ്ചകളോളം കോളുകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. കഴിഞ്ഞ സെപ്തംബര്‍ അവസാനത്തോടെ നെതന്യാഹുവിന് ഹസിദിക് തീര്‍ത്ഥാടകര്‍ക്ക് അവരുടെ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബ്രാറ്റ്സ്ലാവിലെ റെബ് നാച്ച്മാനെ അടക്കം ചെയ്തിരിക്കുന്ന യുക്രെയ്ന്‍ നഗരമായ ഉമാന്‍ സന്ദര്‍ശിക്കാന്‍ സെലെന്‍സ്‌കിയുടെ അനുമതി ആവശ്യമായി വന്നപ്പോഴാണ് കാര്യങ്ങള്‍ മാറിമറിഞ്ഞതത്രെ. നെതന്യാഹു ആയുധ കൈമാറ്റം അംഗീകരിക്കുന്നത് വരെ സെലെന്‍സ്‌കി അഭ്യര്‍ത്ഥന നിരസിച്ചതായും ഒരു യുക്രെനിയന്‍ ഉദ്യോഗസ്ഥന്‍ ആക്‌സിയോസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
പാട്രിയറ്റ് മിസൈലുകള്‍ അമേരിക്കയിലേക്ക് തിരികെയെത്തിയതായി നെതന്യാഹുവിന്റെ ഒരു വക്താവ് ആക്‌സിയോസിനോട് സമ്മതിച്ചിട്ടുമുണ്ട്, എന്നാല്‍ അത് യുക്രെയ്ന് കൈമാറിയിട്ടുണ്ടോ എന്ന് അറിയില്ലെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. പാട്രിയറ്റ് മിസൈലുകളും, ഉമാന്‍ തീര്‍ഥാടനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. 2022 ഫെബ്രുവരിയില്‍ റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം രൂക്ഷമായതിന് ശേഷം യുക്രെയ്നുള്ള ഏറ്റവും പ്രധാനപ്പെട്ട ഇസ്രയേല്‍ സംഭാവനയാണ് ഈ മിസൈല്‍ വിതരണമെന്നാണ്, അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുക്രെയ്‌ന് മാനുഷിക സഹായം മാത്രം നല്‍കണമെന്നാണ് ഇസ്രയേല്‍ തുടക്കം മുതല്‍ സ്വീകരിച്ചിരുന്ന നയം. ഈ നയം മാറ്റം പശ്ചിമേഷ്യയെയും വന്‍ സംഘര്‍ഷത്തിലേക്ക് നയിക്കും.

ഇസ്രയേലിന്റെ അത്യാധുനിക ആയുധങ്ങളുടെ വിതരണത്തെക്കുറിച്ച്, ഇറാന്‍, മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റഷ്യ നേരിട്ട് ഇസ്രയേലിന് എതിരെ രംഗത്ത് വരുന്ന സാഹചര്യം ഉണ്ടായാല്‍ അതോടെ ഇസ്രയേലിന്റെ കഥ കഴിയുമെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘വിനാശകാലേ വിപരീത ബുദ്ധി’ എന്നതരത്തിലാണ്, വിവിധ അറബ് രാജ്യങ്ങളിലെ മാധ്യമങ്ങൾ, ഈ ആയുധ കൈമാറ്റത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മുന്‍പ് ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷമുണ്ടായപ്പോഴും ഗാസയിലും ലെബനനിലും ഇസ്രയേല്‍ ആക്രമണം നടത്തിയപ്പോഴും ഈ ആക്രമണങ്ങളെ ശക്തമായി അപലപിച്ച റഷ്യ, പക്ഷേ സൈനികമായി ഇടപെട്ടിരുന്നില്ല. എന്നാല്‍, ഇസ്രയേലിന്റെ പുതിയ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇനി സൈനിക നടപടി സ്വീകരിക്കാനും റഷ്യക്ക് കഴിയും. മാത്രമല്ല, വന്‍ നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ ഇറാന് റഷ്യ നല്‍കുകയും ഈ ആയുധങ്ങള്‍ ഹിസ്ബുള്ളയ്ക്കും ഹൂതികള്‍ക്കും ഹമാസിനും ലഭിക്കുകയും ചെയ്താല്‍, അത് ഇസ്രയേലിന് മാത്രമല്ല, അമേരിക്കയ്ക്കും വന്‍ ഭീഷണിയാകും. പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ വലിയ സുരക്ഷാ ഭീഷണി നേരിടുന്ന അവസ്ഥയിലേക്ക് കൂടിയാണ് കാര്യങ്ങള്‍ ഇനി പോകുക.
Also Read: കുറ്റകൃത്യങ്ങൾ പെരുകുന്നു, ബ്രിട്ടൻ സാമ്പത്തിക മാന്ദ്യത്തിലേക്കോ?
യുക്രെയ്‌നെ ആയുധമണിയിക്കുന്നത് വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും യുക്രെയ്‌നിലേക്ക് അയച്ച ഏതൊരു ആയുധവും നശിപ്പിക്കപ്പെടുമെന്നും യു.എന്നിലെ റഷ്യയുടെ പ്രതിനിധി വാസിലി നെബെന്‍സിയ ഇതിനകം തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍, സിറിയയില്‍ നിന്നും ഇസ്രയേല്‍ കൈവശപ്പെടുത്തിയ ഗോലാന്‍ കുന്നുകളിലെ പ്രദേശം തിരിച്ചു പിടിക്കാന്‍ റഷ്യ ഇടപെടാനുള്ള സാധ്യതയും വര്‍ദ്ധിച്ചിരിക്കുകയാണ്. നിലവിലെ സിറിയന്‍ ഭരണകൂടം, റഷ്യന്‍ സൈന്യത്തോട് സിറിയ വിട്ട് പോകരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സിറിയയിലെ ആഭ്യന്തര കലാപം മുതലെടുത്ത് ഇസ്രയേല്‍ സൈന്യം സിറയയിലെ ഭൂമി പിടിച്ചെടുത്തതും, ആയുധ സംഭരണശാലകള്‍ തകര്‍ത്തതും വലിയ പ്രതിഷേധമാണ് സിറിയന്‍ ജനതയിലും ഭരണകൂടത്തിലും ഉണ്ടാക്കിയിരിക്കുന്നത്. ഈ അനുകൂല സാഹചര്യം റഷ്യന്‍ സൈന്യം ഉപയോഗപ്പെടുത്തിയാല്‍, പിടിച്ചെടുത്ത സ്ഥലം ഉപേക്ഷിച്ച് ഇസ്രയേല്‍ സൈന്യത്തിന് പലായനം ചെയ്യേണ്ടതായി വരും.

നിലവില്‍, യുക്രെയ്നില്‍ വന്‍ മുന്നേറ്റം നടത്തുന്ന റഷ്യന്‍ സൈന്യം, പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളും ഇതിനകം തന്നെ പിടിച്ചെടുത്തു കഴിഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ യുക്രെയ്നെ പൂര്‍ണ്ണമായും കീഴടക്കാന്‍ റഷ്യന്‍ സൈന്യത്തിന് കഴിയുമെന്നാണ് യുദ്ധ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. അമേരിക്കന്‍ ആയുധ സംഭരണി കാലി ആയി തുടങ്ങിയതോടെ ട്രംപ് ഇടപ്പെട്ട് ഇപ്പോള്‍ യുക്രെയ്നുള്ള ആയുധ വിതരണം നിര്‍ത്തി വയ്പ്പിച്ചിട്ടുണ്ട്. നാറ്റോ സഖ്യത്തിലും യൂറോപ്പ്യന്‍ യൂണിയനിലും യുക്രെയ്നെ ഇനിയും സഹായിക്കുന്ന കാര്യത്തില്‍ കടുത്ത ഭിന്നതയും ഉടലെടുത്തിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോള്‍ ജൂതനായ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുടെ വലയില്‍ വീണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ, റഷ്യയെ ശത്രുവാക്കുന്ന മണ്ടന്‍ തീരുമാനവും എടുത്തിരിക്കുന്നത്. ഗാസയിലും ലെബനനിലും സിറിയയിലും യെമനിലും വ്യാപക ആക്രമണം നടത്തി, കേമന്‍മാരാണെന്ന് അഹങ്കരിക്കുന്ന ഇസ്രയേലിന്റെ പതനത്തിന് തുടക്കം കുറിക്കുന്ന തീരുമാനമാണിത്. അതാകട്ടെ, വ്യക്തവുമാണ്.
Express View
വീഡിയോ കാണാം